IND vs IRE: സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്! ഇനിയും സ്വയം ചതിക്കരുത്! പിഴവ് ചൂണ്ടിക്കാട്ടി കനേരിയ
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ സൂപ്പര്‍ സ്റ്റാറാണ് സഞ്ജു സാംസണ്‍. ഇന്ത്യയുടെ പല പ്രമുഖരേയും അത്ഭുതപ്പെടുത്തുന്ന ആരാധക പിന്തുണ ഇക്കാലയളവില്‍ നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കാനായിട്ടില്ലെങ്കിലും സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്.
പലപ്പോഴും ആരാധകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സഞ്ജുവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്ന് പറയാം. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവസരം മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ടി20 പരമ്പരയില്‍ അദ്ദേഹം നിറം മങ്ങി.
ഇതോടെ സഞ്ജുവിന്റെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമില്‍ ഇടമെന്ന സ്വപ്‌നത്തിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. സഞ്ജുവിന്റെ പ്രകടനത്തിനെതിരേ പലരും വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സഞ്ജു സ്വയം വഞ്ചിക്കുകയാണെന്നും അയര്‍ലന്‍ഡിനെതിരായ പരമ്പര അവസാന കച്ചിത്തുരുമ്പാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.
'സഞ്ജുവിനെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ മുതലാക്കാന്‍ സാധിച്ചില്ല. അത് അവന്റെ മാത്രം കുറ്റമാണ്. സെലക്ടര്‍മാരെയോ മറ്റാരെയെങ്കിലുമോ കുറ്റം പറയാനാവില്ല. സഞ്ജുവിന്റെ മാത്രം തെറ്റാണത്. സ്വയം വഞ്ചിക്കുകയാണ് അവന്‍ ചെയ്യുന്നത്. ഏറെക്കാലം പുറത്തുനിന്ന ശേഷമാണ് അവന്‍ മടങ്ങിവന്നത്. അതുകൊണ്ടുതന്നെ അവസരം മുതലാക്കണമായിരുന്നു'- യുട്യൂബ് ചാനലില്‍ സംസാരിക്കവെ കനേരിയ പറഞ്ഞു.

അഞ്ച് മത്സര ടി20 പരമ്പരയില്‍ മൂന്ന് മത്സരത്തിലാണ് സഞ്ജു ബാറ്റുചെയ്തത്. 12, 7, 13 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ഒരു മത്സരത്തില്‍ പോലും മാച്ച് വിന്നറാവാന്‍ സഞ്ജുവിന് സാധിച്ചില്ല. മികവ് കാട്ടി കൈയടി നേടാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും അത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ഇഷാന്‍ കിഷനെ പുറത്തിരുത്തിയാണ് ഇന്ത്യ സഞ്ജുവിന് അവസരം നല്‍കിയത്. ഇത്രയും പിന്തുണ ലഭിച്ചിട്ടും മലയാളി താരത്തിന് തിളങ്ങാനായില്ല.
യശ്വസി ജയ്‌സ്വാളും തിലക് വര്‍മയുമെല്ലാം അരങ്ങേറ്റത്തില്‍ത്തന്നെ ശ്രദ്ധേയ പ്രകടനങ്ങളോടെ കൈയടി നേടുമ്പോള്‍ അവസരം മുതലാക്കുന്നതില്‍ സഞ്ജു പിന്നോട്ട് പോകുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ മാത്രം മികവ് കാട്ടാന്‍ സാധിക്കാതെ പോകുന്നു. ഐപിഎല്ലില്‍ മൂന്ന് തവണ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. എന്നാല്‍ ഇന്ത്യക്കായി നേടിയത് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ്.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് 11 ഉണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ ഈ പരമ്പരയില്‍ ഗംഭീര പ്രകടനം നടത്തിയാലും സഞ്ജുവിന് ദേശീയ ടീമില്‍ സീറ്റുറപ്പിക്കാനാവില്ല. വിന്‍ഡീസ് പര്യടനം മുതലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ടി20 ലോകകപ്പിലും സഞ്ജുവിന് ഇടം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.
വിന്‍ഡീസ് ടി20 പരമ്പരയില്‍ ഇന്ത്യക്ക് പറ്റിയ പിഴവും കനേരിയ ചൂണ്ടിക്കാട്ടി. 'ഹാര്‍ദിക് പാണ്ഡ്യ ടീമിലുള്ളപ്പോള്‍ മുകേഷ് കുമാറിനെപ്പോലൊരു പേസറെ ഇന്ത്യ കളിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. ഉമ്രാന്‍ മാലിക്കിനെപ്പോലൊരു അതിവേഗ പേസറെയാണ് ഇന്ത്യക്കാവശ്യം. എന്നാല്‍ ഉമ്രാനെ പ്ലേയിങ് 11 ഇന്ത്യ പരിഗണിച്ചില്ല. എല്ലാ മത്സരങ്ങളിലും ഉമ്രാന്‍ മാലിക്കിനെ കളിപ്പിച്ചിരുന്നെങ്കില്‍ അത് അവന്റെ ആത്മവിശ്വാസം വളരെയധികം ഉയര്‍ത്തുമായിരുന്നു'- കനേരിയ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications