വഡോദര: ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു നാലു വിക്കറ്റിന്റെ ത്രില്ലിങ് വിജയം. 301 റണ്‍സിന്റെ വലിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു സമയത്തു അനായാസം മുന്നേറിയെങ്കിലും ക്ലൈമാക്‌സില്‍ ചെറുതായി വിയര്‍ത്തു. എങ്കിലും ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ വിജയം പിടിച്ചെടുക്കാന്‍ ഇന്ത്യക്കു സാധിച്ചു.
ചേസ് മാസ്റ്ററായ വിരാട് കോലിയുടെ (93) ഇന്നിങ്‌സാണ് കളിയില്‍ ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. 91 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറും അദ്ദേഹം പായിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (56), ശ്രേസയ് അയ്യര്‍ (49) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഫിനിഷിങില്‍ കെഎല്‍ രാഹുലിന്റെയും (29*) ഹര്‍ഷിത് റാണയുടെയും (29) ഇന്നിങ്‌സുകളും ജയത്തില്‍ നിര്‍ണായകമായി മാറി.

കോലി- ഗില്‍ ജോടി രണ്ടാം വിക്കറ്റില്‍ 107 ബോളില്‍ 118 റണ്‍സ് അടിച്ചെടുത്തു. ഗില്‍ മടങ്ങിയ ശേഷം മൂന്നാം വിക്കറ്റില്‍ കോലി- ശ്രേയസ് 77 റണ്‍സെടുത്തോടെ ഇന്ത്യ അനായാസം മുന്നേറി. പക്ഷെ ഇരുവരും അടുത്തടുത്ത ഇടവേളയില്‍ മടങ്ങിയപ്പോള്‍ ഇന്ത്യ പതറി. എന്നാല്‍ രാഹുലും ഹര്‍ഷിത്തും ചേര്‍ന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു.
മിച്ചെലിലേറി കിവികള്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡിനെ എട്ടു വിക്കറ്റിന് 300 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത് മൂന്നു പേരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ്. അക്കൂട്ടത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് പരിചയ സമ്പന്നനായ ഡാരില്‍ മിച്ചെലിന്റെ ഇന്നിങ്‌സാണ്. 84 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 71 ബോളില്‍
അഞ്ചു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് മിച്ചെലിന്റെ ഇന്നിങ്‌സ്.
ഓപ്പണിങ് ജോടികളായ ഹെന്‍ട്രി നിക്കോള്‍സ് (62), ഡെവന്‍ കോണ്‍വേ (56) എന്നിവരാണ് കിവികളുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വാലറ്റത്ത് ക്രിസ്റ്റിയന്‍ ക്ലാര്‍ക്കും (27*) മോശമല്ലാത് സംഭാവന നല്‍കി. ആഗ്രഹിച്ച തുടക്കമാണ് നിക്കോള്‍സ്- കോണ്‍വേ ജോടി ന്യൂസിലാന്‍ഡിനു നല്‍കിയത്.
ആദ്യ വിക്കറ്റില്‍ 117 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ സഖ്യത്തിനായിരുന്നു. എന്നാല്‍ രണ്ടോവറിനിടെ രണ്ടു ഓപ്പണര്‍മാരെയും മടക്കി ഹര്‍ഷിത് റാണ ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പിന്നീട് മധ്യ ഓവറുകളില്‍ ഇന്ത്യ കൃത്യമായ ഇടവേളയില്‍ വിക്കറ്റെടുത്തു കൊണ്ടിരുന്നു.
പക്ഷെ ക്രീസിന്റെ മറുഭാഗത്തു നങ്കൂരമിട്ടു കളിച്ച മിച്ചെല്‍ ടീമിനെ മുന്നോട്ടു നയിച്ചു. ഒരു സമയത്തു കിവികള്‍ ഏഴിന്ന 239ലേക്കു വീണിരുന്നു. ഇതോടെ 250-260 റണ്‍സില്‍ അവര്‍ ഓള്‍ഔട്ടാവുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. മിച്ചെലിന്റെയും ക്ലാര്‍ക്കിന്റെയും മികച്ച ഫിനിഷിങ് ടീമിനെ 300ലെത്തിക്കുകയായിരുന്നു.
ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയ ഇന്ത്യ പകരം മുഹമ്മദ് സിറാജിനാപ്പം ഹര്‍ഷിക് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും കളിപ്പിക്കുകയായിരുന്നു.
പ്ലെയിങ് 11
ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, ഹെന്‍ട്രി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സക്കാറി ഫോക്‌സ്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ആദിത്യ അശോക്.