ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലേറ്റ ഞെട്ടിക്കുന്ന തോല്‍വിയോടെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ ആരാധകരോഷം കനക്കുകയാണ്. കിവികളുടെ രണ്ടംനിര ടീമിനോടാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-2നു തോറ്റോടിയത്. തൂത്തുവാരുമെന്നു എല്ലാവരും ഉറപ്പിച്ച പരമ്പരയിലാണ് ഇന്ത്യന്‍ ടീമിനു ഇത്തരമൊരു ദുരന്തമുണ്ടായത്.
2024ല്‍ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ 0-3നു തൂത്താവാരപ്പെട്ടിരുന്നു. ഈ നാണക്കേടിനു ശേഷമാണ് ഏകദിനത്തിലും അവരോട് ഇന്ത്യ തോറ്റിരിക്കുന്നത്. ഇതു ആരാധകരെയും ഏറെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ഇന്‍ഡോറിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനു 41 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്.

ഇതോടെ പരമ്പരയും കിവികള്‍ പോക്കറ്റിലാക്കി. ഈ മല്‍സരശേഷമുള്ള സമ്മാനദാനച്ചടങ്ങിനിടെയാണ് സ്‌റ്റേഡിയത്തിലെ കാണികളിലൊരാള്‍ ഗംഭീറിനെതിരേ തിരിഞ്ഞത്. ഇഇതിനോടുള്ള വിരാട് കോലിയുടെ പ്രതികരണത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡയിയയില്‍ വൈറലായിരിക്കുകയാണ്.
സംഭവിച്ചതറിയാം
ഇന്‍ഡോറിലെ മൂന്നാം ഏകദിന മല്‍സരത്തിനു പിന്നാലെയായിരുന്നു ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയ ഇന്ത്യന്‍ ആരാധകര്‍ കോച്ചായ ഗൗതം ഗംഭീറിനെതിരേ ആഞ്ഞടിച്ചത്. പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പം നില്‍ക്കവെ മൂന്നാമങ്കം ഫൈനലിനു തുല്യമായിരുന്നു.
എങ്കിലും ശുഭ്മന്‍ ഗില്‍ നയിച്ച ടീം ഇന്ത്യ തന്നെ കളി ജയിച്ച് പരമ്പരയും കൈക്കലാക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണ്. ഒരിക്കല്‍ക്കൂടി കിവികളുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. 338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ വച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ പരാജയം മണത്തിരുന്നു.
അതു തന്നെ സംഭവിക്കുകയും ചെയ്തു. 296ന് ഓള്‍ഔട്ടായ ഇന്ത്യന്‍ ടീം 41 റണ്‍സിന്റെ പരാജയവും സമ്മതിക്കുകയായിരുന്നു. ദുര്‍ബലമെന്നു കരുതപ്പെട്ട ന്യൂസിലാന്‍ഡിനോടേറ്റ ഈ പരമ്പര നഷ്ടം ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്തതുമായിരുന്നു.
അതുകൊണ്ടു തന്നെ മല്‍സരശേഷം കാണികളിലൊരു വിഭാഗം ഗംഭീറിനെതിരേ ഇതിന്റെ രോഷവും പ്രകടിപ്പിക്കുയായിരുന്നു, സമ്മാനദാന ചടങ്ങിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കവെയായിരുന്നു കാണികളുടെ അധിക്ഷേപം.
ഗംഭീറിനെതിരേ മുദ്രാവാക്യം വിളിക്കുന്ന കാണികള്‍. വീഡിയോ കാണാം
കോച്ച് സ്ഥാനത്തു നിന്നും ഗംഭീര്‍ മാറണമെന്ന തരത്തില്‍ കാണികള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുയായിരുന്നു. ഈ സമയത്തു ഗംഭീറിനരികെ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്ക്, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വിരാട്‌കോലി, കെഎല്‍ രാഹുല്‍, ഹര്‍ഷിത് റാണ, ശ്രേയസ് അയ്യര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ളവര്‍ നില്‍പ്പുണ്ടായിരുന്നു. ഇവര്‍ക്കു പിറകു വശത്തുള്ള ഗാലറിയിയിലെ കാണികളില്‍ നിന്നായിരുന്നു മുദ്രാവാക്യം വിളിയുയര്‍ന്നത്.

PHOTOCREDIT/X
ഗംഭീറും ഇതു കേട്ടുകാണുമെന്നാണ് ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. കാരണം കാണികള്‍ മുദാവാക്യം വിളിച്ചപ്പോള്‍ അദ്ദേഹം കതിരിഞ്ഞുനോക്കുന്നതും ഉടന്‍ തന്നെ മുഖം തിരിച്ച് മുന്നോട്ടു നോക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ കോലിടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ചെറിയ ഞെട്ടലോടെയാണ് മുദ്രാവാക്യം കേട്ടപ്പോള്‍ തിരിഞ്ഞു നോക്കിയത്. കോച്ചിനെ അധിക്ഷേപിക്കുന്നതിന്റെ രോഷം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു. പക്ഷെ ഇക്കൂട്ടില്‍ കോലി മാത്രമേ ഇതിനോടു പ്രതികരിച്ചുള്ളൂ.
കാണികളുടെ ഭാഗത്തേക്കു നോക്കി എന്താണിങ്ങനെ പറയുന്നതെന്ന തരത്തില്‍ ദേഷ്യത്തോട് ആംഗ്യം കാണിച്ച് അദ്ദേഹം എന്തോ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതു രണ്ടാം തവണയാണ് ഗംഭീറിന് സ്വന്തം നാട്ടില്‍ വച്ച് കാണികളില്‍ നിന്നും ഈ തരത്തില്‍ അധിക്ഷേപം നേരിട്ടത്. നേരത്തേ സൗത്താഫ്രിക്കയുമായി കഴിഞ്ഞ വര്‍ഷമവസാനം ടെസ്റ്റ് പരമ്പരയില്‍ 0-2നു തൂത്തുവാരപ്പെട്ടപ്പോഴും ഈ തരത്തില്‍ കാണികള്‍ മുദ്രാവാക്യം വിളിച്ചിരുന്നു.