പൂനെ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് പോവുകയാണ്. രണ്ടാം ദിനം കളി പിരിയുമ്പോള്‍ ന്യൂസീലന്‍ഡ് 5 വിക്കറ്റിന് 198 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ 301 റണ്‍സിന്റെ ലീഡ് ഇതിനോടകം കിവീസിനുണ്ട്. ഇന്ത്യയില്‍ 300ന് മുകളിലേക്ക് ലീഡ് നേടിയതോടെ കിവീസ് ഡ്രൈവിങ് സീറ്റിലാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ പിച്ചില്‍ ഇനിയൊരു തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമാണെന്ന് പറയാം.
ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ ഇതിനോടകം മൂന്ന് മത്സര പരമ്പരയില്‍ 1-0ന് പിന്നിലാണ്. രണ്ടാം മത്സരം തോറ്റാല്‍ കിവീസ് പരമ്പര സ്വന്തമാക്കും. 2013ന് ശേഷം ഇന്ത്യയില്‍ ചരിത്ര നേട്ടത്തിലെത്തുന്ന ആദ്യത്തെ ടീമായി മാറാന്‍ ന്യൂസീലന്‍ഡിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്നാം ദിനം കിവീസിന്റെ ലീഡ് 400ന് മുകളിലേക്ക് പോകാന്‍ സാധ്യത കൂടുതലാണ്. ഇത്രയും വലിയ വിജയലക്ഷ്യം ഇന്ത്യ മറികടക്കുമോ? മുന്‍ കണക്കുകള്‍ പരിശോധിക്കാം.
300ന് മുകളില്‍ റണ്‍സ് മറികടന്ന് ജയിച്ചത് ഒരു തവണ
ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ 300ന് മുകളില്‍ വിജയലക്ഷ്യം വിജയകരമായി മറികടന്നത് ഒരു തവണ മാത്രമാണെന്നതാണ് വസ്തുത. 2008ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയാണ് ഈ നേട്ടത്തിലേക്കെത്തിയത്. അന്ന് ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 380ലധികം റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ വിജയകരമായി മറികടന്നത്. അന്ന് ഗൗതം ഗംഭീറും (66) വീരേന്ദര്‍ സെവാഗും (83) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (103) സെഞ്ച്വറിയോടെ പുറത്താവാതെ നിന്നു.
യുവരാജ് സിങ്ങും (85) പുറത്താവാതെ പിടിച്ചുനിന്നു. ഇതോടെ ആറ് വിക്കറ്റിന്റെ ചരിത്ര ജയം ഇന്ത്യ നേടിയെടുത്തു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോം വിലയിരുത്തുമ്പോള്‍ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. അന്ന് ഇന്ത്യയുടെ ഹീറോയായി സച്ചിനും സെവാഗും ഗംഭീറും യുവരാജുമെല്ലാം മാറിയതുപോലെ ഇത്തവണ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് പ്രതീക്ഷ വേണ്ട.

ഉയര്‍ന്ന ശരാശരി റിഷഭ് പന്തിന്
ഇന്ത്യ 300ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയപ്പോഴുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഏറ്റവും മികച്ച ശരാശരി റിഷഭ് പന്തിനാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭിന്റെ നാല് ഇന്നിങ്‌സില്‍ നിന്നുള്ള ശരാശരി 103.7 ആണ്. രണ്ടാം സ്ഥാനത്ത് വിരാട് കോലിയാണ്. 12 ഇന്നിങ്‌സില്‍ നിന്ന് 64.6 ആണ് കോലിയുടെ ശരാശരി. എന്നാല്‍ സമീപകാലത്തെ കോലിയുടെ പ്രകടനങ്ങളെല്ലാം മോശമാണെന്നിരിക്കെ സീനിയര്‍ താരത്തില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.
ശുബ്മാന്‍ ഗില്‍ 4 ഇന്നിങ്‌സില്‍ നിന്ന് 47.5 ശരാശരിയില്‍ കളിച്ചപ്പോള്‍ കെ എല്‍ രാഹുലിന്റെ ശരാശരി 44 ആണ്. രണ്ടാം ടെസ്റ്റില്‍ രാഹുല്‍ പ്ലേയിങ് 11ലില്ല. ആര്‍ അശ്വിന്റെ ശരാശരി ഏഴ് ഇന്നിങ്‌സില്‍ നിന്ന് 28 ആണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ശരാശരി 9 ഇന്നിങ്‌സില്‍ നിന്ന് 26.9 ആണ്. രവീന്ദ്ര ജഡേജക്ക് 18 ഇന്നിങ്‌സില്‍ നിന്ന് 17.8 ആണ് ശരാശരി. ഇന്ത്യ അത്ഭുത ജയം നേടുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.
ഇന്ത്യക്ക് ജയം വളരെ പ്രയാസം
ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് പറയാം. കാരണം പിച്ചില്‍ സ്പിന്നിന് വലിയ ആധിപത്യം രണ്ടാം ദിനം മുതലുണ്ട്. വരുന്ന ദിവസങ്ങളില്‍ ഇത് കൂടും. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം സ്പിന്നിനെതിരേ പതറുന്നതാണ് കാണുന്നത്. ഇൗ സാഹചര്യത്തില്‍ ഇന്ത്യ ജയം നേടുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ ഇന്ത്യ ജീവന്‍മരണ പോരാട്ടം നടത്തിയാല്‍ വിജയിക്കാന്‍ ആവശ്യത്തിലേറെ സമയം മുന്നിലുണ്ട്. അതുകൊണ്ടുതന്നെ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.