അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 18നാണ് പരമ്പര ആരംഭിക്കുന്നത്. രണ്ടാം മത്സരം 20നും മൂന്നാം മത്സരം 23നുമാണ് നടക്കുന്നത്. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ക്കെല്ലാം പരമ്പരയില്‍ വിശ്രമം അനുവദിച്ചപ്പോള്‍ നായകനായി ജസ്പ്രീത് ബുംറയാണുള്ളത്. പരിക്കിന്റെ ഇടവേളക്ക് ശേഷം ബുംറ മടങ്ങിയെത്തുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
വലിയ ഇടവേളക്ക് ശേഷമുള്ള ബുംറയുടെ തിരിച്ചുവരവില്‍ നായകസ്ഥാനം നല്‍കുന്നത് എത്രത്തോളം മികച്ച തീരുമാനമാണെന്നതില്‍ പലര്‍ക്കും അഭിപ്രായ ഭിന്നതകളുണ്ട്. എന്നാല്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയത് സഞ്ജു സാംസണ്‍ ടീമിലുണ്ടായിട്ടും വൈസ് ക്യാപ്റ്റന്‍സി റുതുരാജ് ഗെയ്ക്‌വാദിന് നല്‍കിയതാണ്. ടി20യില്‍ റുതുരാജിനെക്കാള്‍ അനുഭവസമ്പന്നനായ താരം സഞ്ജുവാണ്. കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു.
2022ല്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. അവസാന സീസണില്‍ ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിനായില്ല. അതേ സമയം ഇതുവരെ ഐപിഎല്ലില്‍ നായകനാവാത്ത താരമാണ് റുതുരാജ് ഗെയ്ക്‌വാദ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഭാവിയില്‍ താരം എത്താന്‍ സാധ്യതയുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ നായകനായിട്ടുള്ള റുതുരാജാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്നത്.
ഈ കാരണം കൊണ്ടാവാം അദ്ദേഹത്തിന് അയര്‍ലന്‍ഡ് പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍സി നല്‍കിയത്. എന്നാല്‍ സഞ്ജു സാംസണിനെപ്പോലെ പയറ്റി തെളിഞ്ഞ ക്യാപ്റ്റനുള്ളപ്പോള്‍ അദ്ദേഹത്തിന് അവസരം നല്‍കാതെ റുതുരാജിന് വൈസ് ക്യാപ്റ്റന്‍സി നല്‍കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. സഞ്ജുവിന് സ്ഥാനം നല്‍കിയാല്‍ വളര്‍ന്നു പോകുമോയെന്ന ഭയമാണ് ടീം മാനേജ്‌മെന്റിനെന്നാണ് ആരാധകര്‍ പറയുന്നത്.

ഐപിഎല്ലില്‍ നായകനായി ഭേദപ്പെട്ട റെക്കോഡുള്ള താരമാണ് സഞ്ജു. 45 മത്സരങ്ങളില്‍ അദ്ദേഹം നായകനായി. 1304 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഏഴ് ഫിഫ്റ്റിയും ഉള്‍പ്പെടും. 67 സിക്‌സുകളാണ് താരം പറത്തിയത്. 22 മത്സരങ്ങള്‍ സഞ്ജുവിന് കീഴില്‍ ടീം ജയിച്ചപ്പോള്‍ 23 മത്സരമാണ് തോറ്റത്. 50നോടടുത്താണ് സഞ്ജുവിന്റെ ക്യാപ്റ്റനായുള്ള വിജയ ശരാശരി. റുതുരാജ് വലിയ മത്സരങ്ങളില്‍ ഇതുവരെ ക്യാപ്റ്റനായിട്ടില്ല.
ഇന്ത്യയുടെ ടി20 ടീമില്‍ നിലവില്‍ വലിയ റോള്‍ റുതുരാജിനില്ല. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുള്ള താരമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങാനായിട്ടില്ല. ഇന്ത്യന്‍ ജഴ്‌സിയില്‍ 9 ടി20 കളിച്ച് 135 റണ്‍സാണ് അദ്ദേഹം നേടിയത്. എടുത്തു പറയാന്‍ ഒരു 57 റണ്‍സ് പ്രകടനവുമുണ്ട്. ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം ഉറപ്പുള്ള താരമെന്ന് റുതുരാജിനെ വിളിക്കാനാവില്ല. സഞ്ജുവിന്റെ അവസ്ഥയും ഇതു തന്നെയാണ്.
എന്നാല്‍ റുതുരാജിനെക്കാള്‍ ആരാധക പിന്തുണയുള്ള, ടി20യില്‍ വെടിക്കെട്ട് നടത്താന്‍ കഴിവുള്ള സഞ്ജു ഉള്ളപ്പോള്‍ ഇന്ത്യ അദ്ദേഹത്തിനെ തഴഞ്ഞ് റുതുരാജിന് വൈസ് ക്യാപ്റ്റന്‍സി നല്‍കിയത് ശരിയായ തീരുമാനമല്ലെന്നാണ് ആരാധക പക്ഷം. അതേ സമയം സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിച്ചതോടെ അദ്ദേഹത്തിന്റെ ടി20 ലോകകപ്പിലെ പ്രതീക്ഷകളും ചെറുതായി ഉയര്‍ന്നിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു ഫ്‌ളോപ്പായിരുന്നു.
മൂന്നാം മത്സരത്തില്‍ അവസരം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അതിന് ശേഷം നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവുണ്ട്. ഇതില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിനത് മുതലാക്കേണ്ടതായുണ്ട്. ഇനിയുള്ള എല്ലാ ടി20 പരമ്പരകളിലും കസറിയാന്‍ 2024ലെ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് സഞ്ജുവിന് അവസരം ലഭിച്ചേക്കും. എന്നാല്‍ സഞ്ജുവിന് വലിയ ഭീഷണിയായി ജിതേഷ് ശര്‍മയും വളര്‍ന്ന് വരുന്നുണ്ട്. ജിതേഷും അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അവസാന അയര്‍ലന്‍ഡ് പരമ്പരയില്‍ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. അന്ന് ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. ഇത്തവണ ഹര്‍ദിക് ടീമിലില്ല. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിശ്രമമെടുക്കുമ്പോള്‍ വിവിഎസ് ലക്ഷ്മണാവും ഇന്ത്യന്‍ ടീമിനൊപ്പം അയര്‍ലന്‍ഡിലേക്ക് പോവുക.
അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.