നാഗപൂര്‍: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാരദിക് പാണ്ഡ്യ. ബാറ്റും ബോളും കൊണ്ട് ഇത്രമേല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ തന്നെ വളരെ കുറവാണെന്നു കാണാം. തന്റേതായ ദിവസങ്ങളില്‍ തനിച്ച് മല്‍സരഗതി മാറ്റാനുള്ള അസാധാരണ മികവാണ് ഹാര്‍ദിക്കിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും അതിനു പിന്നാലെയുള്ള ഐസിസി ടി20 ലോകകപ്പിലുമെല്ലാം മിന്നിക്കാന്‍ അദ്ദേഹം തയ്യാറെടുത്തു കഴിഞ്ഞു. കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഹാര്‍ദിക് ഇപ്പോഴുള്ളതെന്നു കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനങ്ങളും അടിവരയിടുന്നു.
അതിനിടൈ ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20ക്കു മുന്നോടിയായി നെറ്റ്‌സിലെ അദ്ദേഹത്തിന്റെ ബാറ്റിങാണ് വൈറലായിരിക്കുന്നത്. ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് ഗൗതം ഗംഭീറിന്റെ ചാലഞ്ച് ഹാര്‍ദിക് അനായാസം മറികടക്കുകയും ചെയ്തു. എന്താണ് സംഭവമെന്നു നോക്കാം.

ഹാര്‍ദിക്കിന് ഈ ചാലഞ്ച്
നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം നടക്കാനിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം രാത്രിയുള്ള ഇന്ത്യന്‍ ടീമിന്റെ അവസാന വട്ട തയ്യാറെടുപ്പിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ബിസിസിഐ പങ്കുവച്ചിരിക്കുന്നത്.
ഇതിലാണ് ഹാര്‍ദിക് പാണ്ഡ്യക്കു കോച്ച് ഗൗതം ഗംഭീര്‍ നല്‍കിയ ചാലഞ്ചിന്റെ ദൃശ്യങ്ങളുമുള്ളത്. ഹാര്‍ദിക്കിന്റെ ബാറ്റിങ് കാണാന്‍ ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നെറ്റ്‌സില്‍ തൊട്ടരികില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. ഷോട്ടിനായി തയ്യാറെടുക്കവെ ഗ്രൗണ്ടിന്റെ പുറത്തുള്ള ചിലരോടു അവിടെ നിന്നും മാറി നില്‍ക്കണമെന്നു ഹാദിക് ഉറക്കെ വിളിച്ചു പറയുന്നത് വീഡിയോയയില്‍ കാണാം.

Photocredit/BCCI
നീ എവിടേക്കാണ് ഷോട്ട് കളിക്കാന്‍ ഉദ്ദേശിക്കുന്നത്, ഗാലറിയുടെ നോര്‍ത്ത് വിങിലേക്കാണോയെന്നു ഇതു കേട്ട ഗംഭീര്‍ ചോദിക്കുകയും ചെയ്തു. പിന്നാലെ സൂര്യക്കും സംശയമായി. ആ ഭാഗത്തേക്കാണോയെന്നും അദ്ദേഹം കൈ ചൂണ്ടി ചോദിക്കുന്നുണ്ടായിരുന്നു. അല്ല, അതിനേക്കാള്‍ മുകളിലേക്കാണെന്നായിരുന്നു ഗംഭീറിന്റെ മറുപടി. ഓ അതുശരി, നോര്‍ത്ത് വിങിലേക്ക് ആണോയെന്നായിരുന്നു സ്‌കൈ അല്‍പ്പം ആശ്ചര്യത്തോടെ പറഞ്ഞത്.
നെറ്റ്‌സില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്. വീഡിയോ കാണാം
നോര്‍ത്ത് വിങിനു മുകളിലൂടെ അടിക്കണമെന്നും ഹാര്‍ദിക്കിന് ഗംഭീര്‍ ചാലഞ്ച് നല്‍കി. ആദ്യത്തെ ഷോട്ട് നേരെ സിക്‌സറിലേക്കാണ് പറന്നത്. ഇതു കണ്ട് നെറ്റ്‌സില്‍ നിന്ന അഭിഷേക് ശര്‍മ അദ്ഭുതത്തോടെ ഇതു എന്തൊരടിയെന്നും പറയുന്നുണ്ടായിരുന്നു. അടുത്ത ബോളിലാണ് ഗംഭീറിന്റെ ചാലഞ്ച് ഹാര്‍ദിക് മറികടന്നത്.
ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി വെടിച്ചില്ല് കണക്കെ താന്‍ നേരത്തേ ലക്ഷ്യമിട്ട ഗാലറിയുടെ ഭാഗത്ത് അദ്ദേഹം ഷോട്ട് പറത്തി. ബോള്‍ പോവുന്നത് കണ്ട് സൂര്യ അന്തം വിട്ട് നിന്നപ്പോള്‍ ഗംഭീറിന്റെ മുഖത്ത് നിറഞ്ഞ ചിരിയും അതോടൊപ്പം ആശ്ചര്യവുമെല്ലാം കാണാമായിരുന്നു.
ഈ ഷോട്ടിനു പിന്നാലെ നെറ്റ്‌സിലുണ്ടായിരുന്ന ടീമിലെ മറ്റൊരു വമ്പനടിക്കാരനും സിക്‌സര്‍ വീരനുമായിരുന്ന ശിവം ദുബെയെയാണ് സൂര്യ വിളിച്ചത്. ദുബെ, സെക്കന്റ് ടയറിലേക്കാണ് ഹാര്‍ദിക് ഷോട്ട് കളിച്ചതെന്നും വിളിച്ചു പറഞ്ഞു. ഇതു കേട്ടതോടെ ഗംഭീറും പൊട്ടിച്ചിരിക്കുകയായിരുന്നു.
ആദ്യ ടി20യിലെ സാധ്യതാ 11
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.