പൂനെ: ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം വന്‍ ബാറ്റിങ് തകര്‍ച്ച നേരിടവെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് റിഷഭ് പന്ത് നേരിട്ടു കൊണ്ടിരിക്കുന്നത്. കളിയില്‍ ടീം പതറുന്ന ഘട്ടത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. 19 ബോളില്‍ രണ്ടു ഫോറുകളടക്കം 18 റണ്‍സ് നേടിയാണ് റിഷഭ് മടങ്ങിയത്.
ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 259 റണ്‍സ് പിന്തുടരുന്ന ഇന്ത്യ രണ്ടാംദിനം 42 ഓവറുകള്‍ പിന്നിടവെ ഏഴു വിക്കറ്റിനു 127 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ കിവികള്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 132 റണ്‍സ് കൂടി വേണം.

റിഷഭിന്റെ പുറത്താവല്‍
രണ്ടാംദിനം ആദ്യത്തെ സെഷനിലാണ് റിഷഭ് പന്ത് പുറത്തായത്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ഗ്ലെന്‍ ഫിലിപ്‌സ് അദ്ദേഹത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 32ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു റിഷഭ് വീണ്ടത്. ടീം അപ്പോള്‍ നാലു വിക്കറ്റിനു 83 റണ്‍സെന്ന നിലയിലായിരുന്നു. നാലു റണ്‍സുമായി യുവതാരം സര്‍ഫറാസ് ഖാനായിരുന്നു അപ്പോള്‍ ക്രീസില്‍.
സര്‍ഫറാസിനെ കൂട്ടുപിടിച്ച് മികച്ചൊരു കൂട്ടുകെട്ടുാമായി ടീമിനെ റിഷഭ് കരകയറ്റുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ സാഹചര്യമോ, പിച്ചിന്റെ സ്വഭാവമോ ഒട്ടും പരിഗണിക്കാതെ അദ്ദേഹം തികച്ചും അലക്ഷ്യമായ ഷോട്ട് കളിക്കുകയായിരുന്നു. പുള്‍ ഷോട്ട് കളിക്കാനായിരുന്നു റിഷഭിന്റെ ശ്രമം.
പക്ഷെ ബോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ താഴ്ന്നായിരുന്നു വന്നത്. അദ്ദേഹത്തിന്റെ ടൈമിങ് പാളിയതോടെ ബോള്‍ നേരെ വിക്കറ്റുകളില്‍ പതിക്കുകയും ചെയ്തു. ആ ഷോട്ട് കളിക്കേണ്ടി വന്നതില്‍ റിഷഭ് വളരെയധികം ക്ഷുഭിതനും നിരാശനുമായാണ് കാണപ്പെട്ടത്. ആക്രോശിച്ചു കൊണ്ടാണ് അദ്ദേഹം ക്രീസ് വിട്ടത്.
വിക്കറ്റ് കീപ്പിങിലും നിരാശപ്പെടുത്തി
ആദ്യദിനം വിക്കറ്റ് കീപ്പിങിലും റിഷഭ് പന്തിന്റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങിയിരുന്നു. ഒന്നിലേറെ തവണ ബോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും വഴുതിപ്പോയിരുന്നു. കൂടാതെ വാഷിങ്ടണ്‍ സുന്ദറിന്റെ ബൗളിങില്‍ ടിം സൗത്തിയുടെ ഒരു അനായാസ ക്യാച്ച് റിഷഭ് താഴെയിടുകയും ചെയ്തിരുന്നു.
കൂടാതെ റിവ്യു എടുക്കുന്ന കാര്യത്തിലും റിഷഭ് വേണ്ടത്ര മികവ് പുലര്‍ത്തിയിരുന്നില്ല. ഇതു കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കാര്യങ്ങള്‍ കടുപ്പമായി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ദിനം ബാറ്റിങിലും റിഷഭ് ഫ്‌ളോപ്പായി മാറിയത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ റിഷഭിനെതിരേ അവര്‍ ആഞ്ഞടിക്കുകയും ചെയ്യുകയായിരുന്നു.
വാളെടുത്ത് ഫാന്‍സ്
സോഷ്യല്‍ മീഡിയയില്‍ റിഷഭ് പന്തിനെതിരേ രൂക്ഷവിമര്‍ഷനങ്ങളുമായി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ബാറ്റിങിലും അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. റിഷഭ് പന്താണ് എന്താണ് ഈ തരത്തില്‍ നിരുത്തരവാദപരമായി ബാറ്റ് ചെയ്യുന്നത്?
അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്നതൊക്കെ നല്ലതു തന്നെയാണ്. പക്ഷെ അതിനു സാഹചര്യം കൂടി അല്‍പ്പമെങ്കിലും പരിഗണിക്കണം. ബാറ്റിങ് ഏറെ ദുഷ്‌കരമായ ഒരു പിച്ചില്‍, ടീം വലിയ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ഈ തരത്തിലുള്ള ഷോട്ട് കളിക്കേണ്ടിയിരുന്നോ എന്നതാണ് ചോദ്യം.
അനുഭവസമ്പത്ത് തീരെയില്ലാത്ത സര്‍ഫറാസ് ഖാനായിരുന്നു ക്രീസിന്റെ മറുവശത്തുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കുറേക്കൂടി ഉത്തരവാദിത്വം റിഷഭ് ഏറ്റെടുക്കണമായിരുന്നു. പകരം അലക്ഷ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞത് ശരിയായില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.