ബെംഗളൂരു: ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. രണ്ടു ദിവസങ്ങള്‍ ബാക്കിനില്‍ക്കവെ കിവികളുടെ ലീഡ് 300 പിന്നിട്ടിരിക്കുകയാണ്. മൂന്നാംദിനം 84 ഓവറുകള്‍ കഴിയുമ്പോള്‍ ന്യൂസിലാന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെന്ന ശക്തമായ നിലയിലാണുള്ളത്.
105 റണ്‍സുമായി രചിനും 50 റണ്‍സുമായി ഫാസ്റ്റ് ബൗളര്‍ ടിം സൗത്തിയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. എട്ടാം വിക്കറ്റില്‍ 128 റണ്‍സ് ഈ ജോടി ടീം ടോട്ടലിലേക്കു ചേര്‍ത്തുകഴിഞ്ഞു. വെറും 120 ബോളുകളില്‍ നിന്നാണിത്. 134 ബോളുകള്‍ നേരിട്ട രചിന്റെ ഇന്നിങ്ങ്‌സില്‍ 11 ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച സൗത്തി വെറും 59 ബോളിലാണ് മൂന്നു വീതം ഫോറുകളും സിക്‌സറുമടക്കം 50 റണ്‍സിലെത്തിയത്. ഈ സെഞ്ച്വറിക്കു രചിന്‍ യഥാര്‍ഥത്തില്‍ കടപ്പെട്ടിരിക്കുന്നത് തന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ്. ഇതു എന്തുകൊണ്ടാണെന്നു നോക്കാം

സിഎസ്‌കെയുടെ സഹായം
ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസി കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയ സഹായവും പിന്തുണയുമാണ് ഇത്ര ഗംഭീരമായൊരു ഇന്നിങ്‌സ് ഈ ടെസ്റ്റില്‍ കാഴ്ചവയ്ക്കാന്‍ രചിന്‍ രവീന്ദ്രയെ സഹായിച്ചത്. കാരണം ന്യൂസിലാന്‍ഡ് ടീമിലെ തന്റെ സഹതാരങ്ങള്‍ ഇന്ത്യയിലെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഇവിടെയെത്തിയിരുന്നു. ചെന്നൈയിലെ സിഎസ്‌കെയുടെ അക്കാദമിയിലേക്കാണ് രചിനെത്തിയത്.
തുടര്‍ന്നു ഇവിടെ ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്തു. അടുത്ത സീസണിലും തങ്ങള്‍ക്കൊപ്പമുണ്ടാവില്ലെന്നു ഏറെക്കുറെ ഉറപ്പായിരുന്നിട്ടും താരത്തിനു സിഎസ്‌കെ എല്ലാ തരത്തിലുള്ള സഹായങ്ങളും നല്‍കി. സിഎസ്‌കെ അക്കാദമിയിലെ പരിശീലനം രചിനെ ഇന്ത്യന്‍ പിച്ചുകളുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സഹായിക്കുകയും ചെയ്തു. ഇതാണ് ബെംഗളൂരു ടെസ്റ്റില്‍ വളരെ അനായാസം ഇന്ത്യയുടെ പേസ്, സ്പിന്‍ ആക്രമണത്തെ നേരിടാന്‍ അദ്ദേഹത്തെ സഹായിച്ചത്.
രചിന്റെ സെഞ്ച്വറിയില്‍ മാത്രമല്ല ഈ ടെസ്റ്റില്‍ മറ്റൊരു താരത്തിന്റെ പ്രകടനത്തിനും സിഎസ്‌കെയുമായി ബന്ധമുണ്ടെന്നതാണ് കൗതുകകരമായ കാര്യം. മല്‍സരത്തില്‍ രചിനെക്കൂടാതെ കിവികകളുടെ മറ്റൊരു പ്രധാന സ്‌കോറര്‍ ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ഡെവന്‍ കോണ്‍വേയാണ്. അദ്ദേഹവും സിഎസ്‌കെ ടീമിന്റെ ഭാഗമാണെന്നു കാണാം. 2022 മുതല്‍ ചെന്നൈക്കായി കളിക്കുന്ന കോണ്‍വേ അവരുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളും കൂടിയാണ്.

രണ്ടാം സെഞ്ച്വറി
അന്താരാഷ്ട്ര കരിയറില്‍ രചിന്‍ രവീന്ദ്ര ഇതു രണ്ടാംതവണയാണ് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സെഞ്ച്വറി കണ്ടെത്തിയത്. തന്റെ ജന്‍മനാട് കൂടിയായ ഇവിടെ അദ്ദേഹത്തിന്റെ ആദ്യത്തെ സെഞ്ച്വറി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലായിരുന്നു. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ പുറത്താവാതെ 123 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഒരു വര്‍ഷത്തിനു ശേഷം ഇതേ മൈതാനത്തു റെഡ് ബോള്‍ ക്രിക്കറ്റിലും രചിന്‍ മൂന്നക്കം കടന്നിരിക്കുകയാണ്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഫിഫ്റ്റിയും ഇതേ ഗ്രൗണ്ടില്‍ താരം കുറിച്ചിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ പോരാട്ടത്തിലായിരുന്നു ഇത്.
അതേസമയം, ഈ വര്‍ഷം നടന്ന ഐപിഎല്ലിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം രചിന്‍ ചേര്‍ന്നത്. 24 കാരനായ താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം കൂടിയായിരുന്നു. ടൂര്‍ണമെന്റില്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് ഈ ഫോം കാത്തുസൂക്ഷിക്കാന്‍ രചിനായില്ല. 10 മല്‍സരങ്ങളില്‍ നിന്നും 22.20 ശരാശരിയില്‍ 160.87 സ്‌ട്രൈക്ക് റേറ്റില്‍ 222 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയായിരുന്നു ഇത്.