ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും മുന്‍ നായകന്‍ രോഹിത് ശര്‍മയും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്നു നേരത്തേ തന്നെ പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളാണ്. തീര്‍ത്തും അപ്രതീക്ഷിതമായി ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും രോഹിത്തിനെ മാറ്റിയതോടെയാണ് ഇവര്‍ക്കിടയിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.
അതിനു ശേഷം ഗംഭീറുമായി അദ്ദേഹം അത്ര അടുത്ത് ഇടപഴകാറില്ലെന്നും പലപ്പോഴും അകലം പാലിക്കുകയാണ് ചെയ്യാറുള്ളതെന്നും അണിയറ വൃത്തങ്ങള്‍ പറയുന്നു. ഇപ്പോഴിതാ ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തിനു ശേഷം രോഹിത്തും ഗംഭീറും തമ്മില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കിച്ചതാണോയെന്ന സംശയങ്ങളും പലരും പ്രകടിപ്പിക്കുന്നുണ്ട്.

photocredit/ X
സംഭവിച്ചതെന്ത്?
കഴിഞ്ഞ ഞായറാഴ്ച വഡോദരയിലാണ് ആദ്യ ഏകദിനം നടന്നത്. ആവേശകരമായ റണ്‍ചേസിനൊടുവില്‍ ഇന്ത്യ നാലു വിക്കറ്റിന്റെ വിജയവും സ്വന്തമാക്കിയിരുന്നു. മല്‍സരത്തിനു ശേഷം കോച്ച് ഗൗതം ഗംഭീര്‍, ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക് എന്നിവരുമായി ഡ്രസിങ് റൂമില്‍ വച്ച് രോഹിത് ശര്‍മ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഫീല്‍ഡിങ് കോച്ചായ ടി ദിലീപിനെയും ഇവര്‍ക്കൊപ്പം കാണാം.
എന്നാല്‍ അതു അത്ര നല്ല രീതിയിലുള്ള ചര്‍ച്ചകള്‍ മാത്രമായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം രോഹിത്തിന്റെ മുഖം അത്ര തെളിഞ്ഞായിരുന്നില്ല ഈ ദൃശ്യങ്ങളില്‍ കാണപ്പെട്ടത്. ഗംഭീറും കോട്ടക്കുമായി സംസാരിക്കവെ അദ്ദേഹം ഇടയ്ക്കു തലയാട്ടുന്നതും അതൃപ്തി പ്രകടപ്പിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
ഇതോടെയാണ് ഗംഭീറുമായി ചില കാര്യങ്ങളുടെ പേരില്‍ രോഹിത് തര്‍ക്കിച്ചതാവാമെന്ന തരത്തിലുള്ള സംശയങ്ങളുമുയരുന്നത്. പക്ഷെ ഈ കാര്യം സ്ഥിരീകരിക്കുക അസാധ്യവുമാണ്, കാരണം കാണികളില്‍ ആരോ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഇവര്‍ക്കിടയില്‍ എന്താവാം സംസാരിച്ചതെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല.
ഗംഭീറും കോട്ടക്കുമായി സംസാരിക്കുന്ന രോഹിത് ശര്‍മ. വീഡിയോ കാണാം
ബൗളിങിനിടെ പരിക്കേറ്റ് നടക്കാന്‍ പോലും വിഷമിച്ച വാഷിങ്ടണ്‍ സുന്ദറിനെ കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങിനായി ക്രീസിലേക്ക് അയച്ചതിന്റെ ടീം മാനേജ്‌മെന്റ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫടക്കമുള്ളവര്‍ ഗംഭീറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തന്നെയാണോ ഗംഭീര്‍, കോട്ടക്ക് എന്നിവരുമായി ചര്‍ച്ച ചെയ്തതെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. കാരണം സ്വന്തം ടീമംഗങ്ങളെ എല്ലായ്‌പ്പോഴും സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാറുള്ളയാളാണ് രോഹിത്. നേരത്തേ ക്യാപ്റ്റനായപ്പോഴും അദ്ദേഹം അങ്ങനെയായിരുന്നു. ടീമിലെ ഒരാള്‍ക്കു ദോഷകരമായേക്കാവുന്ന പ്രവര്‍ത്തികളും രോഹിത്തിന്റെ ഭാഗത്തു നിന്നുമുണ്ടാവാറില്ല.

പരിക്ക് വകവയ്ക്കാതെ വാഷിങ്ടണിനെ ബാറ്റിങിന് അയച്ചതു കാരണം ഇന്ത്യക്കു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പരിക്ക് കൂടുതല്‍ വഷളായതോടെ പമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നിരിക്കുകയാണ്. ഈ മാസം 21 മുതല്‍ ന്യൂസിലാന്‍ഡുമായി തുടങ്ങാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ വാഷിങ്ടണ്‍ കളിക്കുമോയെന്നതും സംശയമാണ്.
കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പാണ് ഏകദിന ടീമിന്റെ നായകസ്ഥാനത്തു രോഹിത് മാറ്റപ്പെടുന്നത്. പകരം വൈസ് ക്യാപ്റ്റന്‍ കൂടിയായ യുവതാരം ശുഭ്മന്‍ ഗില്ലിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
ക്യാപ്റ്റന്‍സിയില്ലെങ്കിലും ടീമിന്റെ പല കാര്യങ്ങളിലും രോഹിത് ഇടപെടുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. മുന്‍ പരമ്പരകള്‍ക്കിടെയും ഗംഭീറുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.