അയര്‍ലാന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടതോടെ നാണക്കേടിന്റെ ലിസ്റ്റില്‍ തന്റെ പേരും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് യുവാതാരം തിലക് വര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. ഈ പരമ്പരയില്‍ കന്നി ഫിഫ്റ്റിയടക്കം നേടി ഇന്ത്യയുടെ ടോപ്‌സ്‌കോററായും തിലക് മാറിയിരുന്നു.
അയര്‍ലാന്‍ഡിനെതിരേയും പ്രകടനം ആവര്‍ത്തിക്കാനുറച്ച് ഇറങ്ങിയ താരത്തിനു പിഴയ്ക്കുകയായിരുന്നു. വെറും ഒരു ബോളിന്റെ ആയുസ് മാത്രമേ തിലകിനുണ്ടായുളളൂ. താരം ക്രീസിലേക്കു വന്നതും പോയതുമെല്ലാം കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു. വിന്‍ഡീസുമായുളള പരമ്പരയില്‍ നാലാം നമ്പറില്‍ കളിച്ച തിലകിനെ ഈ കളിയില്‍ മൂന്നാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്യുകയായിരുന്നു. പക്ഷെ ഈ നീക്കം പാളി.

മികച്ചൊരു ബോളിലായിരുന്നില്ല, മറിച്ച് ഒരു മോശം ബോളില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ തിലക് പുറത്താവുകയായിരുന്നു. കരിയറിലെ ആറാമത്തെ ടി20യിലാണ് താരം ആദ്യമായി ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയത്. ഏഴാം ഓവറിലെ രണ്ടാമത്തെ ബോളില്‍ യശസ്വി ജയ്‌സ്വാള്‍ (24) മടങ്ങിയതോടെയാണ് തിലക് ക്രീസിലേക്കു വന്നത്.
പക്ഷെ ലെഗ് സൈഡിലേക്കു പോയ, വൈഡ് ലഭിക്കേണ്ടിയിരുന്ന ക്രെയ്ഗ് യങിന്റെ തൊട്ടടുത്ത ബോളില്‍ തിലക് അനാവശ്യ ഷോട്ടിനു മുതിരുകയായിരുന്നു. ഫൈന്‍ ലെഗിലേക്കു ബോളിനെ ഫ്‌ളിക്ക് ചെയ്തിടാനായിരുന്നു താരത്തിന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ ടക്കര്‍ വലതു വശത്തേക്കു ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു. ഞെട്ടലോടെ തിലകിന് ക്രീസ് വിടേണ്ടി വരികയും ചെയ്തു.
ഇന്ത്യക്കു വേണ്ടി ടി20യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഗോള്‍ഡന്‍ ഡെക്കായി മാറിയ മൂന്നാമത്തെ താരമെന്ന നാണക്കേട് തിലകിനെ തേടിയെത്തി. മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ് നേരത്തേ മൂന്നാമനായി ഇറങ്ങി ഗോള്‍ഡന്‍ ഡെക്കായിട്ടുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍.
2007ല്‍ സൗത്താഫാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഡിക്കെ ആദ്യ ബോളില്‍ പുറത്തായത്. കഴിഞ്ഞ വര്‍ഷം അയര്‍ലാന്‍ഡിനെതിരേ സൂര്യക്കും ഇതേ തിരിച്ചടി നേരിടുകയായിരുന്നു.
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡ് നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. നാലു തവണയാണ് അദ്ദേഹം നേരിട്ട ആദ്യ ബോളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. രണ്ടാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്.

മൂന്നു തവണ വീതം ഗോള്‍ഡന്‍ ഡെക്കായ ശ്രേയസ് അയ്യരും വാഷിങ്ടണ്‍ സുന്ദറുമാണ് ഒപ്പത്തിനൊപ്പമുള്ളത്. മൂന്നാംസ്ഥാനം അഞ്ചു പേരാണ് പങ്കിടുന്നത്. കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരെല്ലാം രണ്ടു തവണ വീതം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടുണ്ട്.
അതേസമയം, ടി20യില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ ഗോള്‍ഡന്‍ ഡെക്കാവാതെ കളിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു സ്വന്തമാണ്. 107 ഇന്നിങ്‌സുകളിലാണ് കോലി ഗോള്‍ഡന്‍ ഡെക്കാവാതെ ക്രീസില്‍ തുടര്‍ന്നത്.
100ന് മുകളില്‍ ഇന്നിങ്‌സുകള്‍ ഡെക്കാവാതെ ബാറ്റ് ചെയ്ത ഏക താരവും അദ്ദേഹം തന്നെയാണ്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി (85 ഇന്നിങ്‌സ്), നിലവിലെ ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (71 ഇന്നിങ്‌സ്), മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ (36 ഇന്നിങ്‌സ്) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍.