മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരേ കളിക്കാന്‍ പോകുന്നത്. അയര്‍ലന്‍ഡ് പരമ്പരക്ക് ശേഷം ഏഷ്യാ കപ്പും പിന്നാലെ ഏകദിന ലോകകപ്പും വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് അയര്‍ലന്‍ഡിനെതിരേ വിശ്രമം നല്‍കുമെന്നാണ് വിവരം.
നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടി20 നായകന്‍. എന്നാല്‍ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ പ്രധാന താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡ് പരമ്പരയില്‍ ചിലര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. അയര്‍ലന്‍ഡില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കുമെന്നാണ് വിവരം. സഞ്ജു സാംസണ്‍ ടീമില്‍ തുടര്‍ന്നേക്കും. എന്നാല്‍ നാല് പേര്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഹാര്‍ദിക് പാണ്ഡ്യയാണ് ഒന്നാമത്തെ താരം. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് നിലവില്‍ പരിമിത ഓവറില്‍ മാത്രമാണ് കളിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാവുമെന്നാണ് വിവരം. ഹാര്‍ദിക്കിന് പൂര്‍ണ്ണ ഫിറ്റ്‌നസ് ഉറപ്പാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരും. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് ഇന്ത്യ വിശ്രമം നല്‍കും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹാര്‍ദിക്കിന് സ്ഥാനമില്ല. എന്നാല്‍ മൂന്ന് മത്സര ഏകദിന പരമ്പരയിലും അഞ്ച് മത്സര ടി20 പരമ്പരയിലും ഹാര്‍ദിക്കിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. ഇതിന് ശേഷം വിശ്രമം നല്‍കി ഹാര്‍ദിക്കിനെ ഏഷ്യാ കപ്പിലേക്ക് പരിഗണിക്കാനാവും ഇന്ത്യ പദ്ധതിയിടുക. രണ്ടാമത്തെ താരം സ്റ്റാര്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലാണ്. വലം കൈയന്‍ ഓപ്പണറായ ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരയിലുണ്ട്.
നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറാണ് ഗില്ലെന്ന് പറയാം. ടെസ്റ്റില്‍ താല്‍ക്കാലികമായി മൂന്നാം സ്ഥാനത്തേക്കെത്തിയെങ്കിലും ഓപ്പണര്‍ റോളില്‍ ഗില്‍ തിരിച്ചെത്താനും സാധ്യതകളുണ്ട്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ വിന്‍ഡീസ് പരമ്പരക്ക് ശേഷം ഗില്ലിന് വിശ്രമം നല്‍കിയേക്കും. അയര്‍ലന്‍ഡ് പരമ്പരയില്‍ ഗില്ലിന് വിശ്രമം നല്‍കി ഏഷ്യാ കപ്പിന് മുന്നൊരുക്കം നടത്താനുള്ള അവസരം നല്‍കാനാണ് സാധ്യത.
അടുത്ത താരം രവീന്ദ്ര ജഡേജയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറാണ് ജഡേജ. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും ജഡേജ മത്സര ഫലത്തെ മാറ്റുന്നവനാണ്. വിന്‍ഡീസ് പരമ്പരക്ക് ശേഷം ജഡേജക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. അക്ഷര്‍ പട്ടേലിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. അക്ഷര്‍ പട്ടേല്‍ സമീപകാലത്തായി ബാറ്റിങ്ങിലും തിളങ്ങുന്നുണ്ട്.

എന്നാല്‍ രവീന്ദ്ര ജഡേജ പ്ലേയിങ് 11 എത്തുമ്പോള്‍ അക്ഷറിന് പുറത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അക്ഷറിന് സ്ഥാനമുണ്ടാവുമെന്നുറപ്പ്. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡ് പരമ്പരയില്‍ ജഡേജക്ക് വിശ്രമം നല്‍കി അക്ഷറിന് പ്ലേയിങ് 11ലേക്കെത്താനുള്ള അവസരമൊരുക്കാനാണ് സാധ്യത. ഐപിഎല്ലില്‍ അക്ഷര്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്.
നാലാമത്തെ താരം ഇഷാന്‍ കിഷനാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുണ്ട്. ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാനെത്തിയിട്ടുണ്ട്. വിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയിലും ഇഷാന്‍ പ്ലേയിങ് 11ലുണ്ടാവും. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡ് പരമ്പരയില്‍ ഇഷാന് വിശ്രമം നല്‍കിയേക്കും. സഞ്ജു സാംസണ്‍ മുഖ്യ വിക്കറ്റ് കീപ്പറായി എത്താനാണ് സാധ്യത കൂടുതല്‍.