മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കളിക്കുക. വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യ രണ്ട് മത്സര ടെസ്റ്റ്, മൂന്ന് മത്സര ഏകദിന, അഞ്ച് മത്സര ടി20 പരമ്പരകളാണ് കളിക്കുക. ഇതിന് ശേഷമാണ് അയര്‍ലന്‍ഡ് പരമ്പര. ഔദ്യോഗിക തീയ്യതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഓഗസ്റ്റിലാണ് ഈ പരമ്പര നടക്കുക.
ഓഗസ്റ്റ് 31നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ഏഷ്യാ കപ്പിന് തൊട്ടുമുമ്പായി നടക്കുന്ന പരമ്പരയായതിനാലും അയര്‍ലന്‍ഡ് താരതമ്യേനെ ദുര്‍ബലരായതിനാലും രണ്ടാം നിര ടീമിനെ അയക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ അയര്‍ലന്‍ഡ് പരമ്പരയില്‍ പരിഗണിക്കാന്‍ സാധ്യതയുള്ള ടീമിനെ പരിശോധിക്കാം.
ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക് വാദിനൊപ്പം യശ്വസി ജയ്‌സ്വാളെത്തിയേക്കും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാളിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ പരിമിത ഓവറിലേക്കും ജയ്‌സ്വാളിന് വിളിനല്‍കും. അയര്‍ലന്‍ഡ് പരമ്പരയിലൂടെത്തന്നെ താരം അരങ്ങേറാന്‍ സാധ്യതയുണ്ട്.
റുതുരാജ് ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ്. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് തഴയപ്പെട്ടിരുന്നു. ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമിലിടം പിടിച്ചേക്കും. ഇടം കൈയന്‍ താരം ഏഷ്യാ കപ്പിലേക്കും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. സ്ഥിരത പ്രശ്‌നമുള്ള താരത്തിന് കൂടുതല്‍ അവസരം ലഭിക്കാനാണ് സാധ്യത. ഇന്ത്യയെ സഞ്ജു സാംസണ്‍ നയിക്കുമെന്നാണ് സൂചന. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് സഞ്ജുവിന് പിന്തുണ ലഭിച്ചേക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിന് ഇടമുണ്ട്. ടി20 പരമ്പരയിലും സഞ്ജു ഇടം നേടിയേക്കും. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് നായകസ്ഥാനം നല്‍കാനുള്ള സാധ്യതയുണ്ട്. നിലവില്‍ ടീമിന് പുറത്തുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. അവസാന അയര്‍ലന്‍ഡ് പരമ്പരയില്‍ ഹൂഡ സെഞ്ച്വറിയടക്കം നേടി തിളങ്ങിയിരുന്നു.
രാഹുല്‍ ത്രിപാഠിക്കും ടീമില്‍ ഇടം ലഭിച്ചേക്കും. ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയ ത്രിപാഠി അവസാന ഐപിഎല്ലില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. എങ്കിലും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കും. യുവതാരം തിലക് വര്‍മക്കും ടീമിലേക്ക് വിളി ലഭിച്ചേക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ തിലക് മധ്യനിരയിലെ വിശ്വസ്തനാണ്. നിലയുറപ്പിച്ച് കളിക്കാനും തല്ലിത്തകര്‍ത്തുകളിക്കാനും മികവുള്ള തിലകില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെടിക്കെട്ട് ഫിനിഷര്‍ റിങ്കു സിങ്ങിനെയും ഇന്ത്യ പരിഗണിച്ചേക്കും. പരിമിത ഓവറില്‍ വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് റിങ്കു. ഒറ്റക്ക് മത്സരഫലത്തെ മാറ്റാനും കഴിവുണ്ട്. അയര്‍ലന്‍ഡിനെതിരേ റിങ്കുവിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ തിരിച്ചുവിളിച്ചേക്കും. പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന സുന്ദര്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും ഇടം നേടുമെന്നാണ് വിവരം. പേസര്‍ നിരയില്‍ ജസ്പ്രീത് ബുംറയും എത്തിയേക്കും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ബുംറ പതിയെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ട്. എന്‍സിഎയുടെ നിരീക്ഷണത്തിലുള്ള ബുംറ അയര്‍ലന്‍ഡിനെതിരേ കളിക്കാനാണ് സാധ്യത. ദീപക് ചഹാറും ഉമ്രാന്‍ മാലികും പേസ് നിരയില്‍ ഇടം നേടിയേക്കും.
ഇന്ത്യയുടെ സാധ്യതാ ടീം: റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്