വഡോദര: ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ വളരെ അഗ്രസീവായി തുടങ്ങിയ ശേഷം അതു വലിയ ഇന്നിങ്‌സാക്കി മാറ്റാനാവാതെ രോഹിത് ശര്‍മ പുറത്തായിരിക്കുകയാണ്. 26 റണ്‍സാണ് ഹിറ്റ്മാന് നേടാനായത്. 29 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറും രണ്ടു സിക്‌സറുകളുമടിക്കുകയു ചെയ്തു.
കുറേക്കൂടി ശ്രദ്ധയോടെ ബാറ്റ് വീശിയിരുന്നെങ്കില്‍ രോഹിത്തിന് ഇതു തീര്‍ച്ചയായും സെഞ്ച്വറിയോ, ഫിഫ്റ്റി പ്ലസ് സ്‌കോറേയാക്കി മാറ്റാന്‍ കഴിഞ്ഞേനെ. കിവികളുടെ ഉയരക്കാരനായ ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണിന്റെ പേരിലാണ് രോഹിത്തിന്റെ വിക്കറ്റ് കുറിക്കപ്പെട്ടതെങ്കിലും യഥാര്‍ഥ വില്ലന്‍ ക്യാപ്റ്റനും ബാറ്റിങ് പങ്കാളിയുമായ ശുഭ്മന്‍ ഗില്ലാണ്. ഇതു എങ്ങനെയെന്നറിയാം.

ഗില്ലിന്റെ കൊടുംചതി
301 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയത്. ഈ ടോട്ടല്‍ മറികടക്കാന്‍ രോഹിത് ശര്‍മ- നായകന്‍ ശുഭ്മന്‍ ഗില്‍ ഓപ്പണിങ് ജോടിയില്‍ നിന്നും നല്ലൊരു തുടക്കം ടീമിന് ആവശ്യമായിരുന്നു. കളിയില്‍ ആദ്യം സ്‌ട്രൈക്ക് നേരിട്ടത് രോഹിത്താണ്. കൈല്‍ ജാമിസണെറിഞ്ഞ ആദ്യ ഓവറിലെ അവസാന ബോളില്‍ ഫോറുമായി പോസിറ്റീവായാണ് അദ്ദേഹം തുടങ്ങിയത്.
പക്ഷെ മറുഭാഗത്തുണ്ടായിരുന്ന ഗില്‍ വളരെയധികം ഡിഫന്‍സീവായ ശൈലിയാണ് സ്വീകരിച്ചത്. ബോള്‍ നന്നായി ടൈം ചെയ്യാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല സ്‌ട്രൈക്ക് പോലും റൊട്ടേറ്റ് ചെയ്യാനാവാതെ പതറുകയും ചെയ്തു. ജാമിസണെറിഞ്ഞ ഇന്നിങ്‌സിലെ മൂന്നാം ഓവര്‍ നേരിട്ടത് ഗില്ലാണ്. ഈ ഓവര്‍ അദ്ദേഹം മെയ്ഡനാക്കുകയും ചെയ്തു.
തൊടുത്ത ഓവറിലെ ആദ്യ ബോളില്‍ രോഹിത് ഫോറടിച്ചതോടെയാണ് ഇന്ത്യയുടെ സമ്മര്‍ദ്ദം അല്‍പ്പം അയഞ്ഞത്. അഞ്ചാം ഓവറില്‍ ജാമിസണിനെതിരേ മനോഹരമായ ഒരു ഫോറടിക്കാന്‍ ഗില്ലാനായെങ്കിലും അതിനു ശേഷ സ്‌കോറിങില്‍ വീണ്ടും ബുദ്ധിമുട്ടി. പവര്‍പ്ലേ ആയിട്ടു പോലും പ്രതീക്ഷിച്ചതു പോലെ റണ്‍സ് വരാതിരുന്നതിന് പ്രധാന കാരണക്കാരന്‍ ഗില്ലാണ്. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 15 റണ്‍സാണ്.
ഗില്ലിന്റെ ഈ മെല്ലെപ്പോക്ക് കാരണം രോഹിത് കൂടുതല്‍ റിസ്‌കുകളെടുക്കാനും വലിയ ഷോട്ടുകള്‍ കളിക്കാനും നിര്‍ബന്ധിതനായി. ആറാം ഓവറില്‍ സകാരി ഫോക്‌സിനെതിരേ സിക്‌സറടിച്ച അദ്ദേഹം അടുത്ത ഓവറില്‍ ജാമിസണിനെതിരേ ഓരോ ഫോറും സിക്‌സറും പായിക്കുകയും ചെയ്തു. പക്ഷെ എട്ടാം ഓവറില്‍ വെറും രണ്ടു സിംഗിളാണ് ഗില്ലിന്റെ സംഭാവന.

ഇതോടെ സ്‌കോറിങിനു വേഗത കൂട്ടാന്‍ രോഹിത് വീണ്ടും നിര്‍ബന്ധിതനായി മാറി. ജാമിസണെറിഞ്ഞ ഒമ്പതാം ഓവറില്‍ അദ്ദേഹത്തിന്റെ പുറത്താവലിനു വഴിയൊരുക്കിയതും ഇതാണ്. നാലാമത്തെ ബോളിലാണ് രോഹിത് ഔട്ടാവുന്നത്.
കവറിനു മുകളിലൂടെ ഷോട്ട് കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ ബാറ്റില്‍ കണക്ടായില്ല. ടൈമിങ് പാളിയ ഷോട്ട് മിഡ് ഓഫില്‍ നേരെ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്ലിന്റെ കൈകളിലുമെത്തുകയായിരുന്നു.
രോഹിത് നിരാശനായി ക്രീസ് വിടുമ്പോള്‍ 23 ബോളില്‍ 10 റണ്‍സോടെ ടെസ്റ്റ് ശൈലിയിലുള്ള ഇന്നിങ്‌സുമായി ഗില്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്നു. അദ്ദേഹം കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയത് മികച്ച പിന്തുണ നല്‍കിയിരുന്നെങ്കില്‍ രോഹിത് ഈ തരത്തില്‍ റിസ്‌കി ഷോട്ട് കളിച്ച് പുറത്താവില്ലായിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഗില്ലിനെ എന്തുകൊണ്ട് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നത് ഈ കളിയിലെ പ്രകടനം ശരിവയ്ക്കുന്നു.