For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: തൊട്ടതെല്ലാം ദുരന്തം, ഗംഭീറിനോട് സഹതാപം! കാരണം പറഞ്ഞ് മുന്‍ താരം

പൂനെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലൂടെയാണ് കടന്ന് പോകുന്നത്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിരിക്കുകയാണ്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനം പിന്നോട്ട് പോവുകയാണ്. കിവീസിനോട് ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനും രണ്ട് മത്സരത്തില്‍ 113 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ഇതോടെ മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിടുകയായിരുന്നു.

കഴിഞ്ഞ രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ ഫൈനല്‍ കളിക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. ഇനി വരാനിരിക്കുന്നത് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ഇത്തവണ നേടാനാവുമെന്ന് നിലവിലെ സാഹചര്യത്തില്‍ വിശ്വസിക്കാനാവില്ല. നിയന്ത്രണം നഷ്ടപ്പെട്ട പായ്ക്കപ്പല്‍ പോലെയാണ് ഇന്ത്യയുടെ നിലവിലെ പോക്ക്.

ഇന്ത്യയുടെ ടീം കരുത്ത് ഇപ്പോഴും ശക്തമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സൂപ്പര്‍ താരങ്ങളടക്കം മോശം ഫോമിലായതാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ തകര്‍ച്ചക്ക് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനോട് സഹതാപം മാത്രമാണുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അതുല്‍ വാസന്‍.

ind vs aus test cricket

ഗംഭീറിന്റെ തന്ത്രങ്ങളൊന്നും ഏല്‍ക്കുന്നില്ല

രവി ശാസ്ത്രിക്കും പിന്നാലെയെത്തിയ രാഹുല്‍ ദ്രാവിഡിനും കീഴില്‍ വലിയ ഉയര്‍ച്ചയിലേക്ക് പോയ ടീമാണ് ഇന്ത്യ. എന്നാല്‍ പിന്നാലെ ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുത്തതോടെ ഇന്ത്യയുടെ ഗ്രാഫ് താഴോട്ട് പോയി. ടി20യില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും മറ്റ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യ പിന്നോട്ട് പോവുകയാണ്. വലിയ വിമര്‍ശമനം ഗംഭീറിനെതിരേ ഇപ്പോള്‍ ഉയരുന്നുണ്ട്. നിലവിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ഗംഭീറിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തോട് സഹതാപമാണുള്ളതെന്നാണ് അതുല്‍ വാസന്‍ പറയുന്നത്.

'12 വര്‍ഷത്തിനിടെയിലെ ഇന്ത്യയുടെ നാട്ടിലെ വമ്പന്‍ പരമ്പര തോല്‍വിയുടെ പശ്ചാത്തലത്തില്‍ എനിക്ക് പരിശീലകന്‍ ഗൗതം ഗംഭീറിനോട് സഹതാപം മാത്രമാണുള്ളത്. ഇതിന് മുമ്പ് ശ്രീലങ്കയോട് നീണ്ട കാലത്തിന് ശേഷം ഏകദിന പരമ്പരയും തോറ്റു. ഇപ്പോള്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഇങ്ങനെയൊക്കെ പറയുമ്പോഴും ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടില്‍ തോറ്റുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല' അതുല്‍ വാസന്‍ പറഞ്ഞു.

ഗംഭീറിന് മികച്ച പദ്ധതികളില്ല

ഗൗതം ഗംഭീറിന്റെ പദ്ധതികള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതല്ല. 100 റണ്‍സിന് ടീം ഓള്‍ഔട്ടായാലും കടന്നാക്രമിച്ച് കളിക്കണമെന്നാണ് ഗംഭീര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഈ തന്ത്രം ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പിന്നോട്ടടിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് യുവതാരങ്ങളെ കൊണ്ടുവന്ന് നടത്തുന്ന പല പരീക്ഷണങ്ങളും പാളുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യ മൂന്നോ നാലോ യുവതാരങ്ങളെയാണ് കൊണ്ടുപോകുന്നത്. ഇവര്‍ അത്ഭുതം കാട്ടുമെന്ന് കരുതാനാവില്ല.

ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് നടത്തിയ പരീക്ഷണങ്ങളില്‍ പലതും ടീമിനെ തകര്‍ക്കുകയും ടീം പിന്നോട്ട് പോകുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഗംഭീര്‍ ഏറെക്കുറെ അതേ പാതയിലൂടെയാണ് പോകുന്നത്. മികച്ച പദ്ധതികള്‍ ഗംഭീറിന് അവകാശപ്പെടാന്‍ സാധിക്കുന്നില്ല. ടി20യില്‍ ടീമിനെ മികവിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇതേ മികവ് ടെസ്റ്റിലും ഏകദിനത്തിലും കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

എന്താണ് പിഴവെന്ന് മനസിലാവുന്നില്ല

ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണെന്നതില്‍ തര്‍ക്കമില്ല. സമീപകാലത്തെല്ലാം ഇന്ത്യ മികവ് കാട്ടിയത് ഇതേ ടെസ്റ്റ് ടീമുമായാണ്. എന്നാല്‍ ഇപ്പോള്‍ അതേ ടെസ്റ്റ് ടീം പതറുന്നതാണ് കാണാനാവുന്നത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ മോശം ഫോമാണ് പ്രധാന പ്രശ്‌നം. താരങ്ങളുടെ ആക്രമണോത്സകത നഷ്ടപ്പെട്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

'ഇന്ത്യന്‍ ടീമിന് പിഴച്ചത് ഏത് കാര്യത്തിലാണെന്ന് പറയുക പ്രയാസമാണ്. എന്നാല്‍ ഈ തകര്‍ച്ച എന്നെ ഞെട്ടിക്കുന്നതാണ്. ഇത്രയും ശക്തമായ ടീം നാട്ടില്‍ കിവീസിനോട് 2-0ന് തോറ്റ് നില്‍ക്കുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല. എവിടെയാണ് തെറ്റ് പറ്റുന്നതെന്ന് മനസിലാകാത്ത അവസ്ഥയാണുള്ളത്' അതുല്‍ വാസന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 27, 2024, 14:16 [IST]
Other articles published on Oct 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+