വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിയുന്നതിനു തൊട്ടുപിന്നാലെ ടീം ഇന്ത്യ പറക്കുന്നത് അയര്‍ലാന്‍ഡിലേക്കാണ്. അവിടെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ആഗസ്റ്റ് 18നാണ് ഇന്ത്യയും ഐറിഷ് ടീമും തമ്മിലുള്ള പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതേ സമയത്തു തന്നെ ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി എന്‍സിഎയില്‍ ക്യാംപ് നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ പല പ്രധാനപ്പെട്ട കളിക്കാര്‍ക്കും ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് വിവരം. നിലവിലെ ടി20 ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ, യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരൊന്നും ടി20 പരമ്പരയില്‍ കളിക്കില്ലെന്നാണ് സൂചനകള്‍. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരിക്കും അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയെ നയിച്ചേക്കുക.

ഹാര്‍ദിക്കിനു പകരം ടീമില്‍ ആരെ ഉള്‍പ്പെടുത്തുമെന്നതാണ് അടുത്ത ചോദ്യം. അദ്ദേഹത്തിന്റെ അഭാവം നികത്താന്‍ ശേഷയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തെയാള്‍ ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത യുവ താരം റിങ്കു സിങാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം കാഴ്ചവച്ചിരുന്നു.
വിന്‍ഡീസുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലൂടെ റിങ്കു അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പട്ടിരുന്നത്. പക്ഷെ അദ്ദേഹത്തെ ടീമിലേക്കു പരിഗണിച്ചില്ല. എന്നാല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കു ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ഫിനിഷറുടെ റോളാണ് ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക്കിന്റേത്. അതുകൊണ്ടു തന്നെ മികച്ചൊരു ഫിനിഷറെയാണ് ഇന്ത്യക്കു ആവശ്യം.
നിലവിലെ യുവതാരങ്ങളില്‍ ഈ റോള്‍ റിങ്കുവിനേക്കാള്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന വേറെ താരങ്ങളില്ലന്നു തന്നെ കാണാം. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെതിരേ ഒരുപോലെ സ്‌കോര്‍ ചെയ്യാന്‍ മിടുക്കനാണ് റിങ്കു. സാഹചര്യത്തിന് അനുസരിച്ച് ഇന്നിങ്‌സിനു വേഗം കൂട്ടാനും കുറയ്ക്കാനും അദ്ദേഹത്തിനു ഒരുപോലെ സാധിക്കുകയും ചെയ്യും.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഹാര്‍ദിക്കിന പകരം അയര്‍ലാന്‍ഡ് പര്യടനത്തില്‍ ടീമിലെടുക്കാവുന്ന രണ്ടാമത്തെ താരം. ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെക്കൊണ്ട് ഹാര്‍ദിക്കിന്റെ അഭാവം പൂര്‍ണമായി നികത്താന്‍ സാധിക്കില്ല. അവിടെയാണ് വാഷിങ്ടണിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. നാലോവറുകള്‍ ബൗള്‍ ചെയ്യുന്നതിനൊപ്പം ബാറ്റിങിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ താരത്തിനു കഴിയും.
പക്ഷെ ബാറ്റിങില്‍ ഹാര്‍ദിക്കിനെപ്പോലെ ഇംപാക്ടുണ്ടാക്കാന്‍ വാഷിങ്ടണിനു ശേഷിയില്ല. ഹാര്‍ദിക്കിനു പകരം ടി20യില്‍ ഏഴാം നമ്പറില്‍ വാഷിങ്ടണിനെ ഇന്ത്യക്കു കളിപ്പിക്കാവുന്നതാണ്. കൂടാതെ ബാറ്റിങില്‍ ആവശ്യമെങ്കില്‍ മുകളിലേക്കു താരത്തെ പ്രൊമോട്ട് ചെയ്യാനും സാധിക്കും.
മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഹാര്‍ദിക് പാണ്ഡ്യക്കു പകരം അയര്‍ലാന്‍ഡ് പര്യടനത്തിലേക്കു പരിഗണിക്കാവുന്ന മൂന്നാമത്തെയാള്‍. മോശം ഫോം കാരണം നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളുടെ ഭാഗമല്ലെങ്കിലും ടി20യില്‍ തന്റേതായ ദിവസം ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ ഹൂഡയ്ക്കു സാധിക്കും.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം അയര്‍ലാന്‍ഡില്‍ ടി20 പരമ്പരയില്‍ കളിച്ചപ്പോള്‍ ഹൂഡ ടീമിന്റെ ഭാഗമായിരുന്നു. അന്നു ഹാര്‍ദിക്കിനു കീഴില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. ഒരു മല്‍സരത്തില്‍ ഹൂഡ സെഞ്ച്വറിയോടെയാണ് അന്നു കസറിയത്.