പൂനെ: ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ടീം സെലക്ഷനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ബെംഗളൂരുവിലെ തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, സ്പിന്നറായ കുല്‍ദീപ് യാദവ്, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
പകരം ശുഭ്മന്‍ ഗില്‍, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍ ആകാഷ്ദീപ് എന്നിവരെ കളിപ്പിക്കുകയും ചെയ്തു. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിനെ തഴഞ്ഞതിനെയാണ് ഗവാസ്‌കര്‍ ചോദ്യം ചെയ്തത്. ഇന്ത്യ ഇത്തരമൊരു നീക്കം ഒരിക്കല്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

രോഹിത്തിനും ഗംഭീറിനും വിമര്‍ശനം
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനു പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ എന്തിനാണ് പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നിരിക്കുന്നതെന്നാണ് സുനില്‍ ഗവാസ്‌കറുടെ ചോദ്യം. ഇത്തരമൊരു തീരുമാനം എടുത്തതിനു ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
ന്യൂസിലാന്‍ഡിന്റെ പ്ലെയിങ് ഇലവനില്‍ നാല്- അഞ്ച് ഇടംകൈയന്‍ ബാറ്റര്‍മാരെങ്കിലുമുണ്ടാവും. അതിനാല്‍ തന്നെ ഇടംകൈയന്‍മാര്‍ക്കെതിരേ പുറത്തേക്കു ബോള്‍ കൊണ്ടുപോവാന്‍ സാധിക്കുന്ന ബൗളറെയാണ് നമുക്കു വേണ്ടിയിരുന്നത്. അതു നമുക്കു ഏറെ ഗുണവും ചെയ്യും.
പക്ഷെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കണമെന്നു നമ്മള്‍ തീരുമാനമെടുത്തിട്ടില്ല. രണ്ടു ഓപ്പണര്‍മാരും മധ്യനിരയില്‍ ഒരു ഇടംകൈയനുമുണ്ടെങ്കില്‍ വാഷിങ്ടണിനു കളിയില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാന്‍ സാധിക്കുമെന്നു കരുതുന്നു. അവന്‍ നല്ല ഓപ്ഷനാണെന്നുമായിരുന്നു വാഷിങ്ടണിനെ കളിപ്പിച്ചതിനെക്കുറിച്ചു ഗൗതം ഗംഭീര്‍ നേരത്തേ പറഞ്ഞത്.
ഇന്ത്യന്‍ ടീം ഭയന്നു
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ അഭിപ്രായവുമായി യോജിക്കാന്‍ താന്‍ തയ്യാറല്ലെന്നു സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. ബാറ്റിങിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീം വളരെയധികം അസ്വസ്ഥരാണെന്നാണ് വാഷിങ്ടണിന്റെ സെലക്ഷന്‍ നമ്മളോടു പറയുന്നത്. വെറും ഓഫ്‌സ്പിന്നറായതു കൊണ്ടു മാത്രല്ല അവനെ ടീമിലെടുത്തത്. ലോവര്‍ ഓര്‍ഡറില്‍ കൂടുതല്‍ റണ്‍സ് കൂടി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് വാഷിങ്ടണിനെ ടീമിലെത്തിക്കാനുള്ള കാരണം.
ന്യൂസിലാന്‍ഡ് ടീമിലെ ഇടംകൈയന്‍ ബാറ്റര്‍മാരെക്കുറിച്ച് ഒരുപാട് സംസാരം നടക്കുന്നുണ്ട്. പക്ഷെ അതു പരിഗണിക്കുകയാണെങ്കില്‍ ഞാന്‍ കളിപ്പിക്കുക കുല്‍ദീപ് യാദവിനെയായിരിക്കം. ഇടംകൈയന്‍ ബാറ്റര്‍മാരില്‍ നിന്നും ബോള്‍ പുറത്തേക്കു കൊണ്ടുപോവാന്‍ അവനു കഴിയും. ബാറ്റിങിലും മോശമല്ലാത്ത പ്രകടനം നടത്താന്‍ സാധിക്കുന്നയാള്‍ കൂടിയാണ് കുല്‍ദീപ്. സുന്ദറിനെപ്പോലെ അത്രത്തോളം റണ്‍സ് നേടാന്‍ സാധിക്കില്ലെന്നതു ശരിയാണെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

അതേസമയം, രഞ്ജി ട്രോഫിയില്‍ അവസാനമായി കളിച്ച മല്‍സരത്തില്‍ തമിഴ്‌നാടിനു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി കുറിക്കാന്‍ വാഷിങ്ടണിനു സാധിച്ചിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താണ് താരം മിന്നും സെഞ്ച്വറി നേടിയത്.
ഇതാണ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വാഷിങ്ടണിനു വീണ്ടും ടെസ്റ്റ് ടീമിലേക്കു വഴി തുറന്നത്. 2021ല്‍ ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു താരം അവസാനം കളിച്ചത്. ഈ മല്‍സരത്തില്‍ പുറത്താവാതെ 96 റണ്‍സും നേടിയിരുന്നു.
ആശ്ചര്യം പ്രകടിപ്പിച്ച് കാര്‍ത്തിക്
രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കുല്‍ദീപ് യാദവിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനുള്ള തീരുമാനത്തില്‍ മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തികും ആശ്ചര്യം പ്രകടിപ്പിച്ചു. കുല്‍ദീപ് യാദവിനെ ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയത് ശരിക്കും ആശ്ചര്യപ്പെടുത്തി.
കൂടാതെ ഓസ്‌ട്രേലിയയില്‍ നന്നായി പെര്‍ഫോം ചെയ്ത് അക്ഷര്‍ പട്ടേലിനെപ്പോലെ ഒരാളെ ഒഴിവാക്കിയതും ശരിയായി തോന്നിയില്ല. ബൗളിങില്‍ ഒരുപാട് വൈവിധ്യം കൊണ്ടുവരുന്നയാളാണ് കുല്‍ദീപെന്നും മുരളി കാര്‍ത്തിക് വിശദമാക്കി.