ഡുബ്ലിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കത്തിക്കയറി കൈയടി നേടിയ തിലക് വര്‍മ അയര്‍ലന്‍ഡ് പരമ്പയില്‍ ഫ്‌ളോപ്പ് ഷോ തുടരുന്നു. ഒന്നാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായ തിലക് രണ്ടാം ടി20യില്‍ 2 പന്ത് നേരിട്ട് 1 റണ്‍സാണ് നേടിയത്. ബാരി മക്കാര്‍ത്തിയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച തിലകിന് ടൈമിങ് പിഴച്ചു. വായുവില്‍ ഉയര്‍ന്ന പന്തിനെ ജോര്‍ജ് ഡോക്രെല്‍ ഗംഭീര ക്യാച്ചിലൂടെ കൈയിലൊതുക്കുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിലക് നിരാശപ്പെടുത്തിയതില്‍ ആരാധകരും സംതൃപ്തരല്ല. ഏഷ്യാ കപ്പിനുള്ള ടീം നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും തിലകിനെ പരിഗണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട് സജീവമായി നിലനില്‍ക്കവെയാണ് അദ്ദേഹം നിരാശപ്പെടുത്തുന്നത്. യുവതാരമായ തിലക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇതിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയതും.
ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റത്തില്‍ത്തന്നെ തിലക് ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ 39, 51, 49*, 7*, 27 എന്നിങ്ങനെയാണ് തിലകിന്റെ സ്‌കോര്‍. ഇതേ പ്രകടനം അദ്ദേഹം അയര്‍ലന്‍ഡിനെതിരേ ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. നിലയുറപ്പിക്കുന്നതിന് മുമ്പ് ആഞ്ഞടിക്കാന്‍ ശ്രമിച്ചതാണ് തിലകിന് പിഴക്കാന്‍ കാരണം.
അയര്‍ലന്‍ഡിനെതിരേ ഫ്‌ളോപ്പായതോടെ വലിയൊരു നാണക്കേടിലേക്കും തിലക് എത്തിയിരിക്കുകയാണ്. അയര്‍ലന്‍ഡിനെതിരേ ടി20യില്‍ തുടര്‍ച്ചയായി രണ്ട് തവണ ഒറ്റ സംഖ്യയില്‍ പുറത്താവുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് തിലക് മാറിയിരിക്കുന്നത്. എന്നാല്‍ ഈ നാണക്കേടില്‍ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോലിയാണെന്നതാണ് കൗതുകം. നിര്‍ണ്ണായക സമയത്താണ് തിലകിനെ മോശം ഫോം വേട്ടയാടിയിരിക്കുന്നത്.

ഇപ്പോള്‍ തിളങ്ങിയിരുന്നെങ്കില്‍ ഏഷ്യാ കപ്പിലേക്ക് തിലകിന് വിളിയെത്താന്‍ സാധ്യത കൂടുതലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ പെട്ടെന്ന് തന്നെ യുവതാരത്തിന്റെ കരിയറില്‍ വലിയ മാറ്റം ഉണ്ടായേനെ. എന്നാല്‍ ഇപ്പോള്‍ ഫ്‌ളോപ്പായതോടെ സെലക്ടര്‍മാര്‍ തിലകിനെ പരിഗണിക്കുന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിച്ചേക്കും. എന്തായാലും തിലകിന് നഷ്ടമായത് ടീമില്‍ വേരുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണെന്ന് പറയാം.
യുവതാരം യശ്വസി ജയ്‌സ്വാളിനും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. രണ്ടാം മത്സരത്തില്‍ ഗംഭീരമായി തുടങ്ങിയെങ്കിലും 11 പന്തില്‍ 18 റണ്‍സുമായി പുറത്തായത്. 2 ഫോറും 1 സിക്‌സുമാണ് അദ്ദേഹം നേടിയത്. ക്രെയ്ഗ് യങ്ങിന്റെ പന്തില്‍ വമ്പന്‍ സിക്‌സറിന് ശ്രമിച്ച ജയ്‌സ്വാളിന്റെ ടൈമിങ് അല്‍പ്പം പിഴച്ചു. ബൗണ്ടറി ലൈനില്‍ കേര്‍ട്ടിസ് കംപെര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ജയ്‌സ്വാളിന് മടക്ക ടിക്കറ്റ് നല്‍കിയത്. വലിയ പ്രതീക്ഷ നല്‍കിയാണ് ജയ്‌സ്വാളിന്റെ മടക്കം.
ഇന്ത്യയുടെ അടുത്ത മുഖ്യ ഓപ്പണര്‍മാരിലൊരാളായി പരിഗണിക്കുന്ന താരമാണ് ജയ്‌സ്വാള്‍. ശിഖര്‍ ധവാന് ശേഷം മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ ഓപ്പണര്‍ ഇന്ത്യക്കുണ്ടായിട്ടില്ല. ജയ്‌സ്വാള്‍ ടെസ്റ്റിലും ടി20യിലും ഇതിനോടകം മികവ് കാട്ടിക്കഴിഞ്ഞു. അധികം വൈകാതെ ഏകദിനത്തിലേക്കും ജയ്‌സ്വാളിന് വിളിയെത്തിയേക്കും.
പ്ലേയിങ് 11: ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
അയര്‍ലാന്‍ഡ്- ആന്‍ഡ്രു ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍ക്കര്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കേര്‍ട്ടിസ് കംപെര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡെയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.