അയര്‍ലാന്‍ഡ് പര്യടനത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ മുഖ്യ എതിരാളിയെന്നു പറയാവുന്നത് പുതുമുഖമായ ജിതേഷ് ശര്‍മയാണ്. ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജിതേഷിനെ പുറത്ത് ഇരുത്തി സഞ്ജുവില്‍ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ സഞ്ജുവിനു പകരം ജിതേഷ് വരുമെന്ന സൂചനകള്‍ക്കിടെ ടീമിന്‍റെ പരിശീലന സെഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ടീമില്‍ തന്റെ പ്രധാന ശത്രുവായിട്ടും ജിതേഷിനെ ബാറ്റിങില്‍ സഹായിക്കുകയും നിര്‍ണായകമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സഞ്ജുവിന്റെ വീഡിയോയാണ് ചര്‍ച്ചയാവുന്നത്. പ്രമുഖ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ വിമല്‍കുമാറാണ് ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ നിന്നുള്ള വീഡിയോ ആരാധകരുമായി പങ്കുവച്ചത്.

ഈ വീഡിയോയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം ബാറ്റിങ്, ബൗളിങ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സഞ്ജു അതു നിര്‍ത്തിവച്ച് ജിതേഷിനെ സഹായിക്കുന്നത്. പാഡും ഹെല്‍മറ്റും ധരിച്ച ജിതേഷിനു അടുത്തു നിന്ന് സഞ്ജു ബാറ്റിങില്‍ പല നിര്‍ദേശങ്ങളും നല്‍കുന്നതായി വീഡിയോയില്‍ നമുക്കു കാണാന്‍ സാധിക്കും.
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനത്തിനു വേണ്ടി പരസ്പരം പോരടിക്കുന്ന താരങ്ങളാണ് ഇരുവരും. എന്നിട്ടും സഞ്ജു ഇതെല്ലാം മറന്ന് തന്റെയത്രയും അനുഭവസമ്പത്തില്ലാത്ത ജിതേഷിനു ബാറ്റിങ് ടിപ്‌സകള്‍ നല്‍കുന്നത്. അഞ്ചും പത്തും മിനിറ്റല്ല, മറിച്ച് ഏകദേശം 20 മിനിറ്റോളം ജിതേഷിനു ബാറ്റിങിലെ പല നിര്‍ണായക ഉപദേശങ്ങളും നല്‍കാന്‍ സഞ്ജു മാറ്റിവച്ചുവെന്നാണ് വിമല്‍കുമാര്‍ ഈ വീഡിയോയില്‍ പറയുന്നത്.
ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലെ ഏറ്റവും മനോഹരമായ ദൃശ്യവും ഇതു തന്നെയാണെന്നു അദ്ദേഹം പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രത്യേകതയും ഇതു തന്നെയാണ്. പുറമെ നിന്നും ആളുകള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. ടീമിലെ സ്ഥാനത്തിനായി കളിക്കാര്‍ തമ്മിലടിയാണെന്നും താരങ്ങള്‍ക്കിടയില്‍ അസൂയയും ശത്രുതയുമുണ്ടെന്നെല്ലാം പുറമെയുള്ളവര്‍ പറയും.
പക്ഷെ യഥാര്‍ഥത്തില്‍ അതല്ല സത്യം. ഒരേ സ്ഥാനത്തിനായി മല്‍സരിക്കുന്നവര്‍ തമ്മില്‍ പോലും നല്ല സൗഹൃദവും ഒത്തിണക്കവുമാണ് ടീമിന് അകത്തുള്ളത്. പരസ്പരം സഹായിക്കാനും പിന്തുണയ്ക്കാനുമൊന്നും ആര്‍ക്കും മടിയില്ലെന്നും വിമല്‍ കുമാര്‍ വിശദമാക്കി.
ജിതേഷ് ശര്‍മയ്ക്കു സഞ്ജു സാംസണ്‍ ബാറ്റിങ് ടിപ്‌സ് നല്‍കുന്ന വീഡിയോ
അതേസമയം, സഞ്ജുവിനെ സംബന്ധിച്ച് മാനസികമായി ഇതു ഏറ്റവും മോശം സമയം തന്നെയാണ്. കാരണം ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം തഴയപ്പെട്ടിരുന്നു. 18ാമനായി ബാക്കപ്പ് താരമായാണ് സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചത്.
നിലവിലെ സംഘത്തില്‍ നിന്നും ആരെങ്കിലും പരിക്കേറ്റ് പിന്‍മാറിയാല്‍ മാത്രമേ അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ലോകകപ്പിലും സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്.

അയര്‍ലാന്‍ഡ് പര്യടനത്തിനു ശേഷം സഞ്ജുവിനെ അടുത്തൊന്നും ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ സാധ്യതയില്ല. കാരണം അടുത്തതായി ഏഷ്യാ കപ്പിലാണ് ഇന്ത്യ മാറ്റുരയ്ക്കുക. അതിനു ശേഷം ഓസ്‌ട്രേലിയയുമായി നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. പക്ഷെ ഈ ടീമില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യതയില്ല. അതിനു ശേഷമുള്ള ലോകകപ്പിലും മലയാളി താരത്തിന്റെ സ്ഥാനം പുറത്തായിരിക്കും.
ടി20യില്‍ ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ സഞ്ജു ഇപ്പോള്‍ കളിച്ചു കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച പരമ്പരയിലെ അഞ്ചു ടി20കളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.
മൂന്നു മല്‍സരങ്ങില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും തിളങ്ങിയില്ല. ഇപ്പോള്‍ ഐറിഷ് പര്യടനത്തില്‍ ആദ്യ കളിയില്‍ പുറത്താവാതെ ഒരു റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ രണ്ടാമത്തെ കളിയില്‍ 26 ബോളില്‍ നിന്നും 40 റണ്‍സോടെ കസറുകയും ചെയ്തു.