പൂനെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരേ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം പഴികേട്ട രോഹിത് ശര്‍മയ്ക്കു ഫീല്‍ഡിങിന്റെ പേരിലും വിമര്‍ശനം. മൂന്നാംദിനം രാവിലെ ന്യൂസിലാന്‍ഡിന്റെ ഒരു അനായാസ ക്യാച്ച് താഴെയിട്ടതോടെയാണ് ഇന്ത്യന്‍ നായകനെ പ്രതിക്കൂട്ടിലായത്. ഉറപ്പായും കൈകളിലൊതുങ്ങേണ്ട ക്യാച്ചാണ് രോഹിത് താഴെയിട്ടു കളഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്.
അതേസമയം, പൂനെ ടെസ്റ്റില്‍ 359 റണ്‍സിന്റെ കടുപ്പമേറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയിരിക്കുന്നത്. നാലാം ദിനം ആദ്യ സെഷനില്‍ തന്നെ കിവികള്‍ രണ്ടാമിന്നിങ്‌സില്‍ 255 റണ്‍സിനു പുറത്താവുകയായിരുന്നു. മൂന്നു ടെസ്റ്റുകളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ജയിച്ചേ തീരൂ.

രോഹിത്തിന്റെ ക്യാച്ച് നഷ്ടം
ന്യൂസിലാന്‍ഡിന്റെ രണ്ടാമിന്നിങ്‌സിലെ 55ാം ഓവറിലായിരുന്നു രോഹിത് ശര്‍മ വളരെ അനായാസം പിടിക്കാമായിരുന്ന ക്യാച്ച് കൈവിട്ടത്. ഈ ഓവര്‍ ആരംഭിക്കുമ്പോള്‍ കിവികള്‍ അഞ്ചു വിക്കറ്റിനു 199 റണ്‍സെന്ന നിലയിലായിരുന്നു. 30 റണ്‍സോടെ ടോം ബ്ലെണ്ടലും 10 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമായിരുന്നു ക്രീസില്‍.
ആദ്യ ബോള്‍ നേരിട്ട ഫിലിപ്‌സിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോള്‍ പ്രതിരോധിക്കാനാണ് താരം ശ്രമിച്ചത്. പക്ഷെ പിച്ച് ചെയ്ത് ടേണായ ബോള്‍ ഫിലിപ്‌സിന്റെ ബാറ്റില്‍ എഡ്ജായി പിറകിലേക്ക്. സ്ലിപ്പിലുണ്ടായിരുന്നത് രോഹിത് ശര്‍മ മാത്രമായിരുന്നു. എഡ്ജായ ബോള്‍ അദ്ദേഹത്തിന്റെ നേരെയാണ് വന്നത്. പക്ഷെ അതു ക്യാച്ച് ചെയ്യാന്‍ ശ്രമിക്കാതെ രോഹിത് നോക്കി നിന്നു. ഇതോടെ റിഷഭ് പന്തിനും രോഹിത്തിനുമിടയിലൂടെ ബോള്‍ നേരെ ബൗണ്ടറിയിലേക്കും പാഞ്ഞു.
ഇതു കണ്ട ആര്‍ അശ്വിന്‍ വളരെയധികം നിരാശനായണ് കാണപ്പെട്ടത്. കാരണം ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് രോഹിത്തിന്റെ പിഴവിനെ തുടര്‍ന്നു അശ്വിനും ഇന്ത്യക്കും നഷ്ടമായത്. രോഹിത് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഫിലിപ്‌സ് വെറും 10 റണ്‍സിനു പുറത്താവുമായിരുന്നു. ന്യൂസിലാന്‍ഡ് ആറു വിക്കറ്റിനു 199 റണ്‍സിലേക്കും വീണേനെ.
ഇന്ത്യ ആയുസ് നീട്ടിക്കൊടുത്തതോടെ ഫിലിപ്‌സ് ഇതു ശരിക്കും മുതലാക്കുകയും ചെയ്തു. പുറത്താവാതെ 48 റണ്‍സുമായി കിവികളുടെ രണ്ടാമത്തെ മികച്ച സ്‌കോററായും അദ്ദേഹം മാറി. 82 ബോളുകള്‍ നേരിട്ട ഫിലിപ്‌സിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഫിലിപ്‌സിനെ നേരത്തേ മടക്കിയിരുന്നെങ്കില്‍ വിജയലക്ഷ്യം 350 റണ്‍സില്‍ താഴെയായി കുറയ്ക്കാനും ഇന്ത്യക്കു സാധിച്ചേനെ.

വന്‍ വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് രോഹിത് ശര്‍മ നേരിട്ടു കൊണ്ടിരിക്കുന്നത്. രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനു വലിയ ബാധ്യയായി മാറിക്കൊണ്ടിരിക്കുകയാണ്. ബാറ്റിങറിയില്ല, ക്യാപ്റ്റന്‍സിയും ദയനീയം, ക്യാച്ചിങിലും ദുരന്തമാണ്. ഇങ്ങനെയൊരാള്‍ ടീമില്‍ പോലും സ്ഥാനമര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
രോഹിത് ശര്‍മ ഇപ്പോള്‍ ഫീല്‍ഡിങില്‍ വളരെയധികം അലസനായാണ് കാണപ്പെടുന്നത്. പ്രത്യേകിച്ചും ഈ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഫീല്‍ഡിങ് വളരെ മോശമായിരുന്നു. പ്രായവും ഫിറ്റ്‌നസുമെല്ലാം രോഹിത്തിന്റെ ഫീല്‍ഡിങിനെയും ബാധിച്ചിട്ടുണ്ട്. ഈ തരത്തില്‍ ഫീല്‍ഡിങില്‍ ദൗര്‍ബല്യമുള്ളവര്‍ സ്ലിപ്പ് പോലെയുള്ള നിര്‍ണായക പൊസിഷനുകളില്‍ ഫീല്‍ഡ് ചെയ്യരുതെന്നും ആരാധകര്‍ ആവശ്യപ്പെടുകയാണ്.
പൂനെ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം പിഴവുകള്‍ വരുത്തിയ താരങ്ങള്‍ റിഷഭ് പന്തും രോഹിത് ശര്‍മയുമാണ്. ഇരുവരും ഫീല്‍ഡിങില്‍ കുറേക്കൂടി മിടുക്ക് കാണിച്ചിരുന്നെങ്കില്‍ വിജയക്ഷ്യം 290-300 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.