2026 ജനുവരിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഒരു മള്‍ട്ടി-ഫോര്‍മാറ്റ് വൈറ്റ്-ബോള്‍ പര്യടനത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും അഞ്ച് ടി20 മത്സരങ്ങളും ആണ് ഇന്ത്യ ന്യൂസിലാന്റിനെതിരെ കളിക്കുക. ന്യൂസിലാന്റിന്റെ ഇന്ത്യന്‍ പര്യടനം ജനുവരി 11 ന് ആരംഭിച്ച് ജനുവരി 31 ന് അവസാനിക്കും. ഇതിനായി ന്യൂസിലന്‍ഡ് ഏകദിന, ടി20 മത്സരങ്ങള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
അതേസമയം ഇന്ത്യ ഇതുവരെ ഏകദിന ടീം പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പിനുള്ള ടീം തന്നെയായിരിക്കും ടി20 യിലും ഇറങ്ങുക എന്ന് വ്യക്തമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നടന്ന ഏകദിന പരമ്പരയില്‍ 2-1 ന് നേടിയ വിജയത്തിന് ശേഷമാണ് ടീം ഇന്ത്യ ഏകദിനതത്തിന് ഇറങ്ങുന്നത്. അടുത്തിടെ നടന്ന ഏകദിന, ടി201 പരമ്പരകളില്‍ വെസ്റ്റ് ഇന്‍ഡീസിനെ സ്വന്തം നാട്ടില്‍ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്റ് എത്തുന്നത്.

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന 2026 ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഈ പര്യടനത്തില്‍ അഞ്ച് ടി20 മത്സരങ്ങള്‍ ഉണ്ട്് എന്നതിനാല്‍ തന്നെ ഈ ഷെഡ്യൂള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരങ്ങളില്‍ ഇന്ത്യ സീനിയര്‍ കളിക്കാരായ ഹാര്‍ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും മാറ്റി നിര്‍ത്തുന്നതായിരിക്കും ബുദ്ധി. അതിനുള്ള മൂന്ന് കാരണങ്ങള്‍ നോക്കാം.
ഏകദിനങ്ങളില്‍ മറ്റ് താരങ്ങളെ പരീക്ഷിക്കാം
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡ് അവരുടെ പൂര്‍ണ ശക്തിയുള്ള ടീമിനെ കളിപ്പിക്കുന്നില്ല. മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, ആദി അശോക്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജോഷ് ക്ലാര്‍ക്ക്സണ്‍, സാക്ക് ഫോള്‍ക്സ്, മിച്ച് ഹേ, കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ജെയ്ഡന്‍ ലെനോക്സ്, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്സ്, വില്‍ യംഗ്, മൈക്കല്‍ റേ എന്നിവരാണ് അവരുടെ ടീമില്‍ ഉള്‍പ്പെടുന്നത്.
അതിനാല്‍, ഹാര്‍ദിക്, ബുംറ തുടങ്ങിയ ചില പ്രധാന കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കാന്‍ ഇന്ത്യക്കും ഇത് നല്ലൊരു അവസരമായിരിക്കും. അന്താരാഷ്ട്ര തലത്തില്‍ യുവതാരങ്ങള്‍ക്കും ഭാവി താരങ്ങള്‍ക്കും അവസരം നല്‍കാനും അവരെ പരീക്ഷിക്കാനും ഇത് അനുയോജ്യമായ ഒരു ഗ്രൗണ്ടായി വര്‍ത്തിക്കും. മുതിര്‍ന്ന കളിക്കാരുടെ പകരക്കാരെ തിരിച്ചറിയാനും അവരെ പരിശീലിപ്പിക്കാനും ഇത് ടീമിനെ സഹായിക്കും.
ടി20 ലോകകപ്പ് എന്ന പ്രധാനലക്ഷ്യം
2026 ടി20 ലോകകപ്പിന് ഹാര്‍ദിക്കും ബുംറയും ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ 2026 ഫെബ്രുവരിയില്‍ ലോകകപ്പ് ആരംഭിക്കും. മാര്‍ക്വീ ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യ കിവീസിനെതിരെ ആകെ എട്ട് മത്സരങ്ങള്‍ കളിക്കും. അതിനാല്‍ തന്നെ ടി20 ലോകകപ്പിന് മുമ്പ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് കളിക്കാരായ ഹാര്‍ദിക്, ബുംറ എന്നിവര്‍ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.
ന്യൂസിലന്‍ഡ് പൂര്‍ണ്ണ ശേഷിയുള്ള ഏകദിന ടീമിനെ ഇറക്കാത്തതിനാല്‍, ഇന്ത്യയ്ക്ക് ഈ രണ്ടുപേര്‍ക്കും വിശ്രമം നല്‍കാന്‍ കഴിയും. ആദ്യം ഏകദിന മത്സരങ്ങളും തുടര്‍ന്ന് അഞ്ച് ടി20 മത്സരങ്ങളുമാണ് കളിക്കുക. അതിനാല്‍, അവസാന നിമിഷത്തെ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഹാര്‍ദിക്കിനെയും ബുംറയെയും എട്ട് മത്സരങ്ങളിലും കളിപ്പിക്കരുത്.
വര്‍ക്ക്ലോഡ് മാനേജ്മെന്റ്
2025 ലെ ഏഷ്യാ കപ്പിന്റെ അവസാന ഘട്ടങ്ങളില്‍ ഉണ്ടായ പരിക്കില്‍ നിന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കി. പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മാത്രമാണ് ടി20 മത്സരങ്ങളില്‍ തിരിച്ചെത്തിയത്. പുറംവേദനയെത്തുടര്‍ന്ന് 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുംറയ്ക്ക് കളിക്കാന്‍ കഴിഞ്ഞില്ല.
ഇംഗ്ലണ്ടില്‍ നടന്ന അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണം മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരങ്ങളിലും ബുംറയ്ക്ക് വിശ്രമം നല്‍കിയിരുന്നു. 2025 ല്‍ പരിക്കേറ്റ ഈ രണ്ട് കളിക്കാരുടെയും വര്‍ക്ക്ലോഡ് മാനേജ്മെന്റ് വളരെ പ്രധാനമാണ്. 2026 ലെ ടി20 ലോകകപ്പിനായി ഈ മാച്ച്-വിന്നര്‍മാരെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്.