ഇന്‍ഡോര്‍: ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ഏകദിനവും അതോടൊപ്പം പരമ്പരയും കൈവിട്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് ഹര്‍ഷിത് റാണയുടെ ബാറ്റിങ് പ്രകടനം. വെറുമൊരു ഫാസ്റ്റ് ബൗളറില്‍ നിന്നും ഓള്‍റൗണ്ടറുടെ റോളിലേക്കു അദ്ദേഹം വളരുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ കുറിച്ച കന്നി ഫിഫ്റ്റി നല്‍കുന്ന സൂചനയും ഇതുതന്നെ.
എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ശേഷം 52 റണ്‍സ് നേടിയാണ് ഹര്‍ഷിത് ക്രീസ് വിട്ടത്. 43 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു വീതം ഫോറും സിക്‌സറുമടിക്കുകയും ചെയ്തു. തോല്‍വിയുറപ്പിച്ച കളിയില്‍ ടീമിനു വിജയപ്രതീക്ഷ നല്‍കിയതും ഹര്‍ഷിത്തിന്റെ ഇന്നിങ്‌സാണ്. പക്ഷെ അദ്ദേഹം പുറത്തായതോടെ കിവികള്‍ 41 റണ്‍സിന്റെ വിജയവും പിടിച്ചെടുത്തു.
ഹര്‍ഷിത്തിന്റെ വിക്കറ്റ് തന്നെയാണ് കളിയിലെ ടേണിങ് പോയിന്റെന്നും ഉറപ്പിച്ചു പറയാം. എന്നാല്‍ കോച്ച് ഗൗതം ഗംഭീറിന്റെയും വിരാട് കോലിയുടെയും ഉപദേശം നിരസിച്ചതാണ് അദ്ദേഹത്തിനു വിനയായത്. ഹര്‍ഷിത് അതുള്‍ക്കൊണ്ട് കുറേക്കൂടി ജാഗ്രത പാലിച്ചിരുന്നതെങ്കില്‍ ഒരുപക്ഷെ ഇന്ത്യ മല്‍സരം ജയിക്കുമായിരുന്നു. ഹര്‍ഷിത്തിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് എന്താണെന്നറിയാം.

ഹര്‍ഷിത് കാണിച്ച അബദ്ധമെന്ത്?
ഇന്‍ഡോറില്‍ നടന്ന മല്‍സരത്തില്‍ 338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ 33ാം ഓവറില്‍ രവീന്ദ്ര ജഡേജ (12) പുറത്തായ ശേഷമാണ് ഹര്‍ഷിത് റാണ ക്രീസിലെത്തിയത്. ഇന്ത്യ അപ്പോള്‍ ആറു വിക്കറ്റിനു 178 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു.
72 റണ്‍സുമായി വിരാട് കോലി അപ്പോള്‍ ക്രീസിലുണ്ടായിരുന്നങ്കിലും അവസാന അംഗീകൃത ബാറ്ററെയാണ് ജഡേജയിലൂടെ ഇന്ത്യക്കു നഷ്ടമായത്. ഹര്‍ഷിത്തടക്കം തുടര്‍ന്നുള്ളവരെല്ലാം ബൗളര്‍മാരുമാണ്. പക്ഷെ തനിക്കു ബാറ്റിങും നന്നായി വഴങ്ങുമെന്നു ഹര്‍ഷിത് കാണിച്ചു തന്നു. കോലിക്കൊപ്പം ഏഴാം വിക്കറ്റില്‍ 99 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് താരം പടുത്തുയര്‍ത്തി. വെറും 69 ബോളുകളിലാണിത്.
ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതായിരുന്നു. കോലിക്കു മികച്ച പിന്തുണയുമായി ഹര്‍ഷിത്തും തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയവും സ്വപ്‌നം കാണാന്‍ തുടങ്ങി. കൈല്‍ ജാമിസണെറിഞ്ഞ 43ാം ഓവറില്‍ ടീം വാരിക്കൂട്ടിയത് 21 റണ്‍സാണ്. രണ്ടു സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടും. ഇതോടെ ഇന്ത്യന്‍ ടോട്ടല്‍ ആറു വിക്കറ്റിനു 270 റണ്‍സിലെത്തുകയും ചെയ്തു.
നാലു വിക്കറ്റി കൈയിലിരിക്കെ അവസാന ഏഴോവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 68 റണ്‍സാണ്. ഒന്നോ, രണ്ടോ 15-20 റണ്‍സ് ഓവര്‍ ലഭിച്ചാല്‍ ബോളും ആവശ്യമായ റണ്‍സും തുല്യമാവുകയും ചെയ്യം. 44ാം ഓവര്‍ ബൗള്‍ ചെയ്തത് പേസര്‍ സക്കാരി ഫോക്‌സാണ്. ആദ്യ ബോള്‍ നേരിട്ട കോലി സിംഗിളെടുത്തു.
അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. ഹര്‍ഷിത് ഇതു ലോങ് ഓണിനു മുകളലിലൂടെ സിക്‌സറിലേക്കു പറത്തി. ഇതോടെ കന്നി ഫിഫ്റ്റിയും താരം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ഡ്രസിങ് റൂമും ആരാധകരുമെല്ലാം ഒരുപോലെ സന്തോഷിച്ച നിമിഷമായിരുന്നു ഇത്.
ഫിഫ്റ്റിക്കു ശേഷം ഹര്‍ഷിത് ഡ്രസിങ് റൂമിനു നേരേ നോക്കി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

Photocredit/X
എഴുന്നേറ്റ് നിന്ന് കൈയടിച്ച ഗംഭീര്‍ ഒരു നിര്‍ദേശം മാത്രം നനേല്‍കിയുള്ളൂ. ശ്രദ്ധയോടെ കളിക്കാനും കോലിക്കു പിന്തുണ നല്‍കാനുമായിരുന്നു ഉപഗദേശം. കാരണം കരിയറിലെ ആദ്യ ഫിഫ്റ്റി ആയതിനാല്‍ തന്നെ ഹര്‍ഷിത് ആവേശം കാണിച്ച് വിക്കറ്റ് കൈവിട്ടേക്കാമെന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഫിഫ്റ്റി നേടിയ ശേഷം അഭിനന്ദിക്കവെ ബാറ്റിങ് പങ്കാളിയായ കോലിയും ഉപദേശിച്ചത് ഇതാണ്. സ്‌ട്രൈക്ക് റൊട്ടേറ്റ് ഇതേ രീതിയില്‍ മുന്നോട്ടുപോവാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നു കൈകൊണ്ടുള്ള ആംഗ്യത്തില്‍ നിന്നും വ്യക്തമാണ്. പക്ഷെ കോച്ചിന്റെയും ക്യാപ്റ്റന്റെയും ഉപദേശം ഹര്‍ഷിത് കേട്ടില്ല.
അടുത്ത ബോളില്‍ റണ്ണെടുക്കാന്‍ കഴിയാതെ പോയ താരം തൊട്ടടുത്ത ബോളില്‍ പുറത്തായി. ഫുള്‍ ടോസിനെതിരേ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ഹര്‍ഷിത്തിനെ ലോങ്ഓണില്‍ ഹെന്‍ട്രി നിക്കോള്‍സ് മികച്ചൊരു ക്യാച്ചിലൂടെ മടക്കി. ടീമിന്റെ തകര്‍ച്ചയും ഇതോടെ തുടങ്ങി. അടുത്ത ബോളില്‍ മുഹമ്മദ് സിറാദ് (0) പുറത്ത്. പിറകെ കോലിയും (124) കുല്‍ദീപ് യാദവും (5) ഒരേ ഓവറില്‍ പുറത്തായതോടെ ഇന്ത്യ 296ന് ഓള്‍ഔട്ടുമായി.