പൂനെ: ന്യൂസിലാന്‍ഡുമായുള്ള ഡു ഓര്‍ ഡൈ ടെസ്റ്റില്‍ ദുഷ്‌കരമായ വിജയലക്ഷ്യത്തിലേക്കു ആത്മവിശ്വാസത്തോടെ പോരാടുകയാണ് ടീം ഇന്ത്യ. 359 റണ്‍സെന്ന ഏറെ കടുപ്പമേറിയ ലക്ഷ്യമാണ് കിവികള്‍ ഇന്ത്യക്കു മുന്നില്‍ വച്ചിരിക്കുന്നത്. രണ്ടു ദിവസം കൂടി ടെസ്റ്റില്‍ ഇനി ശേഷിക്കുന്നുണ്ടെങ്കിലും ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ലക്ഷ്യം ഒരിക്കലും എളുപ്പമാവില്ല.
മൂന്നാദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (8) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും വളരെ പോസിറ്റീവായാണ് യശസ്വി ജയ്‌സ്വാളും (46) ശുഭ്മന്‍ ഗില്ലും (22) ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുന്നത്. ഒമ്പതു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ ഇനിയും 278 റണ്‍സ് കൂടി വേണം.
മികച്ച രണ്ടോ, മൂന്നോ കൂട്ടുകെട്ടുകളുണ്ടായാല്‍ ഈ ടോട്ടല്‍ ചേസ് ചെയ്യാന്‍ ഇന്ത്യക്കു സാധിക്കുക തന്നെ ചെയ്യും. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചുകയറുകയാണെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പിന്റെ (WTC) ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യന്‍ ടീമിനു എത്ര ജയമാണ് ആവശ്യമെന്നു പരിശോധിക്കാം.

ഇന്ത്യ തലപ്പത്ത്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഇപ്പോഴും തലപ്പത്തു തന്നെ നില്‍ക്കുകയാണ്. ബെംഗളൂരുവിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോടു അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങേണ്ടി വന്നെങ്കിലും അതു ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു ഇളകം തട്ടിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ വിജയശതമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. നേരത്തേ 70ന് മുകളിലായിരുന്നു ടീമിന്റെ വിജയശതമാനം. ഇതു ഇപ്പോള്‍ 68.06ലേക്കു കുറഞ്ഞിട്ടുണ്ട്.
ഡബ്ല്യുടിസിയുടെ ഈ സൈക്കിളില്‍ ഇതിനകം കളിച്ച 12 ടെസ്റ്റുകളില്‍ എട്ടെണ്ണത്തിലാണ് ഇന്ത്യന്‍ ടീമിനു വിജയിക്കാനായത്. മൂന്നു ടെസ്റ്റുകളില്‍ ടീം തോറ്റപ്പോള്‍ ഒന്നു സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഇന്ത്യക്കു തൊട്ടു പിന്നിലായി രണ്ടാംസ്ഥാനത്തുള്ളത് നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയാണ്. അവരുടെ വിജയശതമാനം 62.5 ആണ്. 12 ടെസ്റ്റുകളില്‍ എട്ടു ജയവും മൂന്നു തോല്‍വിയും ഒരു സമനിലയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്.
പോയിന്റ് പട്ടികയില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ശ്രീലങ്ക, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവരാണ്. ലങ്കയുടെ വിജയശതമാനം 55.56 ആണ്. സൗത്താഫ്രിക്കയുടേത് 47.62ഉം ന്യൂസിലാന്‍ഡിന്റേത് 44.44ഉം ആണെന്നു കാണാം.

എങ്ങനെ ഫൈനല്‍ കളിക്കാം
ഡബ്ല്യുടിസിയുട കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലുണ്ടായിരുന്ന ടീമാണ് ഇന്ത്യ. രണ്ടിലും കലാശക്കളിയില്‍ കാലിടറുകയും ചെയ്തു. പ്രഥമ എഡിഷനില്‍ ന്യൂസിലാന്‍ഡിനോടും കഴിഞ്ഞ തവണ ഓസ്‌ട്രേലിയയോടുമാണ് ഇന്ത്യ കിരീടം അടിയറവച്ചത്. ഹാട്രിക്ക് ഫൈനലാണ് ഇന്ത്യ ഇത്തവണ സ്വപ്‌നം കാണുന്നത്.
ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഡബ്ല്യുടിസി ഫൈനില്‍ ടിക്കറ്റിനായി ഇന്ത്യക്കു വേണ്ടിയിരുന്നത് മൂന്നു ജയങ്ങളായിരുന്നു. എന്നാല്‍ ഇവയിലൊന്നില്‍ തോറ്റതോടെ സമവാക്യങ്ങള്‍ മാറിയിരിക്കുകയാണ്. പൂനെ ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞാല്‍ ഫൈനല്‍ യോഗ്യതയ്ക്കായി ഇന്ത്യക്കു പിന്നീട് വേണ്ടത് രണ്ടു ജയങ്ങള്‍ കൂടിയാണ്. ന്യൂസിലാന്‍ഡിനെതിരേ ഒരു ടെസ്റ്റും അതിനു ശേഷം ഓസ്‌ട്രേലിയയുമായി അഞ്ചു ടെസ്റ്റുകളുമാണ് ഇന്ത്യക്കു ശേഷിക്കുന്നത്.
എന്നാല്‍ പൂനെ ടെസ്റ്റിലും തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യയുടെ വിജയശതമാനം 62.82ലേക്കു താഴും. അങ്ങനെ വരികയാണെങ്കില്‍ ഇനി ബാക്കിയുള്ള ആറു ടെസ്റ്റുകളില്‍ നാലെണ്ണത്തിലെങ്കിലും ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. അതു ഇന്ത്യയെ സംബന്ധിച്ച് ശരിക്കും അഗ്നിപരീക്ഷ തന്നെയായിരിക്കും.
കാരണം മുംബൈയിലെ അവസാന ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാലും ഓസ്‌ട്രേലിയയുമായുള്ള അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഇന്ത്യക്കു ജയിക്കേണ്ടി വരും. അതിലേക്കു പോവാന്‍ രോഹിത് ശര്‍മയും സംഘവും ആഗ്രഹിക്കിക്കില്ല. പകരം കിവികളെ അടുത്ത രണ്ടു സ്റ്റെിലും തോല്‍പ്പിച്ച് ഫൈനലിലേക്കു അടുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.