ഇന്‍ഡോര്‍: ഐസിസി ടി20 ലോകകപ്പ് തൊട്ടരികെ നില്‍ക്കവെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ആത്മവിശ്വാസത്തില്‍ തീര്‍ച്ചയായും വലിയ ഇടിവ് സംഭവിച്ച് കാണുമെന്നുറപ്പാണ്. കാരണം ന്യൂസിലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തികഞ്ഞ പരാജയമായി അദ്ദേഹം മാറി. വരാനിരിക്കുന്നത് ടി20 ലോകകപ്പാണെങ്കിലും ഏകദിനത്തിലെ മോശം ഫോം ലോകകപ്പിലും കുല്‍ദീപിനെയും ബാധിച്ചേക്കും.
അതിനിടെ മൂന്നാം ഏകദിനത്തിനിടെ അദ്ദേഹത്തെ കോച്ച് ഗൗതം ഗംഭീര്‍ ഡഗൗട്ടില്‍ വച്ച് ശകാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ മല്‍സരത്തില്‍ ആദ്യ സ്‌പെല്ലിലെ കുല്‍ദീപിന്റെ പ്രകടനത്തില്‍ ഏറെ അതൃപ്തനായാണ് കോച്ച് കാണപ്പെട്ടത്. ഇതിനു പിന്നാലെയായിരുന്നു ബൗളറെ കോച്ച് കുടഞ്ഞത്. എന്താണ് സംഭവിച്ചതെന്നറിയാം.

photocredit/ Jiohotstar
ഗംഭീര്‍ കട്ടക്കലിപ്പില്‍
ന്യൂസിലാന്‍ഡുമായി ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 17ാം ഓവറിലാണ് കുല്‍ദീപ് യാദവിനെ ബൗളിങിനായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കൊണ്ടുവന്നത്. സ്പിന്‍ ബൗളിങിനെ വളരെ അനായാസം നേരിടാന്‍ ശേഷിയുള്ള ഡാരില്‍ മിച്ചെല്‍ ക്രീസിലുണ്ടായിരുതിനാലാണ് കുല്‍ദീപിനെ വൈകിപ്പിച്ചത്.
അതു നന്നായെന്നു അദ്ദേഹത്തിന്റെ ആദ്യ ബോള്‍ കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായി. കാരണം സിക്‌സറടിച്ചാണ് കുല്‍ദീപിനെ മിച്ചെല്‍ ഈ കളിയില്‍ വരവേറ്റത്. ക്രീസിനു പുറത്തേക്കിറങ്ങി വന്ന മിച്ചെല്‍ ബൗളറുടെ തലയ്ക്കു മുകളിലൂടെ സിക്‌സറിലെത്തിക്കുകയായിരുന്നു. 83 മീറ്ററായിരുന്നു ഇതിന്റെ ദൈര്‍ഘ്യം. ഒമ്പത് റണ്‍സാണ് ഓവറില്‍ കുല്‍ദീപ് വഴങ്ങിയത്.
അടുത്ത ഓവറില്‍ മൂന്നും തുടര്‍ന്നുളള ഓവറില്‍ ഒരു ഫോറടക്കം ആറു റണ്‍സും കുല്‍ദീപ് വിട്ടുകൊടുക്കു. മൂന്നോവറിനു ശേഷം അദ്ദേഹം വഴങ്ങിയത് 18 റണ്‍സ്. ക്രീസിലുള്ള മിച്ചെലിനും ഗ്ലെന്‍ ഫിലിപ്‌സിനും കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ കുല്‍ദീപിനു സാധിക്കുന്നില്ലെന്നു ബോധ്യമായതോടെ ബൗളിങില്‍ നിന്നും ഗില്‍ പിന്‍വലിക്കുകയും ചെയ്തു.
ഡഗൗട്ടില്‍ വച്ച് കുല്‍ദീപിനെ ശകാരിക്കുന്ന ഗംഭീര്‍. വീഡിയോ കാണാം
ഓവറിനു ശേഷം ചെറിയൊരു ബ്രേക്കിനായി കുല്‍ദീപ് ഡഗൗട്ടിലേക്കു പോയപ്പോഴായിരുന്നു അവിടെയിരുന്ന കോച്ച് ഗൗതം ഗംഭീറിന്റെ രോഷപ്രകടനം. കോച്ചിങ് സംഘത്തിനൊപ്പം അവിടെയിരുന്ന ഗംഭീര്‍ കുല്‍ദീപിനെ അടുത്തേക്ക് വിളിച്ച് ദേഷ്യത്തോടെ എന്തൊക്കെയോ പറയുകയായിരുന്നു. ബോളിന്റെ ലൈനിനെയും ലെങ്ത്തിനെയും കുറിച്ച് തന്നെയാവാം കോച്ച് സംസാരിച്ചതെന്നു മുഖഭാത്തില്‍ നിന്നും വ്യക്തമാണ്.

കോച്ചിന്റെ ശകാരം കേട്ട് കുല്‍ദീപ് ഉടന്‍ തന്നെ അവിടെ നിന്നും നടന്നു പോവാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. സ്പിന്നറെ വീണ്ടും അടുത്തേക്കു വിളിച്ച് ഗംഭീര്‍ ദേഷ്യത്തോടെ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
കോച്ചിന്റെ ഈ ശകാരം കുല്‍ദീപിനെ തീര്‍ച്ചയായും അസ്വസ്ഥനാക്കിയിട്ടുണ്ടാവുമെന്നുറപ്പാണ്. അദ്ദേഹത്തിന്റെ ബൗളിങ് അത്ര മാത്രം പരിതാപകരമായിരുന്നില്ല. ഓരോ ഫോളും സിക്‌സറും മാത്രമേ കുല്‍ദീപ് തന്റെ മൂന്നോവറിനിടെ വിട്ടു കൊടുത്തിരുന്നുള്ളൂ.
21ാം ഓവറിനു ശേഷം ബൗളിങില്‍ നിന്നും പിന്‍വലിക്കപ്പെട്ട ശേഷം കുല്‍ദീപ് തന്റെ അടുത്ത സ്‌പെല്‍ എറിയാനെത്തിയത് 39ാം ഓവറിലാണ്. ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും അടുത്ത ഓവറില്‍ റണ്‍മഴ തന്നെ കണ്ടു. രണ്ടു സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സ് കുല്‍ദീപ് ദാനം ചെയ്തു.