ന്യൂസിലാന്‍ഡിന്റെ രണ്ടാം നിര ടീമുമായുള്ള ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ശരിക്കും മുട്ടിടിക്കുകയാണ്. പരമ്പര നഷ്ടമായേക്കുമെന്ന വലിയ നാണക്കേട് പോലും അടുത്ത ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. കാരണം പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ജയിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളുമില്ല.
ആദ്യ ഏകദിനത്തില്‍ നന്നായി വിയര്‍ത്താണ് ഇന്ത്യ ഒരുവിധത്തില്‍ നാലു വിക്കറ്റിന്റെ ജയവുമായി കഷ്ടിച്ച് രക്ഷപ്പെട്ടത്. എന്നാര്‍ രണ്ടാ ഏകദിനത്തില്‍ ഇന്ത്യയെ ഏഴു വിക്കറ്റിനു നിഷ്പ്രഭരാക്കി കിവികള്‍ തിരിച്ചടിച്ചു. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലയര്‍ത്തിയാണ് അവര്‍ ഇന്ത്യയെ വാരിക്കളഞ്ഞത്.

ഇനി മൂന്നാമങ്കം ജയിക്കാന്‍ ഗില്ലിനും കൂട്ടര്‍ക്കും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായി വരും. എന്നാല്‍ ഇതേ ന്യൂസിലാന്‍ഡ് ടീമിനെ തൂത്തുവാരി ഈ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയുടെ മറ്റൊരു ടീമിന് സാധിച്ചേനെ. ആരൊക്കെയാണ് ആ ഇലവനിലുള്ളതെന്നു നോക്കാം.
ഈ ടീമെങ്കില്‍ തകര്‍ത്തേനെ
ഇന്ത്യയുടെ ഈ ടീമിനെ നയിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹം കളിക്കേണ്ടതായിരുന്നു. പക്ഷെ വരാനിരിക്കുന്ന ടി20 പരമ്പരയും അിനുശേഷമുള്ള ഐസിസി ടി20 ലോകകപ്പും പരിഗണിച്ച് ഹാര്‍ദിക്കിന് വിശ്രമം നല്‍കുകയായിരുന്നു.
ഹാര്‍ദിക് നയിക്കുന്ന പുതിയ ലുക്കിലുള്ള ഏകദിന ടീമിന്റെ ഓപ്പണിങ് ജോടികള്‍ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനുമാണ്. ഇതുവഴി ഇടംകൈ- വലംകൈ ഓപ്പണിങ് കോമ്പിനേഷനും ടീമിനു ലഭിക്കുന്നു. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും ന്യൂസിലാന്‍ഡിനെതിരേ ഇടം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനാണ് റുതുരാജ്. പരിക്കു മാറി ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയതോടെയാണ് ടീമില്‍ അദ്ദേഹത്തിന്റെ വഴിയടഞ്ഞത്.
റുതു- ഇഷാന്‍ ഓപ്പണിങ് ജോടി കഴിഞ്ഞാല്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ തിലക് വര്‍മയും മലയാളി സൂപ്പര്‍താരം സഞ്ജു സാംസണുമാണ്. ടി20യിലെ അവിഭാജ്യ ഘടകാണെങ്കിലും ഏകദിനത്തില്‍ ഇനിയും സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത താരമാണ് തിലക്. സഞ്ജുവാകട്ടെ തകര്‍പ്പന്‍ റെക്കോര്‍ഡുണ്ടായിട്ടും രണ്ടു വര്‍ഷത്തിലേറെയായി ടീമിന് പുറത്താണ്.
2023ല്‍ അവസാനം കളിച്ച ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി നേടിയിട്ടും അദ്ദേഹം പിന്നീടൊരിക്കലും ടീമിന്റെ ഭാഗമായില്ലെന്നതാണ് നിരാശാജനകമായ കാര്യം. സഞ്ജു കഴിഞ്ഞാല്‍ ഈ ടീമില്‍ അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ റിയാന്‍ പരാഗ്, ക്യാപ്റ്റന്‍ ഹാര്‍ദിക്, റിങ്കു സിങ് എന്നിവരാണ്.

ഏകദിന കരിയര്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞ രവീന്ദ്ര ജഡേജയ്ക്കു പകരം ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന താരമാണ് പരാഗ്. റിങ്കുവാകട്ടെ വെറും ടി20 ഫിനിഷറായാണ് അറിയപ്പെടുന്നതങ്കിലും ഏകദിനത്തിലും മിന്നിക്കാന്‍ കഴിയും. വിജയ് ഹസാരെയില്‍ ഇത്തവണ തകര്‍പ്പന്‍ ബാറ്റിങും അദ്ദേഹം കാഴ്ചവച്ചിരുന്നു.
ഈ ടീമിലെ അവസാനത്തെ നാലു പേര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി, സ്റ്റാര്‍ പേസ് ജോടികളായ ജസ്പ്രീത് ബുറ, മുഹമ്മദ് ഷമി എന്നിവരുമാണ്. ഇവരില്‍ അക്ഷര്‍, വരുണ്‍, ഷമി എന്നിവര്‍ക്കു ശുഭ്മന്‍ ഗില്ലിന്റെ പ്രധാന ടീമില്‍ ഇടം കിട്ടാതെ പോയപ്പോള്‍ ബുംറയ്ക്കു വിശ്രമവും നല്‍കുകയായിരുന്നു.
ഇന്ത്യന്‍ ഇലവന്‍
റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.