IND vs NZ: രഹാനെയും പുജാരയും 'നന്നാവില്ല', വീണ്ടും അതേ അബദ്ധം- മാറ്റാന്‍ സമയമായി?
കാണ്‍പൂര്‍: ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാവേണ്ടിയിരുന്ന താരങ്ങളായിരുന്നു നായകന്‍ അജിങ്ക്യ രഹാനെയും വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയും. പക്ഷെ രണ്ടു പേരും ഇതിനു കഴിഞ്ഞില്ല. ഒന്നാമിന്നിങ്‌സില്‍ മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും ഇവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റുന്നതില്‍ രഹാനെയും പുജാരയും പരാജയപ്പെട്ടു.
വലിയ ഇന്നിങ്‌സുകളിലൂടെ ടീമിനെ മികച്ച ടോട്ടലിലെത്തിക്കുന്നതിനൊപ്പം ടെസ്റ്റ് ഇലവനില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് രണ്ടു പേരും നഷ്ടപ്പെടുത്തിയത്. രഹാനെ 35 റണ്‍സിനും പുജാര 26 റണ്‍സിനും പുറത്താവുകയായിരുന്നു. 63 ബോളില്‍ ആറു ബൗണ്ടറികള്‍ പായിച്ച രഹാനെയെ കൈല്‍ ജാമിസണ്‍ ക്ലീന്‍ ബൗള്‍ഡാക്കി, പുജാരയാവട്ടെ ടിം സൗത്തിയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലെന്‍ലിനു സിംപിള്‍ ക്യാച്ചും സമ്മാനിക്കുകയായിരുന്നു.

ശ്രേയസിന്‍റെ പ്രകടനം
മധ്യനിരയില്‍ രഹാനെ, പുജാര എന്നിവരുടെ സ്ഥാനത്തിനു ഈ ഇന്നിങ്‌സുകളോടെ കൂടുതല്‍ ഭീഷണിയുയരുമെന്നുറപ്പാണ്. കാരണം കോലിയുടെ പകരക്കാരനായി ഈ ടെസ്റ്റിലൂടെ അരങ്ങേറിയ യുവ ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഫിഫ്റ്റിയുമായി വരവറിയിച്ചു കഴിഞ്ഞു. കോലി രണ്ടാം ടെസ്റ്റില്‍ മടങ്ങിയെത്തിയാല്‍ ശ്രേയസിനെ ഇന്ത്യക്കു ഇനി കൈവിടാന്‍ കഴിയുമോയെന്നതാണ് ചോദ്യം.
പുജാര, രഹാനെ എന്നിവരിലൊരാള്‍ക്കു പകരം ശ്രേയസ് ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന കാലം വിദൂരമാവില്ല. അതു മാത്രമല്ല മികച്ച ഫോമിലുള്ള മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും ടെസ്റ്റില്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ശ്രേയസിനു പിന്നാലെ സൂര്യയും ടെസ്റ്റ് ടീമിലെത്തുകയും മികച്ച പ്രകടനം നടത്തുകുയം ചെയ്താല്‍ അതോടെ രഹാനെയും പുജാരയും പുറത്തുപോവാന്‍ നിര്‍ബന്ധിതരായി തീരും. ടീമില്‍ തങ്ങള്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടെന്ന് അവകാശപ്പെടാന്‍ മികച്ച ഇന്നിങ്‌സുകളൊന്നും തങ്ങള്‍ക്കില്ലെന്നതും ഇരുവരെയും ആശങ്കയിലാക്കുന്നുണ്ട്.

സൗത്താഫ്രിക്കന്‍ പര്യടനം
വരാനിരിക്കുന്ന കടുപ്പമേറിയ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രഹാനെയുടെയും പുജാരയുടെ സ്ഥാനം ഇപ്പോഴും തുലാസിലാണ്. ശ്രേയസിന്റെ ഇന്നിങ്‌സ് തീര്‍ച്ചയായും സെലക്ടര്‍മാര്‍ അടുത്ത പര്യടനത്തില്‍ പരിഗണിക്കുമെന്നുറപ്പാണ്. 33 കാരനായ രഹാനെ നേരത്തേ ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ടീമിനു ആശ്രയിക്കാവുന്ന താരമല്ല അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റിലാണ് രഹാനെ അവസാനമായി സെഞ്ച്വറി നേടിയിട്ടുള്ളത്. പിന്നീട് ഇംഗ്ലണ്ടിനെതിരേ നാട്ടിലും വിദേശത്തും നടന്ന ടെസ്റ്റുകളില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി. കൂടാതെ ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും രഹാനെ തിളങ്ങിയില്ല.

ഫ്ളോപ്പായി രഹാനെ
കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനം പരിശോധിച്ചാല്‍ 2020ല്‍ നാലു ടെസ്റ്റുകളിലായിരുന്നു രഹാനെ കളിച്ചത്. 38.86 ശരാശരിയില്‍ 42.37 സ്‌ട്രൈക്ക് റേറ്റോടെ 272 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഒരേയൊരു സെഞ്ച്വറി മാത്രമേ രാഹാനെയ്ക്കു എടുത്തുകാണിക്കാനുള്ളൂ. 112 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു കളിയില്‍ ഡെക്കാവുകയും ചെയ്തു. ഈ വര്‍ഷം 11 മല്‍സരങ്ങളില്‍ നിന്നും 19.58 എന്ന മോശം ശരാശരിയില്‍ 40.88 സ്‌ട്രൈക്ക് റേറ്റില്‍ 372 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്ളൂ. ഉയര്‍ന്നസ് സ്‌കോര്‍ 67 റണ്‍സാണ്.

നിരാശപ്പെടുത്തി പുജാരയും
പുജാരയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റിലെ പുതിയ വന്‍മതിലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. പക്ഷെ പുജായയെ മുമ്പത്തേത്തു പോലെ ഇന്ത്യക്കു ഇപ്പോള്‍ വിശ്വസിക്കാന്‍ സാധിക്കില്ല. 2019 ജനുവരിക്കു ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നാലു ടെസ്റ്റുകളില്‍ നിന്നും 20.38 ശരാശരിയില്‍ 27.49 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റോടെ 163 റണ്‍സാണ് പുജാര സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റി മാത്രമേ ഇക്കൂട്ടത്തിലുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 54 റണ്‍സായിരുന്നു. ഈ വര്‍ഷത്തെ പ്രകടനമെടുത്താല്‍ 11 മല്‍സരങ്ങളില്‍ നിന്നും 31.11 ശരാശരിയില്‍ 33.47 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 591 റണ്‍സാണ്. ആറു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. പക്ഷെ ഒന്നു പോലും സെഞ്ച്വറിയാക്കി മാറ്റാന്‍ പുജാരയ്ക്കായില്ല. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications