വൈഭവ് എനിക്കൊരു വിഷയമല്ല!! എളുപ്പം ഔട്ടാക്കും, കാരണം പറഞ്ഞ് ശ്രീശാന്ത്
അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങളിലൂടെ ലോക ക്രിക്കറ്റിലാകെ ചര്‍ച്ചാ വിഷയമായി മാറിയ താരമാണ് ഇന്ത്യന്‍ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി. അയര്‍ലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലൂടെ വെറും 15ാം വയസ്സില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഈ കൊച്ചു മിടുക്കന്‍.
ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ബൗളര്‍മാരായ ജസ്പ്രീത് ബുംറ, പാറ്റ് കമ്മിന്‍സ് അടക്കമുള്ളവരെ യാതൊരു കൂസലുമില്ലാതെ കഴിഞ്ഞ ഐപിഎല്ലില്‍ വൈഭവ് അടിച്ചു പറത്തിയിരുന്നു. എന്നാല്‍ വൈഭവിനെ അനായാസം ഔട്ടാക്കാന്‍ തനിക്കു സാധിക്കുമെന്നു അവകാശപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്.

വൈഭവിനെ ഔട്ടാക്കും
ദേശീയ വാര്‍ത്താ ഏജന്‍സികളിലൊന്നായ എബിപി ന്യൂസുമായി സംസാരിക്കവെയാണ് വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തുന്നതിനൊപ്പം തനിക്കു പുറത്താക്കാനും സാധിക്കമെന്നു ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
വൈഭവിന്റെ നിര്‍ഭയമായ ബാറ്റിങ് സമീപനത്തെ അദ്ദേഹം പ്രശംസിച്ചു. ഇതോടൊപ്പം ഇത്ര ചെറിയ പ്രായത്തില്‍ തന്നെ വൈഭവിനു പൂര്‍ണ പിന്തുണയുമായി കൂടെയുള്ള കുടുംബത്തിനോടു ഏറെ ബഹുമാനമുണ്ടെന്നും ശ്രീ പറയുന്നു.
'വൈഭവ് സൂര്യവംശിക്കെതിരേ കളിച്ചിരുന്നെങ്കില്‍ വിക്കറ്റെടുക്കാനും എനിക്കു കഴിയും. മാത്യു ഹെയ്ഡനെ ഔട്ടാക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ വൈഭവിനെ എന്തു കൊണ്ട് സാധിക്കില്ല? ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെയൊരു ഫിയര്‍ലെസ് ടാലന്റിനെ സൃഷ്ടിച്ച വൈഭവിന്റെ കുടുംബത്തോടും ബഹുമാനമുണ്ട്'- ശ്രീശാന്ത് പറഞ്ഞു.
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടാണ് വൈഭവിനെ അദ്ദേഹം ഉപമിച്ചത്. സച്ചിനെപ്പോലെ നിര്‍ഭയമായ മനോഭാവമാണ് 15കാരനുള്ളതെന്നും ബിഹാറില്‍ നിന്നുള്ള താരത്തെ എത്രയും പെട്ടെന്നു വളര്‍ത്തിയെടുക്കണമെന്നും ടീം മാനേജ്‌മെന്റിനോടും സെലക്ടര്‍മാരോടും ശ്രീശാന്ത് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ ടീമില്‍ ഒരു താരത്തിലും പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ഇത്രയും ചെറു പ്രായത്തില്‍ തന്നെ വൈഭവിനുള്ള ആത്മവിശ്വാസം കണ്ടപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഓര്‍മ വന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
'15ാം വയസ്സില്‍ തന്നെ തന്നിലെ പ്രതിഭയിലെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചയാളായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അദ്ദേഹം ആ പ്രായത്തില്‍ തന്നെ പൂര്‍ണ സജ്ജനുമായിരുന്നു.
വൈഭവ് സൂര്യവംശിയും അതേ പോലെയുള്ള ഒരു ഫിയര്‍ലെസ് മനോഭാവമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അവനെ ഫാസ്റ്റ് ട്രാക്ക് ചെയ്യണം. യുവ ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തിലും ഇതു തന്നെയാണ് വേണ്ടത്. 16-17 വയസ്സുള്ള ഒരു പേസര്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെങ്കില്‍ അവന്‍ ടീമിലിടം നേടുകയും വേണം'- അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈഭവിന്റെ ഭാവി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം വൈഭവ് സൂര്യവംശിക്കു വളരെ മികച്ച ഭാവിയാണുള്ളതെന്ന് ശ്രീശാന്ത് പ്രവചിക്കുന്നു. ആഗോള തലത്തില്‍ ക്രിക്കറ്റിന്റെ അംബാസഡറായി മാറാന്‍ താരത്തിനു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ക്രിക്കറ്റിലെ ഏറ്റവും വലിയ അംബാസഡര്‍മാരില്‍ ഒരാളാവാന്‍ വൈഭവ് സൂര്യവംശിക്കു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ക്രിക്കറ്റും അടുത്ത ഒളിംപിക്‌സിന്റെ ഭാഗമായി മാറുകയാണ്. നമുക്കു സ്വര്‍ണ മെഡല്‍ നേടിത്തരുന്നതില്‍ വൈഭവ് നിര്‍ണായക പങ്കു വഹിക്കും.
വൈഭവ് ഇതില്‍ വിജയം കൈവരിച്ചാല്‍ ചൈന, ജര്‍മനി പോലെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്കും ക്രിക്കറ്റിലേക്കു വരാന്‍ വലിയ പ്രചോദനമായി മാറുകയും ചെയ്യും. ബിസിസിഐയ്ക്കു നന്ദി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ പോലെയുള്ള താരങ്ങള്‍ ഇതിനകം ക്രിക്കറ്റിനെ ഏറെ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്. ഇനി ആ പാരമ്പര്യം മുന്നോട്ടു കൊണ്ടു പോവാനുള്ള പ്രതിഭ വൈഭവിനുണ്ട്' - ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

