പൂനെ: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടേണ്ടത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നേടുന്നതിലും നിര്‍ണ്ണായകമാവും. അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റിലൂടെ ശക്തമായ തിരിച്ചുവരവ് ഇന്ത്യക്ക് നടത്തേണ്ടതായുണ്ട്.
രണ്ടാം ടെസ്റ്റ് പൂനെയിലാണ് നടക്കുന്നത്. പൊതുവേ പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യ സ്പിന്നിന് മുന്‍തൂക്കം നല്‍കിയാവും ഇറങ്ങുക. ഇതിനനുസരിച്ച് പിച്ച് തയ്യാറാക്കാന്‍ ക്യുറേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യക്കൊപ്പം മികച്ച സ്പിന്‍ ബൗളര്‍മാരുള്ളതിനാല്‍ സന്ദര്‍ശകരെ കറക്കി വീഴ്ത്താമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഇന്ത്യ സ്പിന്‍ പിച്ചൊരുക്കിയാല്‍ അത് എങ്ങനെയാണ് തിരിച്ചടിയായി മാറുകയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.
മൂന്ന് പേരെ ഇന്ത്യ കരുതണം
സ്ലോ ടേണിങ് പിച്ചാണ് ഇന്ത്യ തയ്യാറാക്കുന്നതെന്നാണ് ഞാന്‍ കേട്ടത്. അധികം ബൗണ്‍സ് ഇവിടെ ഉണ്ടാവില്ല. പിച്ചില്‍ അധികം വെള്ളം ഒഴിക്കാതെ പുല്ല് ചെത്തിക്കളഞ്ഞ് പിച്ച് സ്പിന്നര്‍മാരെ തുണക്കുന്ന തരത്തിലേക്ക് മാറ്റാനാവും നിര്‍ദേശിച്ചിരിക്കുക. എന്നാല്‍ എന്റെ ചെറിയൊരു നിര്‍ദേശം പൂര്‍ണ്ണമായും ടേണ്‍ ലഭിക്കുന്ന പിച്ച് തയ്യാറാക്കരുതെന്നാണ്. അത് അവര്‍ക്ക് നമ്മള്‍ നല്‍കുന്ന ലോട്ടറിയാവും. ഭേദപ്പെട്ടൊരു പിച്ചില്‍ അഞ്ച് ദിവസം കളിക്കുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് സ്വാഭാവികമായും ഒരു പിന്തുണ ലഭിക്കും.
എന്നാല്‍ വലിയ ടേണ്‍ ലഭിച്ചാല്‍ അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെല്ലാം നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. മൂന്ന് പേസര്‍മാരിലൊരാളെ മാറ്റി അവര്‍ മിച്ചല്‍ സാന്റ്‌നറേയും കളിപ്പിക്കും' ആകാശ് പറഞ്ഞു. ന്യൂസീലന്‍ഡ് താരങ്ങള്‍ സ്പിന്നിനെ നന്നായി നേരിടുന്നുണ്ട്. നന്നായി സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വേ എന്നിവരെല്ലാം നന്നായി സ്പിന്നിനെ നേരിടുന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.

ഇന്ത്യ ഭയക്കേണ്ടത് രചിനെ
ആദ്യ മത്സരത്തില്‍ കിവീസ് ജയിക്കാന്‍ കാരണം പ്രധാന കാരണം രചിന്‍ രവീന്ദ്രയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ രചിന്‍ രണ്ടാം ഇന്നിങ്‌സിലും തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടിയിരുന്നു. ഇന്ത്യന്‍ പിച്ചില്‍ രചിന്റെ റെക്കോഡുകള്‍ വളരെ മികച്ചതാണ്. ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍മാരെയെല്ലാം അനായാസമായി നേരിടാന്‍ രചിന് സാധിക്കുന്നു. ജസ്പ്രീത് ബുംറയെയടക്കം സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ്ങാണ് രചിന്‍ കാഴ്ചവെച്ചത്. രണ്ടാം ടെസ്റ്റിലും രചിനാണ് ഇന്ത്യക്ക് ഭീഷണിയെന്നാണ് ആകാശ് പറയുന്നത്.
'രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത് രചിന്‍ രവീന്ദ്രയാണ്. കാരണം അവന്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. വില്‍ യങ്ങിന്റെ പ്രകടനം അല്‍പ്പം അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രയും മികച്ച രീതിയില്‍ അവന്‍ ബാറ്റ് ചെയ്യുമെന്ന് കരുതിയിരുന്നില്ല. കെയ്ന്‍ വില്യംസണ്‍ കളിക്കാത്തത് ആശ്വാസം. പിച്ചില്‍ ബൗണ്‍സുണ്ടെങ്കില്‍ കിവീസ് പേസര്‍മാരും ഇന്ത്യക്ക് വലിയ ഭീഷണിയാണ്. മാറ്റ് ഹെന്‍ റി വളരെ സ്ഥിരതയോടെ പന്തെറിയുന്നുണ്ട്. സൗത്തി ഓള്‍റൗണ്ട് പ്രകടനമാണ് നടത്തുന്നത്' ആകാശ് പറഞ്ഞു.
ഇന്ത്യക്ക് മുകളില്‍ സമ്മര്‍ദ്ദം
ആദ്യ മത്സരം തോറ്റ് തിരിച്ചുവരുന്നത് ഇന്ത്യയെ സംബന്ധിച്ച് പുതിയ കാര്യമല്ല. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് മുകളില്‍ അല്‍പ്പം കൂടി സമ്മര്‍ദ്ദമുണ്ടെന്ന് പറയാം. കിവീസ് ആത്മവിശ്വാസത്തോടെ കളിക്കുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. മധ്യനിരയില്‍ കെ എല്‍ രാഹുലിന്റെ സീറ്റ് നഷ്ടമായേക്കും. ശുബ്മാന്‍ ഗില്‍ തിരിച്ചുവരുമ്പോള്‍ രാഹുല്‍ വഴിമാറാനാണ് സാധ്യത. സെഞ്ച്വറി പ്രകടനം നടത്തിയ സര്‍ഫറാസ് ഖാന്‍ പ്ലേയിങ് 11 തുടരാനാണ് സാധ്യത കൂടുതല്‍.