അടുത്ത യുവരാജ് സിങ് എന്ന് വിലയിരുത്തപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയ താരമാണ് ശിവം ദുബെ. മുംബൈക്കൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിച്ചുവളര്‍ന്ന ദുബെ ഇന്ത്യന്‍ ടീമിലും ഇടം പിടിക്കുകയായിരുന്നു. ഏകദിനത്തിലും ടി20യിലും ഇന്ത്യക്കായി കളിച്ചെങ്കിലും പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. ഇതോടെ ദുബെ ടീമില്‍ നിന്ന് തഴയപ്പെട്ടു. 2020 ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി കളിച്ചത്. പിന്നീട് ഒരു മത്സരത്തില്‍ പോലും കളിച്ചിട്ടില്ല.
ഇപ്പോഴിതാ 2023ല്‍ അയര്‍ലന്‍ഡിനെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ദുബെ. ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതോടെയാണ് ദുബെയുടെ തലവര മാറിയതെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിലും കരിയറിലെ മാറ്റത്തിനും എംഎസ് ധോണിയുടെ ഉപദേശം തുണച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവം ദുബെ. ഐപിഎല്ലിലെ അവസാന സീസണില്‍ ധോണിക്ക് കീഴിലാണ് അദ്ദേഹം കളിച്ചത്.
'എല്ലാ കാര്യങ്ങളും എനിക്ക് പ്രകടിപ്പിക്കാനാവില്ല. ഞാന്‍ എന്റെ മത്സരത്തെ അപ്‌ഗ്രേഡ് ചെയ്തു. ഇപ്പോള്‍ ഏത് സാഹചര്യത്തില്‍ എങ്ങനെ കളിക്കണമെന്ന തിരിച്ചറിവുണ്ട്. എങ്ങനെ ഫിനിഷ് ചെയ്യണമെന്ന് അറിയാം. ബൗളറെ എങ്ങനെ ആശയക്കുഴപ്പത്തിലാക്കണമെന്ന് അറിയാം. ഇതെല്ലാം വളരെ പ്രധാനപ്പെട്ട കാര്യമാണ്. തീര്‍ച്ചയായും ധോണിയില്‍ നിന്ന് വലിയ ഉപദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രധാനമായും പറഞ്ഞത് അവസാനം വരെ ക്രീസില്‍ നില്‍ക്കാനും മത്സരം ഫിനിഷ് ചെയ്യാനും ശ്രമിക്കാനാണ്.
നിന്റെ ബാറ്റിങ്ങിലൂടെ നിരവധി ജയങ്ങള്‍ ടീമിന് നേടിക്കൊടുക്കാനാവും. അതുകൊണ്ടുതന്നെ നിന്റെ കഴിവില്‍ വിശ്വസിക്കണമെന്നാണ് ധോണി പറഞ്ഞത്'- ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ദുബെ വെളിപ്പെടുത്തി. സിഎസ്‌കെയ്‌ക്കൊപ്പം ഫിനിഷര്‍ റോളിലാണ് ദുബെ തിളങ്ങിയത്. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാന്‍ ദുബെക്ക് കഴിവുണ്ട്. ഡെത്തോവറുകളില്‍ റണ്‍സുയര്‍ത്താനും മിടുക്കനാണ്.

നല്ല ഫിറ്റ്‌നസുള്ള താരമാണ് ദുബെ. അതുകൊണ്ടുതന്നെ ഇതിനെ മുതലാക്കി കളിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. നേരത്തെ ദുബെക്ക് ഈ മികവ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കരുത്ത് മനസിലാക്കി ബാറ്റു ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. 'എന്നെ സംബന്ധിച്ച് ലക്ഷ്യമിടുന്നത് മത്സരം ഫിനിഷ് ചെയ്യാനാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഏത് റോള്‍ ലഭിച്ചാലും മത്സരം ഫിനിഷ് ചെയ്യുകയെന്നതാണ് പ്രധാന ലക്ഷ്യം.
അതിനുവേണ്ടി ശാരീരികമായും മാനസികമായും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു'-ദുബെ കൂട്ടിച്ചേര്‍ത്തു. ആര്‍സിബിക്കായും രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചിട്ടും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ദുബെക്കായില്ല. എന്നാല്‍ സിഎസ്‌കെയിലെത്തിയ ശേഷം ദുബെ ടീമിന്റെ നെടുന്തൂണായി മാറി. 16 മത്സരത്തില്‍ നിന്ന് 418 റണ്‍സാണ് അവസാന സീസണില്‍ അദ്ദേഹം നേടിയത്. അതും 38 ശരാശരിയില്‍. 158 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 30 സിക്‌സുകള്‍ പറത്തിയ താരം ഇതില്‍ 19തും സ്പിന്നര്‍മാര്‍ക്കെതിരേയാണ് നേടിയത്.
കുറഞ്ഞ പന്തുകളിലൂടെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ ദുബെക്ക് കഴിവുണ്ട്. അധികമാര്‍ക്കുമില്ലാത്ത കഴിവാണിത്. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്ന താരമാണ് ദുബെ. നിലവില്‍ ഇന്ത്യയുടെ ഏക ഫിനിഷര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. എന്നാല്‍ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് ഹാര്‍ദിക് എത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് മികച്ച ഫിനിഷറെ ആവശ്യമാണ്.
അതുകൊണ്ടുതന്നെ ശിവം ദുബെ ആ സ്ഥാനത്തേക്ക് എത്താനാണ് സാധ്യത. ദുബെയെ പിന്തുണച്ച് വളര്‍ത്തിയാല്‍ മികച്ചൊരു ഫിനിഷറെ ഇന്ത്യക്ക് ലഭിക്കും. വലിയ മൈതാനങ്ങളില്‍ തിളങ്ങാന്‍ ദുബെക്ക് കഴിവുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ ദുബെയെപ്പോലെ കൈക്കരുത്തുള്ള താരത്തെ ഇന്ത്യക്ക് ആവശ്യമാണ്. ധോണിയെപ്പോലെ ഏത് സ്‌കോറും മറികടക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് ദുബെയെന്ന് പറയാം.