അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യിലൂടെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തിയ താരമാണ് വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ശിവം ദുബെ. ഇതോടെ ഇന്ത്യ അവസരം നല്‍കാതെ തഴഞ്ഞ മോശം റെക്കോര്‍ഡുള്ളവരുടെ ലിസ്റ്റില്‍ അദ്ദേഹം രണ്ടാമനുമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ സ്‌ഫോടനാത്മക ബാറ്റിങാണ് ദുബെയെ ദേശീയ ടീമില്‍ തിരികെയെത്തിച്ചത്.
ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ഇനിയൊരിക്കലും അവസരം ലഭിക്കില്ലെന്നു എല്ലാവരും ഉറപ്പിച്ച താരമായിരുന്നു അദ്ദേഹം. കാരണം നേരത്തേ തനിക്കു ലഭിച്ച അവസരം വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു ദുബെയ്ക്കു സ്ഥാനം നഷ്ടമായത്. പക്ഷെ ഐപിഎല്ലിലെ അഗ്രസീവ് ബാറ്റിങ് അദ്ദേഹത്തിനു കരിയറില്‍ ഒരു രണ്ടാം ജന്‍മം നല്‍കുകയായിരുന്നു.

അന്താരാഷ്ട്ര ടി20യില്‍ രണ്ടു ടി20 മല്‍സരങ്ങള്‍ക്കിടെ ഏറ്റവുമധികം ഇടവേള വന്ന ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമനായാണ് ദുബെ മാറിയത്. ഒരു ടി20 കഴിഞ്ഞ് 70 മല്‍സരങ്ങള്‍ക്കു ശേഷമാണ് ദുബെയ്ക്കു തന്റെ രണ്ടാമത്തെ മല്‍സരം കളിക്കാന്‍ അവസരം ലഭിച്ചത്. 2019 നവംബര്‍ മൂന്നിന് ബംഗ്ലാദേശിനെതിരേ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ടി20യിലൂടെയായിരുന്നു ദുബെയുടെ അരങ്ങേറ്റം.
ടി20യില്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത് 2019ല്‍ വെസ്റ്റ് ഇന്‍ഡീസുമായി തിരുവനന്തപുരത്തു നടന്ന മല്‍സരത്തിലായിരുന്നു. കരിയറിലെ ആദ്യത്തെ ഫിഫ്റ്റി ദുബെ ഈ മല്‍സരത്തില്‍ നേടിയെങ്കിലും ടീം എട്ടു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വങ്ങുകയായിരുന്നു.
2020 ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കായി ടി20യില്‍ കളിച്ചത്. പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമായ ദുബെ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടുമൊരു ടി20യില്‍ ഇന്ത്യക്കായി ഇറങ്ങിയത്.
അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു കരുതിയ ഇടത്താണ് സിഎസ്‌കെയിലൂടെ ദുബെ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ അദ്ദേഹം മധ്യനിരയില്‍ കസറുകയായിരുന്നു. 2022ലെ സീസണില്‍ സിഎസ്‌കെയിലെത്തിയ ദുബെ ടീമിന്റെ തുറുപ്പുചീട്ടായി മാറുകയും ചെയ്തു.
കഴിഞ്ഞ രണ്ടു സീസണുകളിലായി 33.67 ശരാശരിയും 157.46 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ദുബെയ്ക്കു സിഎസ്‌കെയിലുണ്ടായിരുന്നു. ഇതോടെയാണ് ഐറിഷ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം തിരിച്ചുവിളിക്കപ്പെട്ടത്.
അതേസമയം, രണ്ടു ടി20 മല്‍സരങ്ങള്‍ക്കിടെ ഏറ്റവുമധികം ഇടവേള വന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ തലപ്പത്ത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്. ഒരു മല്‍സരത്തിനു ശേഷം തന്റെ അടുത്ത ടി20ക്കായി സഞ്ജുവിനു കാത്തിരിക്കേണ്ടി വന്നത് 73 ടി20കളാണ്.

2015 ജൂലൈ 19നായിരുന്നു അദ്ദേഹം തന്റെ അവസാന ടി20യില്‍ കളിച്ചത്. അതിനു ശേഷം അടുത്ത ടി20ക്കായി സഞ്ജുവിന് കാത്തിരിക്കേണ്ടി വന്നത് അഞ്ചു വര്‍ഷങ്ങളാണ്. 2020 ജനുവരി 10നു ശ്രീലങ്കയുമായുള്ള ടി20യിലൂടെയാണ് അദ്ദേഹം ടീമിലേക്കു തിരിച്ചെത്തിയത്.
ഈ ലിസ്റ്റില്‍ സഞ്ജുവും ദുബെയും കഴിഞ്ഞാല്‍ മൂന്നം നാലും സ്ഥാനങ്ങളിലുള്ളത് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവുമാണ്. ഇരുവര്‍ക്കും തുല്യ മല്‍സരങ്ങളാണ് രണ്ടു ടി20കള്‍ക്കിടെ കാത്തിരിക്കേണ്ടി വന്നത്. ഒരു മല്‍സരം കഴിഞ്ഞ് അടുത്ത ടി20യിലേക്കു വിളിയെത്താന്‍ അശ്വിനും ഉമേഷും കാത്തിരുന്നത് 65 മല്‍സരങ്ങളാണ്.
മടങ്ങിവരവില്‍ അയര്‍ലാന്‍ഡുമായുള്ള മല്‍സരത്തില്‍ ദുബെയ്ക്കു കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ബൗളിങില്‍ ഒരോവറാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ പരീക്ഷിച്ചത്. ഒരു ഫോറടക്കം ആറു റണ്‍സ് വിട്ടുകൊടുത്ത ദുബെയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല. മഴ കാരണം മല്‍സരം മുടങ്ങിയതോടെ പിന്നീട് ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല.