തിരക്കേറിയ മല്‍സരങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു ഇപ്പോള്‍ ചെറിയൊരു ബ്രേക്കാണ്. ഈ വര്‍ഷം ഇനി ടീമിനു കളികളൊന്നമില്ല. അടുത്ത മാസമാണ് ഇന്ത്യ വീണ്ടും പോരാട്ടച്ചൂടിലേക്കു കടക്കുക. ന്യൂസിലാന്‍ഡുമായുള്ള ഏകദിന, ടി20 പരമ്പരകളാണ് ഇനി വരാനിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുക.
ജനുവരി 11 മുതലാണ് ഏകദിന പരമ്പര. ടി20യാവട്ടെ 21നും ആരംഭിക്കും. ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും ഏകദിനത്തിനുള്ള സ്‌ക്വാഡിനെ ഇനിയും തിരഞ്ഞെടുത്തിട്ടില്ല. ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ആരെല്ലാം പുറത്തിരിക്കും?
ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ പ്രധാനമായും അഞ്ചു പേരാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ജോടികളായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, റിഷഭ് പന്ത്, മധ്യനിരയിലെ മിന്നും താരം ശ്രേയസ് അയ്യര്‍, പേസ് ബൗളിങിലെ കുന്തമുന ജസ്പ്രീത് ബുംറ എന്നിവരാണിത്.
പരിക്കാണ് ന്യൂസിലാന്‍ഡിനെതിരേ ശ്രേയസിന്റെ സാന്നിധ്യം സംശയത്തിലാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് അവസാന മല്‍സരത്തില്‍ ഫീല്‍ഡിങിനിടെ അദ്ദേഹത്തിനു സാരമായി പരിക്കേറ്റത്. തുടര്‍ന്നു വിശ്രമത്തിലുള്ള ശ്രേയസ് ഇനിയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം.
സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പര അദ്ദേഹത്തിനു പൂര്‍ണമായും നഷ്ടമായിരുന്നു. ഇനി കിവികള്‍ക്കെതിരേയും താരത്തെ പ്രതീക്ഷിക്കേണ്ടതില്ല. ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരിക്കും ശ്രേയസ് ഇനി കളിക്കളത്തിലേക്കു മടങ്ങിയെത്തിയേക്കുക. അദ്ദേഹത്തിന്റെ അഭാവത്തില്‍ റുതുരാജ് ഗെയ്ക്വാദ് തന്നെ വീണ്ടും നാലാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കും.
സഞ്ജുവിന്റെ കാര്യമെടുത്താല്‍ ടി20യില്‍ വീണ്ടും ഫസ്റ്റ് ചോയ്‌സ് കീപ്പറായെങ്കിലും ഏകദിനത്തില്‍ അദ്ദേഹം ഇപ്പോള്‍ ടീം പ്ലാനുകളുടെ ഭാഗമല്ല. 2023 ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്.
ഈ മല്‍സരത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറിക്കൊപ്പം പ്ലെയര്‍ ഓഫ് ദി മാച്ചുമായെങ്കിലും പിന്നീടൊരിക്കലും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. കിവികള്‍ക്കെതിരേയും സഞ്ജുവിനെ പരിഗണിക്കാനിടയില്ല.

സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ കെഎല്‍ രാഹുലിനു പിന്നില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്നു റിഷഭ്. പക്ഷെ മൂന്നു കളിയിലും ബെഞ്ചില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ന്യൂസിലാന്‍ഡിനെതിരേയും രാഹുല്‍ തന്നെയാവും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍. പക്ഷെ ബാക്കപ്പായി റിഷഭിനു പകരം കരിയര്‍ ബെസ്റ്റ് ഫോമിലുള്ള ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുകയാണ് അദ്ദേഹം.
വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ ജാര്‍ണ്ഡിനായി വെറും 33 ബോളിലാണ് ഇഷാന്‍ സെഞ്ച്വറി കുറിച്ചത്. തൊട്ടുമുമ്പ് കളിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ 200നടുത്ത് സ്‌ട്രൈക്ക് റേറ്റോടെ 500ന് മുകളില്‍ റണ്‍സ് ഇഷാന്‍ വാരിക്കൂട്ടിയിരുന്നു. ടി20 ലോകകപ്പിനുള്ള ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം ഇനി ഏകദിനത്തിലും ശക്തമായ തിരിച്ചുവരവ് നടത്തിയേക്കും. ഇതാണ് റിഷഭിനു ഭീഷണിയാവുന്നത്.
അതേസമയം, ഹാര്‍ദിക്കും ബുംറയും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാണ്. ടീമിലെ ഭൂരിഭാഗം പേര്‍ക്കും റീപ്ലേസ്‌മെന്റുകളുണ്ടെങ്കിലും ഹാര്‍ദിക്കിനും ബുംറയ്ക്കു പകരം വയ്ക്കാന്‍ ആരും തന്നെയില്ല. അതിനാല്‍ തന്നെ ഇരുവരെയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്.
പ്രത്യേകിച്ചും പരിക്കിന്റെ തോഴനും കൂടിയാണ് ഹാര്‍ദിക്. ഏഷ്യാ കപ്പിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം സൗത്താഫ്രിക്കയുമായുള്ള അവസാന ടി20 പരമ്പരയിലൂടെയാണ് മടങ്ങിയെത്തിയത്. അതിനാല്‍ പരിക്കുകളേല്‍ക്കുന്നതു തടയാന്‍ ഹാര്‍ദിക്കിനും ബുംറയ്ക്കും ഏകദിന പരമ്പരയില്‍ ബ്രേക്കും നല്‍കിയേക്കും.