
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റില്‍ പരാജയമുഖത്തും നിന്നും സാഹസികമായി രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് ന്യൂസിലാന്‍ഡ്. അവസാന വിക്കറ്റെടുക്കാന്‍ കഴിയാതെ ഇന്ത്യ വലഞ്ഞതോടെയാണ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചത്. 284 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവികള്‍ ഒമ്പതു വിക്കറ്റിനു 165 റണ്‍സെടുക്കുകയായിരുന്നു.
ടെസ്റ്റില്‍ കിവികളെ രക്ഷിച്ചതാവട്ടെ രണ്ടു ഇന്ത്യക്കാരുമായിരുന്നു. ഇന്ത്യന്‍ വംശദജരായ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലുമായിരുന്നു അവസാന വിക്കറ്റില്‍ ക്രീസില്‍. 52 ബോളുകള്‍ എറിഞ്ഞിട്ടും ഈ ജോടിയെ വേര്‍പിരിക്കാന്‍ ഇന്ത്യക്കായില്ല. 10 റണ്‍സാണ് ഇത്രയും ബോളുകളില്‍ രണ്ടു പേരും കൂടി നേടിയത്. റണ്‍സിനേക്കാള്‍ പ്രധാനമായി വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കാനായിരുന്നു രചിനും അജാസും ശ്രമിച്ചത്. 91 ബോളുകളില്‍ നിന്നും രചിന്‍ 18 റണ്‍സും 23ബോളുകളില്‍ നിന്നും അജാസ് രണ്ടു റണ്‍സുമാണെടുത്തത്.

മല്‍സരത്തിലെ അനുഭവത്തെക്കുറിച്ച് രചിനും അജാസും മനസ്സ് തുറക്കുന്ന വീഡിയോ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പങ്കുവച്ചിരിക്കുകയാണ്. അവരുടെ ട്വിറ്റര്‍ ഹാന്റിലിലൂയെയായിരുന്നു ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ടു പേരും മനസ്സ് തുറന്നത്. കന്നി ടെസ്റ്റില്‍ കളിക്കുമ്പോള്‍ തനിക്കു വലിയ പരിഭ്രമം ഉണ്ടായിരുന്നതായി രചിനോടു അജാസ് പറഞ്ഞു. ആദ്യത്തെ ടെസ്റ്റ് മല്‍സരം എനിക്കോര്‍മയുണ്ട്. ഞാന്‍ അല്‍പ്പം പരിഭ്രമിച്ചിരുന്നു, ആദ്യമായി ബോള്‍ ലഭിച്ചപ്പോള്‍ കൈകള്‍ വിറച്ചുവെന്നും അജാസ് വെളിപ്പെടുത്തി. നിന്റെ അനുഭവം എങ്ങനെയായിരുന്നുവെന്ന് അദ്ദേഹം രചിനോടു തിരിച്ചു ചോദിക്കുകയും ചെയ്തു.

ബൗളിങില്‍ ഞാന്‍ അല്‍പ്പം പരിഭ്രമിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബൗള്‍ ചെയ്യാനുള്ള ഊഴം വന്നപ്പോള്‍ ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു.
പക്ഷെ ആദ്യത്തെ കുറച്ചു ബോളുകള്‍ക്കു ശേഷം എല്ലാം ശരിയായി. ഭാഗ്യവശാല്‍ ഞാന്‍ നേരത്തേ ചെയ്തു കൊണ്ടിരുന്നത് തന്നെ ചെയ്യാന്‍ സാധിച്ചതായും 22 കാരനായ രചിന്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ആരാധകര്‍ക്കു മുന്നില്‍ കളിക്കാനായത് വലിയ അനുഭവമായിരുന്നു. ഇതു ഏറെ ആഹ്ലാദം നല്‍കി. എന്റെ കരിയറില്‍ അച്ഛനും അമ്മയുമുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. ഇരുവരും ഇപ്പോള്‍ ഏറെ അഭിമാനിക്കുന്നുണ്ടാവുമെന്ന് തനിക്കുറപ്പുണ്ടെന്നും രചിന്‍ മനസ്സ്തുറന്നു. ബ്രോ, നമ്മള്‍ ഒരുമിച്ചതു നേടിതായും ടെസ്റ്റില്‍ അവസാന വിക്കറ്റിലെ കൂട്ടുകെട്ടിനെക്കുറിച്ച് അജാസിനോടു രചിന്‍ പറഞ്ഞു.
ആവേശകരമായ മല്‍സരം
ഒരു ടെസ്റ്റ് മല്‍സരത്തിന്റെ മുഴുവന്‍ ആവേശവും നിറഞ്ഞതായിരുന്നു കാണ്‍പൂര്‍ ടെസ്റ്റ്. അഞ്ചാമത്തെയും അവസാനത്തെയും ദിനത്തിലെ അവസാന ബോള്‍ വരെ മല്‍സരഫലം അപ്രവചനീയമായിരുന്നു. ഇന്ത്യ അവസാന വിക്കറ്റെടുത്ത് വിജയം കൊയ്യാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും രചിന്‍ രവീന്ദ്ര- അജാസ് പട്ടേല്‍ സഖ്യത്തെ വേര്‍പിരിക്കാനായില്ല. ഇന്ത്യന്‍ താരങ്ങള്‍ മുഴുവന്‍ ഇരുവരും ബാറ്റ് ചെയ്യവെ ചുറ്റും വട്ടമിട്ടു ക്യാച്ചിനായി കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. സ്പിന്‍ ത്രയങ്ങളായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മാറി മാറി പരീക്ഷിച്ചിട്ടും ഒരു ക്യാച്ചോ, എല്‍ബിഡബ്ല്യു അവസരമോ പോലും ലഭിച്ചില്ല.
ആദ്യ ടെസ്റ്റിലെ പ്ലെയിങ് ഇലവന്‍-
ഇന്ത്യ- മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.
ന്യൂസിസലാന്‍ഡ്- ടോം ലാതം, വില്‍ യങ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, കൈല്‍ ജാമിസണ്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്ല്യം സോമര്‍വില്ലെ.