IND vs NZ: ഭരത് കൊള്ളാലോ, പകരക്കാരനായെത്തി ഹീറോ- വിക്കറ്റ് കീപ്പിങ് ഗംഭീരം

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യക്കു ഒരു അപ്രതീക്ഷിത ഹീറോയെയാണ് ലഭിച്ചത്. ദേശീയ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത കെഎസ് ഭരതായിരുന്നു സര്‍പ്രൈസ് പ്രകടനത്തിലൂടെ എല്ലാവരുടെയും കൈയടി വാങ്ങിയത്. ഈ മല്‍സരത്തില്‍ ഭരത് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. രണ്ടാംദിനം വെറ്ററന്‍ താരം വൃധിമാന്‍ സാഹയായിരുന്നു വിക്കറ്റ് കാത്തത്. എന്നാല്‍ പരിക്കു കാരണം മൂന്നാംദിനം സാഹയ്ക്കു പിന്‍മാറേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായ ഭരതിനു അപ്രതീക്ഷതമായി അവസരം ലഭിച്ചത്. വിക്കറ്റിനു പിന്നില്‍ ഗംഭീരക പ്രകടനം നടത്തിയ അദ്ദേഹം ഇതു നന്നായി മുതലെടുക്കുകയും ചെയ്തു.
ഇന്ത്യന്‍ എ ടീമിനു വേണ്ടി ഏറെക്കാലമായി വിക്കറ്റ് കാക്കുന്ന താരമാണ് ഭരത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ചില തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഭരത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ അവസാന ലീഗ് മല്‍സരത്തില്‍ മാച്ച് വിന്നിങ് പ്രകടനമായിരുന്നു താരം നടത്തിയത്. ആര്‍സിബി പരാജയത്തിലേക്കു നീങ്ങിയ കളിയില്‍ അവസാന ഓവറില്‍ ഭരത് ടീമിന്റെ ഹീറോയാവുകയായിരുന്നു. ആവേശ് ഖാനെറിഞ്ഞ അവസാന ബോളില്‍ സിക്‌സറടിച്ചായിരുന്നു അദ്ദേഹം ആര്‍സിബിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.
കാണ്‍പൂര്‍ ടെസ്റ്റില്‍ വിക്കറ്റ് കീപ്പിങില്‍ പഴുതടച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. വില്‍ യങ്, റോസ് ടെയ്‌ലര്‍ എന്നിവരെ പുറത്താക്കിയ ക്യാച്ചുകള്‍ ഉജ്ജ്വലമായിരുന്നു. സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ബൗളിങിലായിരുന്നു ഭരതിന്റെ കണ്ണഞ്ചിക്കുന്ന ക്യാച്ചുകള്‍. കൂടാതെ സെഞ്ച്വറിയിലേക്കു കുതിച്ച കിവീസ് ഓപ്പണര്‍ ടോം ലാതമിനെ 95 റണ്‍സെടുത്തു നില്‍ക്കെ അദ്ദേഹം സ്റ്റംപ് ചെയ്തും പുറത്താക്കിയിരുന്നു. അക്ഷറിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിച്ച ലാതമിനു ടൈമിങ് പാളിയപ്പോള്‍ ഭരത് മിന്നല്‍ സ്റ്റംപിങ് നടത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയകളിലൂടെ പല മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളുമെല്ലാം ഭരതിന്റെ വിക്കറ്റ് കീപ്പിങിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ സാഹയ്ക്കു പകരം ഭരതിനെ കളിപ്പിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയതിനാലാണ് ഭരതിനു ബാക്കപ്പായി ടീമില്‍ ഇടം ലഭിച്ചത്. നേരത്തേ 2019ല്‍ ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഭരത് ഉള്‍പ്പെട്ടിരുന്നു. പക്ഷെ അന്നു അരങ്ങറ്റത്തിനു അവസരം ലഭിച്ചിരുന്നില്ല. സാഹ പരിക്കില്‍ നിന്നും മോചിതനായില്ലെങ്കില്‍ ന്യൂസിലാന്‍ഡിനെതിരേ മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനു വഴിയൊരുങ്ങും.
കഴിവുറ്റ സ്പിന്നര്‍മാര്‍ക്കെതിരേ കെഎസസ് ഭരത് വിക്കറ്റ് കീപ്പിങ് നടത്തിയ രീതി എന്നെ വളരെയധികം ആകര്‍ഷിച്ചു. മികച്ച കൈകളായിരുന്നു അവന്റേത്, ഫുട്ട്‌വര്‍ക്കും അസാധാരണമായിരുന്നു. തീര്‍ച്ചയായും വളരെ ശോഭനമായ ഭാവിയാണ് ഭരതിനുള്ളതെന്നും ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ബാറ്റിങ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.

ശ്രീകര്‍ ഭരതിന്റെ ക്യാച്ച് വളരെ ഉജ്ജ്വലമായിരുന്നു. അവസാന നിമിഷം വരെ ഒരേ പൊസിഷനില്‍ തന്നെ താഴ്ന്നു നിന്നതായും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും കമന്റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍ ട്വീറ്റ് ചെയ്തു.
വളരെ സ്വാഭാവികമായ കഴിവുള്ള വിക്കറ്റ് കീപ്പറാണ് കെഎസ് ഭരത്. വിക്കറ്റിനു പിറകില്‍ അദ്ദേഹത്തെ കാണുന്നത് ആഹ്ലാദകരമായ കാര്യമായിരുന്നു. ഗ്ലൗവിന്റെ മധ്യഭാഗം കൊണ്ട് വലിയ എഡ്ജുള്ള ക്യാച്ചുകളെടുക്കാന്‍ സാധിക്കുക എളുപ്പല്ല, ഏറ്റവുമുയര്‍ന്ന ടെക്‌നിക്കുള്ളവര്‍ക്ക് സാധിക്കുന്ന കാര്യമാണിതെന്നും മറ്റൊരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications