മുംബൈ: ഇന്ത്യന്‍ ടീമിന്റെ വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം റദ്ദാക്കണമെന്ന ആവശ്യവുമായി ആരാധകര്‍. ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ടീമിനു വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടതിനു പിന്നാലെയായായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തുവന്നത്. 147 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ഇന്ത്യ അഞ്ചു വിക്കറ്റിനു 28 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആരാധകരുടെ വിചിത്രമായ ആവശ്യം.
അടുത്ത മാസമാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കുന്നത്. ഒരു പിങ്ക് ബോള്‍ ടെസ്റ്റുള്‍പ്പെടെ (ഡേ- നൈറ്റ് ടെസ്റ്റ്) അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ കളിക്കുക.

ഓസീസ് പര്യടനം റദ്ദാക്കൂ
രോഹിത് ശര്‍മ നിയിക്കുന്ന ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയയിലേക്കു ടെസ്റ്റ് പരമ്പരയ്ക്കായി അയക്കുന്നത് ആത്മഹത്യാ പരമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്.
അടുത്ത മാസത്തെ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യന്‍ ടീം റദ്ദാക്കണം. ദുര്‍ബലമായ ന്യൂസിലാന്‍ഡ് ടീമിനെതിരേ സ്വന്തം നാട്ടില്‍ പോലും പിടിച്ചുനില്‍ക്കാനുള്ള ശേഷി ഇപ്പോഴത്തെ ഇന്ത്യക്കില്ല. അതുകൊണ്ടു തന്നെ ഓസ്‌ട്രേിയയില്‍ ഈ ടീം കളിച്ചാല്‍ എത്ര മാത്രം വലിയ ദുരന്തമായിരിക്കും സംഭവിക്കുകയെന്നു ഭയക്കുക തന്നെ വേണമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ടെസ്റ്റ് ചരിത്ത്രില്‍ ഇത്രയും ഭയാനകമായ ഒരു അവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല. ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടെസ്റ്റിലും തോല്‍ക്കുകയാണെങ്കില്‍ വലിയ രീതിയിലുള്ള അഴിച്ചുപണി തന്നെ ഇന്ത്യന്‍ ടീമില്‍ ബിസിസിഐ നടത്തിയേ തീരൂവെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയയില്‍ നാണംകെടും
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വലിയ ദുരന്തം തന്നെയാണ് രോഹിത് ശര്‍മയെയും സംഘത്തെയും കാത്തിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മല്‍സരം പോലും ജയിക്കാനാവാതെ ഇന്ത്യക്കു നാണംകെട്ടു മടങ്ങേണ്ടി വരും. ഭൂരിഭാഗം ഇന്നിങ്‌സുകളിലും ഇന്ത്യന്‍ ടീം 150 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയമാണ്. അത്ര മാത്രം പരിതാപകരമാണ് ഇപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഫോമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
അടുത്ത വര്‍ഷത്തെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ ടീം ഉണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാനാവാതെ നാണംകെട്ട് ഇന്ത്യക്കു മടങ്ങേണ്ടി വരും. ഓസീസ് പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വന്‍ അഴിച്ചുപണി തന്നെ ആവശ്യമാണ്. രോഹിത് ശര്‍മയെയും വിരാട് കോലിയെയും ടീമില്‍ നിന്നും പുറത്താക്കുകയും പുതിയൊരു നായകനെ ഇന്ത്യ നിയമിക്കുകയും വേണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ദുരന്തമായി ഇന്ത്യന്‍ ബാറ്റിങ്
ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര വന്‍ ദുരന്തമായി മാറിയിരുന്നു. പരമ്പരയിലെ ആറിന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു 400ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു ഇത്. 402 റണ്‍സാണ് അന്നു ഇന്ത്യ സ്‌കോര്‍ ചെയ്തത്. ഇതു മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച ഇന്നിങ്‌സുകളില്‍ 46, 156, 245, 263 എന്നിങ്ങനെയാണ് ഇന്ത്യന്‍ ടീമിന്റെ ടോട്ടലുകള്‍.
ബെംഗളൂരുവിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ 46 റണ്‍സെന്നത് സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ കൂടിയാണ്. ഈ പരമ്പരയില്‍ ഇന്ത്യയുടെ 13 പേരാണ് ഇതിനകം ഡെക്കായി മടങ്ങിയത്. ഇതും വലിയ നാണക്കേടാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു പരമ്പരയില്‍ ഇന്ത്യയുടെ ഇത്രയുമധികം പേര്‍ പൂജ്യത്തിന് ഔട്ടായത് ഇതാദ്യമായിട്ടാണ്.