ബെംഗളൂരു: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. കനത്ത മഴയും ഗ്രൗണ്ടിലെ വെള്ളക്കെട്ടും കാരണം ടോസ് പോലും നടത്താന്‍ സാധിക്കാതെയാണ് കളി ഉപേക്ഷിച്ചത്. ഇടയ്ക്കു മഴയ്ക്കു ശമനമുണ്ടായിരുന്നെങ്കിലും ചെറിയ ഗ്യാപ്പിനു ശേഷം വീണ്ടും മഴയെത്തുകയായിരുന്നു. ഇതോടെയാണ് ആദ്യദിനത്തിലെ കളി വേണ്ടെന്നുവച്ചത്.
മികച്ച ജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമിടാമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും ഈ ടെസ്റ്റിനെത്തിയത്. പരിക്കുകാരണം യുവതാരം ശുഭ്മന്‍ ഗില്ലിന്റെ സേവനം ഈ മല്‍സരത്തില്‍ ഇന്ത്യക്കു ലഭിച്ചേക്കില്ല. പകരക്കാരായി സര്‍ഫറാസ് ഖാന്‍ പ്ലെയിങ് ഇലവനിലേക്കു വരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെ 2-0നു തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. ടോം ലാതം നയിക്കുന്ന കിവികള്‍ക്കെതിരേയും ഇന്ത്യ ലക്ഷ്യമിടുന്നത് ഇതു തന്നെയാണ്. എന്നാല്‍ മറുഭാഗത്തു ശ്രീലങ്കയോടു അവരുടെ നാട്ടില്‍ 0-2നു തൂത്തുവാരപ്പെട്ട ശേഷമാണ് ന്യൂസിലാന്‍ഡിന്റെ വരവ്. ഇന്ത്യയിലും അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാത്തിരിക്കാന്‍ അവര്‍ കൈയ്‌മെയ് മറന്ന് പൊരുതുമെന്നുറപ്പാണ്.
ബെംഗളൂരുവിലെ പിച്ച് തുടക്കത്തില്‍ പേസര്‍മാരെയും കളി പുരോഗമിക്കവെ സ്പന്നര്‍മാരെയും തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ മൂന്നു പേസര്‍മാരെയും രണ്ടു സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിച്ചേക്കുക. അക്ഷര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല.
സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ്ദീപ്, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ബ്ലെണ്ടല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, വില്‍ ഒറൂര്‍ക്കി, അജാസ് പട്ടേല്‍.