പൂനെ: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വി ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുന്നതാണ് നിലവിലെ തോല്‍വി. മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ പിന്നിലാവുകയും ചെയ്തു. ഏഴ് മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യക്ക് മൂന്ന് ജയം നേടിയാലേ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധിക്കൂ. 36 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ ടെസ്റ്റ് തോല്‍ക്കുന്നത്.
അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ കരുത്തരായ കിവീസിനെതിരേ ഈ വിജയത്തുടര്‍ച്ച അത്ര എളുപ്പമാവില്ലെന്ന് നിസംശയം പറയാം. ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പ്ലേയിങ് 11ലെ പിഴവ് നികത്തണം
ഇന്ത്യയുടെ പ്ലേയിങ് 11 നിലവില്‍ ചില പോരായ്മകളുണ്ട്. ഇന്ത്യയുടെ പദ്ധതികള്‍ക്ക് വിരുദ്ധമായി കളിക്കുന്ന ഈ താരങ്ങളുടെ പ്രകടനം ടീമിന്റെ ആകെ പ്രകടനത്തെ പിന്നോട്ടടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണം. രണ്ടാം ടെസ്റ്റില്‍ ശുബ്മാന്‍ ഗില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തും. അപ്പോള്‍ സര്‍ഫറാസ് ഖാനെ നിലനിര്‍ത്തി കെ എല്‍ രാഹുലിനെ ഒഴിവാക്കാന്‍ ഇന്ത്യ ധൈര്യം കാട്ടേണ്ടതായുണ്ട്.
രാഹുല്‍ സീനിയര്‍ താരമാണ്. മികച്ച സാങ്കേതികത അവകാശപ്പെടാന്‍ സാധിക്കുന്ന താരം കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ രാഹുലിനെ പിന്തുണക്കുന്നു. എന്നാല്‍ സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താന്‍ രാഹുലിനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ രാഹുലിനെ പുറത്തിരുത്തി പകരം സര്‍ഫറാസിനെ കളിപ്പിക്കണം. സര്‍ഫറാസ് ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയടക്കം നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

സിറാജിന്റെ ഫോം വലിയ ചോദ്യം
ഇന്ത്യ ജസ്പ്രീത് ബുംറക്കൊപ്പം രണ്ടാം പേസറായി മുഹമ്മദ് സിറാജിനെയാണ് പരിഗണിക്കുന്നത്. മികച്ച റെക്കോഡുള്ള പേസര്‍മാരിലൊരാളാണ് സിറാജ്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ന്യൂസീലന്‍ഡിനെതിരേ സിറാജ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 107 റണ്‍സ് പ്രതിരോധിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സിറാജിനായില്ല.
അതുകൊണ്ടുതന്നെ ഇന്ത്യ സിറാജിന് പകരം ആകാശ് ദീപിനെ കളിപ്പിക്കേണ്ടതായുണ്ട്. പൂനെയിലെ പിച്ച് പേസിനെ പിന്തുണക്കുന്നതാണ്. എന്നാല്‍ ഇന്ത്യ സ്പിന്നിനായി പിച്ച് മാറ്റുമോയെന്നതാണ് കണ്ടറിയേണ്ടത്. അങ്ങനെ വന്നാല്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായിത്തന്നെ ഇറങ്ങിയേക്കും. രവീന്ദ്ര ജഡേജയേയും കുല്‍ദീപ് യാദവിനേയും മാറ്റി അക്ഷര്‍ പട്ടേലിനേയും വാഷിങ്ടണ്‍ സുന്ദറിനേയും ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.
വാലറ്റത്തിന്റെ മോശം ബാറ്റിങ് പ്രകടനം
ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സില്‍ 4 വിക്കറ്റിന് 408 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 462ലേക്ക് കൂപ്പുകുത്തിയത്. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം പല സമയത്തും അവസരത്തിനൊത്ത് ഉയരുന്നില്ല. അപ്രതീക്ഷിതമായ ചില പ്രകടനങ്ങള്‍ വാലറ്റം നടത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്.
എന്നാല്‍ കൂടുതല്‍ തവണയും വാലറ്റം ചതിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വാലറ്റത്തിന്റെ മോശം ബാറ്റിങ് പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഈ പ്രശ്‌നം മുന്നില്‍ക്കണ്ടാണ് ഇന്ത്യ വാഷിങ്ടണ്‍ സുന്ദറെ ഇപ്പോള്‍ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നതെന്ന് പറയാം. എന്തായാലും രണ്ട് മത്സരങ്ങളും ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശക്തമായി മടങ്ങിയെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ കരുതാം.