ഡുബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി കസറി റിങ്കു സിങ്ങും ശിവം ദുബെയും. ഇടം കൈയന്‍ ഫിനിഷറായ റിങ്കു ഐപിഎല്ലിലൂടെത്തന്നെ തന്റെ ഫിനിഷിങ് മികവ് കാട്ടിക്കൊടുത്തതാണ്. അയര്‍ലന്‍ഡ് പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച റിങ്കുവിന് ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ ഗംഭീര പ്രകടനത്തോടെ റിങ്കു കൈയടി നേടിയിരിക്കുകയാണ്.
21 പന്ത് നേരിട്ട് 38 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്. ഇതില്‍ രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടും. 180.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റിങ്കു കസറിയത്. അവസാന ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ റിങ്കുവിന് വിക്കറ്റ് നഷ്ടമായെങ്കിലും അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ റിങ്കുവിന് സാധിച്ചു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ ഫിനിഷിങ്ങില്‍ കരുത്തുകാട്ടാന്‍ താനുണ്ടാവുമെന്ന് പറയുന്ന ബാറ്റിങ്ങാണ് റിങ്കു കാഴ്ചവെച്ചത്.
അരങ്ങേറ്റ ഇന്നിങ്‌സിലൂടെ വലിയൊരു റെക്കോഡും റിങ്കു സ്വന്തം പേരിലാക്കി. അരങ്ങേറ്റ ടി20 ഇന്നിങ്‌സില്‍ 30ലധികം റണ്‍സ് നേടിയ ഇന്ത്യക്കാരില്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ റിങ്കുവിനായി. 180.95 ആണ് റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ്. 183.87 സ്‌ട്രൈക്ക് റേറ്റോടെ സൂര്യകുമാര്‍ യാദവാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. 177.27 സ്‌ട്രൈക്ക് റേറ്റോടെ തിലക് വര്‍മ മൂന്നാം സ്ഥാനത്തും 175 സ്‌ട്രൈക്ക് റേറ്റോടെ ഇഷാന്‍ കിഷന്‍ നാലാം സ്ഥാനത്തുമാണുള്ളത്.
ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശിവം ദുബെയും ഭേദപ്പെട്ട പ്രകടനം നടത്തി. തുടക്കത്തിലേ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട ദുബെ 16 പന്തില്‍ 22 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തും സിക്‌സര്‍ പായിക്കാന്‍ ദുബെക്ക് സാധിച്ചു. 137.50 ആണ് ദുബെയുടെ സ്‌ട്രൈക്ക് റേറ്റ്. ദുബെ കൂടി പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നിരുന്നെങ്കില്‍ 200ലേക്ക് സ്‌കോറെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു.

ഇന്നത്തെ ഇന്ത്യയുടെ ടി20 പ്ലേയിങ് 11 ഒരു സവിശേഷ പ്രത്യേകതകൂടിയുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ ടി20 11ലെ ഏഴ് ബാറ്റ്‌സ്മാന്‍മാരിലെ അഞ്ച് പേരും ഇടം കൈയന്‍മാരാകുന്നത്. യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ഇടം കൈയന്‍മാരാണ്. ഇടം കൈയന്‍മാരായ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യയെ വലക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങളുടെ വളര്‍ച്ച ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.
ഇന്ത്യക്കായി റുതുരാജ് ഗെയ്ക്‌വാദ് (43 പന്തില്‍ 58) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സഞ്ജു സാംസണും (40) തിളങ്ങി. 26 പന്ത് നേരിട്ട് 5 ഫോറും 1 സിക്‌സുമാണ് മലയാളി താരം പറത്തിയത്. യശ്വസി ജയ്‌സ്വാള്‍ (18), തിലക് വര്‍മ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അവസാന രണ്ടോവറിലും റിങ്കുവും ദുബെയും ചേര്‍ന്ന് നടത്തിയ ബാറ്റിങ് വെടിക്കെട്ടതാണ് അഞ്ച് വിക്കറ്റിന് 185 എന്ന മികച്ച ടോട്ടലിലേക്ക് ഇന്ത്യയെ എത്തിച്ചത്.
പ്ലേയിങ് 11: ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
അയര്‍ലാന്‍ഡ്- ആന്‍ഡ്രു ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍ക്കര്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കേര്‍ട്ടിസ് കംപെര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡെയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.