Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഏഴഴകോടെ സുന്ദര്‍, തകര്‍ന്നടിഞ്ഞ് കിവീസ്; ഇന്ത്യയുടെ തുടക്കവും പാളി

പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നിരാശത്തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ 259 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 16 റണ്‍സെന്ന നിലയിലാണ്. അക്കൗണ്ട് തുറക്കും മുമ്പ് രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. 9 വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരെക്കാള്‍ 243 റണ്‍സിന് പിന്നിലാണ് ഇന്ത്യ

നിരാശപ്പെടുത്തി രോഹിത്

കിവീസിന് മറുപടിക്കിറങ്ങിയ ഇന്ത്യ പ്രതിരോധിച്ച് കളിക്കാനാണ് ശ്രമിച്ചത്. പതിവില്‍ നിന്ന് വിപരീതമായി ശ്രദ്ധിച്ച് കളിക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. 9 പന്ത് നേരിട്ട രോഹിത്തിനെ ടിം സൗത്തിയാണ് ക്ലീന്‍ബൗള്‍ഡ് ചെയ്തത്. ആദ്യ മത്സരത്തിലും സൗത്തിക്ക് മുന്നില്‍ രോഹിത് വീണിരുന്നു. എന്നാല്‍ ആദ്യ ദിനം കൂടുതല്‍ അപകടം വരുത്താതെ യശ്വസി ജയ്‌സ്വാളും (6) ശുബ്മാന്‍ ഗില്ലും (10) ചേര്‍ന്ന് കളി അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ദിനം വമ്പന്‍ ലീഡ് പ്രതീക്ഷിച്ചാവും ഇന്ത്യ ഇറങ്ങുക.

virat kohli washington sundar

തുടക്കത്തില്‍ വിറപ്പിച്ച് അശ്വിന്‍

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 36 റണ്‍സില്‍ നില്‍ക്കവെയാണ് ടോം ലാദത്തെ പുറത്താക്കി ആര്‍ അശ്വിന്‍ കൂട്ടുകെട്ട് പൊളിക്കുന്നത്. 22 പന്തില്‍ 15 റണ്‍സെടുത്ത ലാദത്തെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ തിളങ്ങിയ വില്‍ യങ്ങിനെയും അശ്വിന്‍ മടക്കി. 18 റണ്‍സെടുത്ത യങ്ങിനെ അശ്വിന്‍ റിഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. റിവ്യൂവിലൂടെയാണ് യങ്ങിന്റെ വിക്കറ്റ് ഇന്ത്യ നേടിയെടുത്തത്.

ഒരുവശത്ത് ഡെവോണ്‍ കോണ്‍വേ റണ്‍സുയര്‍ത്തി. 141 പന്ത് നേരിട്ട് 11 ഫോറുള്‍പ്പെടെ 76 റണ്‍സെടുത്ത കോണ്‍വേയെ അശ്വിന്‍ റിഷഭിന്റെ കൈയിലെത്തിച്ചു. ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന വിക്കറ്റായിരുന്നു ഇതെന്ന് പറയാം.

സുന്ദരമാക്കി വാഷിങ്ടണ്‍

കുല്‍ദീപ് യാദവിനെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ പ്ലേയിങ് 11ല്‍ കൊണ്ടുവന്നപ്പോള്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന ബൗളിങ്ങാണ് സുന്ദര്‍ കാഴ്ചവെച്ചത്. കിവീസിന്റെ മധ്യനിരയെ എറിഞ്ഞൊതുക്കാന്‍ സുന്ദറിനായി. രചിന്‍ രവീന്ദ്ര 65 റണ്‍സുമായി അപകടകാരിയാവുമെന്ന് തോന്നിക്കവെ മനോഹരമായ പന്തില്‍ സുന്ദര്‍ മടക്ക ടിക്കറ്റ് നല്‍കി. ക്ലീന്‍ബൗള്‍ഡായാണ് രചിന്‍ പുറത്തായത്.

വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിനെ (3) സുന്ദര്‍ ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ അപകടകാരിയായ ഡാരില്‍ മിച്ചലിനെ (18) എല്‍ബിയിലും കുടുക്കി. വമ്പന്‍ സിക്‌സറിന് ശ്രമിച്ച ഗ്ലെന്‍ ഫിലിപ്‌സിനെ (9) സുന്ദര്‍ അശ്വിന്റെ കൈയിലെത്തിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയ ടിം സൗത്തിയെ (5) സുന്ദര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ അഞ്ച് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും സുന്ദറിന് സാധിച്ചു. അവസരം മുതലാക്കുന്ന ഗംഭീര പ്രകടനമാണ് സുന്ദര്‍ പുറത്തെടുത്തത്.

അജാസ് പട്ടേലിനേയും (4) സുന്ദര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. മിച്ചല്‍ സാന്റ്‌നറേയും (33) ക്ലീന്‍ബൗള്‍ഡാക്കിയ സുന്ദര്‍ 259 റണ്‍സില്‍ കിവീസിനെ കൂടാരം കയറ്റി. 59 റണ്‍സിന് ഏഴ് വിക്കറ്റുകളാണ് സുന്ദര്‍ വീഴ്ത്തിയത്. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

പ്ലേയിങ് 11

ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍

ന്യൂസീലന്‍ഡ് - ടോം ലാദം (c), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം ഒറൗര്‍ക്കി

Story first published: Thursday, October 24, 2024, 6:56 [IST]
Other articles published on Oct 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+