അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ സാഹചര്യങ്ങളെല്ലാം ഒത്തു വന്നിട്ടും ഇന്ത്യക്കു വേണ്ടി ഒരു മാച്ച് വിന്നിങ് പ്രകടനം കളിക്കാന്‍ കഴിയാതെ സഞ്ജു സാംസണിനു നിരാശപ്പെടേണ്ടി വന്നിരിക്കുകയാണ്. 79 ബോളില്‍ ജയിക്കാന്‍ 92 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു ക്രീസിലെത്തിയത്.
ക്രെയ്ഗ് യങെറിഞ്ഞ ഏഴാമത്തെ ഓവറിലെ രണ്ടാമത്തെ ബോളില്‍ ജയസ്വി ജയ്‌സ്വാളും തൊട്ടടുത്ത ബോളില്‍ തിലക് വര്‍മയും പുറത്താവുകയായിരുന്നു. റുതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 37 ബോളില്‍ നിന്നും 46 റണ്‍സുമായി ഇന്ത്യ മുന്നേറവെയാണ് ഇരട്ട പ്രഹരമേറ്റത്. യങെറിഞ്ഞ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോര്‍ട്ട് കളിക്കാനായിരുന്നു ജയ്‌സ്വാളിന്റെ ശ്രമം.

പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. ടോപ് എഡ്ജായ ബോള്‍ നേരെ മുകളിലേക്കുയര്‍ന്നു. മിഡ് വിക്കറ്റില്‍ ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ് അനായാസം അതു കൈയ്ക്കുള്ളിലുമാക്കി. തുടര്‍ന്നാണ് മിന്നുന്ന ഫോമിലുള്ള തിലകിനെ മൂന്നാം നമ്പറില്‍ ഇന്ത്യ അയച്ചത്. ലെഗ് സ്റ്റംപിലേക്കു പോയ ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു തിലകിനെതിരേ യങ് എറിഞ്ഞത്.
ഒഴിവാക്കിയാല്‍ വൈഡും റണ്‍സും അനായാസം ലഭിക്കുമായിരുന്നു. പക്ഷെ തിലക് അതു വിക്കറ്റിനു പിന്നിലേക്കു വഴി തിരിച്ചുവിടാനാണ് ശ്രമിച്ചത്. എന്നാല്‍ എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ ടക്കര്‍ വലതു വശത്തേക്കു ഡൈവ് ചെയ്തു പിടികൂടുകയും ചെയ്തു. തുടര്‍ന്നാണ് സഞ്ജുവിന്റെ വരവ്.
ഹാട്രിക്ക് ബോളായിരുന്നു യങ് എറിഞ്ഞത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോള്‍ തേര്‍ഡ് മാനിലേക്കു കളിച്ച് സഞ്ജു അനായാസം സിംഗിളെടുത്തു. അടുത്ത ബോളില്‍ റുതുരാജിന് റണ്ണൊന്നുമെടുക്കാനായില്ല. പിന്നാലെ മഴയുടെ കാഠിന്യം കൂടിയതോടെ കളി നിര്‍ത്തിവയ്ക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു
പിന്നീട് മല്‍സരം പുനരാരംഭിക്കാന്‍ കഴിയാതെ കളി ഉപേക്ഷിക്കുകയും ചെയ്തു. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഈ ഘട്ടത്തില്‍ രണ്ടു റണ്‍സിനു മുന്നിട്ടുനിന്ന ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.
മികച്ചൊരു ഇന്നിങ്‌സ് കളിച്ച് ഇന്ത്യയുടെ ഹീറോയാവാനുള്ള അവസരമാണ് മഴ കാരണം സഞ്ജുവിനു നഷ്ടമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച കഴിഞ്ഞ ടി20 പരമ്പരയില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു.

അതുകൊണ്ടു തന്നെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഏഷ്യാ കപ്പ് ടീമിലെത്താനുമുള്ള ഒരു അവസരം കൂടിയാണ് സഞ്ജുവിനു തന്‍റേതല്ലാത്ത കാരണത്താല്‍ നഷ്ടമായത്. സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ ആരാധകര്‍ കടുത്ത നിരാശയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
സഞ്ജു സാംസണിന്റെ കരിയര്‍ അവസാനിക്കണമെന്നാണ് ദൈവം പോലും ആഗ്രഹിക്കുന്നതെന്നു തോന്നുന്നു എന്നായിരുന്നു ചില ആരാധകരുടെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിനെപ്പോലെ ശപിക്കപ്പെട്ട മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്നും ആരാധകര്‍ പറയുന്നു.
സഞ്ജു സാംസണ്‍ വലപ്പോഴും മാത്രമേ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാറുള്ളൂ. തനിക്കു അനുയോജ്യമായ പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ മതിയായ അവസരവും ലഭിക്കാറില്ല. അവസരം കിട്ടിയപ്പോഴാവട്ടെ മഴയും അതു തടഞ്ഞുവെന്നും ആരാധകര്‍ നിരാശയോടെ കുറിക്കുന്നു.