ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ് ഇന്ത്യ. ബംഗളൂരു വേദിയായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിനാണ് ഇന്ത്യ നാണംകെട്ട് പുറത്തായത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ നാട്ടിലെ കുറഞ്ഞ ടീം ടോട്ടലെന്ന നാണക്കേടിലേക്കാണ് കിവീസ് പേസര്‍മാര്‍ ഇന്ത്യയെ തള്ളിവിട്ടിരിക്കുന്നത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര നോക്കുകുത്തികളായി മാറിയെന്നതാണ് വസ്തുത.
സ്വന്തം മൈതാനത്ത് ഇന്ത്യക്കുണ്ടായിരുന്ന മൃഗീയാധിപത്യത്തിനേറ്റ അടിയായി ഈ തകര്‍ച്ചയെ കാണാവുന്നതാണ്. ഇന്ത്യയുടെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനെതിരേ ട്രോളുകള്‍ ശക്തമാണ്. ബംഗ്ലാദേശിനെ വിറപ്പിച്ച ഇന്ത്യയുടെ പോരാട്ടവീര്യം ന്യൂസീലന്‍ഡിനെതിരേ കാട്ടാനാവാത്തത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയെ ട്രോളി പാകിസ്താന്‍ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
പാക് ടീം ഇങ്ങനെ നാണംകെട്ടിട്ടില്ല
ഏഷ്യന്‍ ടീമിന്റെ ഏറ്റവും മോശം ടീം ടോട്ടലെന്ന നാണക്കേടിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. പാകിസ്താന്‍ ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരിലും ബാബര്‍ അസമിന്റെ മോശം പ്രകടനത്തിന്റെ പേരിലും പാക് ടീമിനെതിരേ ഇന്ത്യന്‍ ആരാധകര്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ പാക് ആരാധകര്‍ ഇപ്പോള്‍ പക വീട്ടുകയാണെന്ന് തന്നെ പറയാം. ഇന്ത്യക്കെതിരേ നിരവധി ട്രോളുകളാണ് പാകിസ്താന്‍ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്.
ഗൗതം ഗംഭീറിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഗംഭീര്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ പാക് താരങ്ങളുമായി നിരവധി തവണ ഉടക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇന്ത്യയുടെ പരിശീലകനായിരിക്കുന്ന ഗംഭീറിനെതിരേയും വലിയ വിമര്‍ശനം പാക് ഫാന്‍സ് ഉയര്‍ത്തുന്നു. പാക് ടീമിനെ പരിഹസിക്കുകയും ഉപദേശിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ നാണംകെട്ടിരിക്കുകയാണെന്നാണ് പാക് ആരാധകര്‍ പറയുന്നത്.

കോലിയെക്കാള്‍ ഭേദം ബാബര്‍
പാകിസ്താന്‍ മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ അസമിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകര്‍ ബാബറിനെതിരേ വലിയ വിമര്‍ശനങ്ങള്‍ സമീപകാലത്തായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിരാട് കോലി നിരാശപ്പെടുത്തിയതോടെ ബാബര്‍ ഇതിനെക്കാളും ഭേദമാണെന്നാണ് കണക്കുകള്‍ നികത്തി പാക് ആരാധകര്‍ വാദിക്കുന്നു. ഇത് 38ാം തവണയാണ് കോലി ഡെക്കിന് പുറത്താവുന്നത്.
2024ല്‍ ഒരു മികച്ച പ്രകടനംപോലും നടത്താന്‍ കോലിക്ക് സാധിച്ചിട്ടില്ലെന്ന് പറയാം. ഇന്ത്യ സീനിയര്‍ താരമെന്ന നിലയില്‍ കോലിക്ക് തുടര്‍ അവസരങ്ങള്‍ നല്‍കുമ്പോഴും താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകര്‍ പോലും കോലിയെ ട്രോളി രംഗത്തെത്തുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. കോലി വിശ്രമത്തില്‍ പോകണമെന്നാണ് കൂടുതല്‍ പേരും പറയുന്നത്.
ഇത് പ്രതീക്ഷിക്കാത്ത തകര്‍ച്ച
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റുറപ്പിക്കാന്‍ ഇന്ത്യക്ക് മൂന്ന് ജയം കൂടി അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ തട്ടകത്തിലെ കിവീസ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇന്ത്യയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അതേ സമയം ശ്രീലങ്കയോട് നാണംകെട്ടായിരുന്നു ന്യൂസീലന്‍ഡ് വരുന്നത്.
ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ആധിപത്യം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ അപ്രതീക്ഷിത തകര്‍ച്ച ഇന്ത്യക്ക് നേരിടേണ്ടി വന്നു. തിരിച്ചുവരാന്‍ കെല്‍പ്പുള്ള നിരയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്തത് ചില തെറ്റായ തീരുമാനങ്ങളാണ്. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനവും കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനവും ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണമായെന്ന് നിസംശയം പറയാം.