തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറി കാണാനെത്തിയ ഇന്ത്യന്‍ ആരാധകരെ കാത്തിരുന്നത് ഇഷാന്‍ കിഷന്റെ ഇടിവെട്ട് സെഞ്ച്വറി. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം വെറും 42 ബോളിലാണ് ഇന്ത്യന്‍ കുപ്പായത്തിലെ കന്നി സെഞ്ച്വറി കണ്ടെത്തിയത്.
വെറും 43 ബോളില്‍ 10 കൂറ്റന്‍ സിക്‌സറും ആറു ഫോറുമുള്‍പ്പെട്ടതായിരുന്നു ഇഷാന്റെ തീപ്പൊരി ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ സ്ഥാനവും അദ്ദേഹം ഭദ്രമാക്കിയിരിക്കുകയാണ്. സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലുമായിരിക്കും.
ഈ മല്‍സരത്തില്‍ അല്‍പ്പം പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശേഷമായിരുന്നു ഇഷാന്‍ കത്തിക്കയറിയത്. കന്നി സെഞ്ച്വറിയിലേക്കുള്ള അദ്ദേഹത്തിന്റെ കുതിപ്പ് എങ്ങനെയാണെന്നു നോക്കാം.

ഗിയര്‍ മാറ്റിയ ഇഷാന്‍
അഞ്ചാം ടി20യില്‍ പതിവുതെറ്റിക്കാതെ സഞ്ജു സാംസണ്‍ പവര്‍പ്ലേയില്‍ തന്നെ ക്രീസ് വിട്ടതോടെ മൂന്നാം ഓവറില്‍ വണ്‍ഡൗണായി ഇഷാന്‍ കിഷന്‍ ബാറ്റിങിനെത്തി. ലോക്കി ഫെര്‍ഗൂസനെറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാമത്തെ ബോളിലാണ് സഞ്ജു വീണത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പിച്ചുമായി പൊരുത്തപ്പെടാന്‍ ഇഷാന്‍ വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ആദ്യത്തെ 16 ബോളില്‍ വെറും 18 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തുള്ളൂ. പക്ഷെ അതിനു ശേഷം ഇഷാന്‍ ടോപ്പ് ഗിയറിലേക്കു കയറുന്നതാണ് കണ്ടത്. വെറും 27 ബോളില്‍ താരം വാരിക്കൂട്ടിയത് 85 റണ്‍സാണ്.
ഇഷാന്റെ തനിനിറം കണ്ടത് ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയെറിഞ്ഞ 12ാം ഓവറിലായിരുന്നു. ഈ ഓവറിലെ ആറു ബോളും ബൗണ്ടറി ലൈന്‍ ക്രോസ് ചെയ്തുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 29 റണ്‍സാണ് ഈ ഓവറില്‍ ഇന്ത്യ വാരിക്കൂട്ടിയത്. ഇതില്‍ 28 റണ്‍സും ഇഷാന്റെ ബാറ്റില്‍ നിന്നായിരുന്നു. ഒരു വൈഡെറിഞ്ഞ് സോധിയും ഇന്ത്യയെ സഹായിച്ചു.
ആദ്യ ബോളില്‍ വൈഡുമായാണ് കിവി സ്പിന്നര്‍ തുടങ്ങിയത്. ഇതിനു ശേഷം ഫോര്‍, ഫോര്‍, ഫോര്‍, സിക്‌സ്, ഫേര്‍, സിക്‌സ്, സിക്‌സ് എന്നിങ്ങനെയായിരുന്നു ഇഷാന്റെ ബാറ്റില്‍ നിന്നുള്ള ഷോട്ടുകള്‍. ഓവറിലെ ആദ്യ ബോളിലെ ഫോറിലൂടെ തന്നെ അദ്ദേഹം കന്നി സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.
16 ഓവറില്‍ ഇഷാനെ പുറത്താക്കാന്‍ ഗ്ലെന്‍ ഫിലിപ്‌സിന് ഒരു അവസരം ലഭിച്ചിരുന്നു. ഡീപ്പ് മിഡ് വിക്കറ്റില്‍ ബൗണ്ടറി ലൈനിന് തൊട്ടരികിലാണ് ഫിലിപ്‌സിന്റെ കൈകളില്‍ നിന്നും അദ്ദേഹം വഴുതിപ്പോയത്. പിന്നാലെ ഇഷാന്‍ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു.
മിച്ചെല്‍ സാന്റ്‌നെറിഞ്ഞ 17ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സിക്‌സറുമായി ഇഷാന്‍ 97ലെത്തി. തൊട്ടടുത്ത ബോളില്‍ വീണ്ടുമൊരു സിക്‌സറിലൂടെ അദ്ദേഹം സെഞ്ച്വറിയെന്ന സ്വപ്‌നവും യാഥാര്‍ഥ്യമാക്കി.

ഒന്നൊന്ന തിരിച്ചുവരവ്
രണ്ടു വര്‍ഷത്തിലേറെ ഇന്ത്യന്‍ ടീമിനു പുറത്തിരുന്ന ശേഷമാണ് ന്യൂസിലാന്‍ഡുമായുള്ള ഈ പരമ്പരയിലൂടെ ഇഷാന്‍ കിഷന്‍ മടങ്ങിയെത്തിയത്. ഇതിനു അദ്ദേഹത്തെ സഹായിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ്.
ദേശീയ ടീമിനു പുറത്തായ ശേഷം കളിച്ച എല്ലാ ടൂര്‍ണമെന്റുകളിലും ഇഷാന്‍ സെഞ്ച്വറി നേടിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ബുച്ചി ബാബു ട്രോഫി, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, ഐപിഎല്‍, സയ്ദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയവയിലെല്ലാം സെഞ്ച്വറിയോടെ മിന്നിച്ച ശേഷമാണ് ഇപ്പോള്‍ ഇന്ത്യന്‍ ജഴ്‌സിയിലും ഇഷാന്‍ നൂറടിച്ചത്.