IND vs IRE: യുവ പ്രതിഭകള്‍, അയര്‍ലന്‍ഡ് പര്യടനത്തില്‍ അവസരമുറപ്പ്! 5 ഇന്ത്യക്കാരിതാ
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് അയര്‍ലന്‍ഡ് പര്യടനമാണ്. വെസ്റ്റ് ഇന്‍ഡീസില്‍ 2 മത്സര ടെസ്റ്റ് പരമ്പരയും 3 മത്സര ഏകദിന പരമ്പരയും 5 മത്സര ടി20 പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്. ഇതിന് ശേഷം 3 മത്സര ടി20 പരമ്പരയാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരേ കളിക്കുക. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാവും ഇന്ത്യ അയര്‍ലന്‍ഡിനെതിരേ ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ പുതിയ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ ആലോചിക്കുന്നു. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡ് പരമ്പരയിലേക്ക് സമീപകാലത്തു മികവുകാട്ടിയ യുവതാരങ്ങളെയെല്ലാം പരിഗണിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നിലവില്‍ അണ്‍ക്യാപ്പ്ഡ് താരങ്ങളായവരില്‍ നിന്ന് അയര്‍ലന്‍ഡ് ടി20 പരമ്പരയിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള അഞ്ചുപേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഇടം കൈയന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് അവസരം ഉറപ്പാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ഇതിനോടകം താരത്തിന് വിളി ലഭിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന കളിക്കാരനാണ് ജയ്‌സ്വാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തിയതോടൊപ്പം ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം ശോഭിക്കുന്നു. ശിഖര്‍ ധവാന് ശേഷം ഇന്ത്യയുടെ വിശ്വസ്തനായ ഇടം കൈയന്‍ ഓപ്പണറായി ജയ്‌സ്വാളിന് മാറാനാവുമോയെന്നത് കണ്ടറിയാം.
ജിതേഷ് ശര്‍മയാണ് രണ്ടാമത്തെ താരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജിതേഷ് ശര്‍മ പഞ്ചാബ് കിങ്‌സിനൊപ്പം മികവുകാട്ടുന്നു. സഞ്ജു സാംസണിനും ഇഷാന്‍ കിഷനും വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ് ജിതേഷ്. നേരിടുന്ന ആദ്യ പന്തുമുതല്‍ ആക്രമിക്കുന്ന ജിതേഷ് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ളവനാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ജിതേഷിനെ പിന്തുണച്ച് വളര്‍ത്തുമെന്നുറപ്പ്. അയര്‍ലന്‍ഡിനെതിരേ ജിതേഷും അവസരം പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറായി മാറാന്‍ കെല്‍പ്പുള്ള റിങ്കു സിങ്ങിനും അയര്‍ലന്‍ഡ് പരമ്പരയിലേക്ക് വിളിയുറപ്പാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനമാണ് റിങ്കു കാഴ്ചവെക്കുന്നത്. ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി വിജയം നേടിക്കൊടുക്കാന്‍ റിങ്കുവിന് സാധിച്ചിട്ടുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി ബാറ്റുചെയ്യാന്‍ മിടുക്കുള്ളവനാണ് റിങ്കു. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലിടം പിടിക്കാന്‍ കഴിവുള്ളവനാണ് അദ്ദേഹം.
അണ്ടര്‍ 19 ക്രിക്കറ്റിലൂടെ മികവുകാട്ടുകയും മുംബൈ ഇന്ത്യന്‍സിനൊപ്പം വളരുകയും ചെയ്ത തിലക് വര്‍മയാണ് മറ്റൊരാള്‍. ഇടം കൈയന്‍ താരമായ തിലക് മധ്യനിരയില്‍ ശോഭിക്കാന്‍ കഴിവുള്ളവനാണ്. നിലവില്‍ ഇന്ത്യയുടെ മധ്യനിരയില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവമുണ്ട്. ഈ വിടവുനികത്താന്‍ കഴിവുള്ളവനാണ് തിലക്. അയര്‍ലന്‍ഡിനെതിരേ തിലകിനും വിളിയെത്തിയേക്കും.
മൊഹ്‌സിന്‍ ഖാനാണ് അഞ്ചാമത്തെ താരം. ഇടം കൈയന്‍ പേസറുടെ അഭാവം ഏറെ നാളുകളായുള്ള ഇന്ത്യയുടെ തലവേദനയാണ്. ഈ വിടവ് നികത്താന്‍ ശേഷിയുള്ളവനാണ് മൊഹ്‌സിന്‍ ഖാന്‍. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവുകാട്ടുന്ന മൊഹ്‌സിന്‍ ഏറെ നാളുകളായി ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളി പ്രതീക്ഷിക്കുകയാണ്. അയര്‍ലന്‍ഡിനെതിരേ തന്നെ മൊഹ്‌സിന് അവസരം ലഭിക്കാനാണ് സാധ്യത.
ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യയാവും നയിക്കുക. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും ഇഷാന്‍ കിഷനുമുണ്ടാവും. വിരാട് കോലി, രോഹിത് ശര്‍മ, മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. അയര്‍ലന്‍ഡ് താരതമ്യേനെ ദുര്‍ബലരായ ടീമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ചാലും പരമ്പര നേട്ടം പ്രയാസമായിരിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications