വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കു പിന്നാലെ ടീം ഇന്ത്യ അയര്‍ലാന്‍ഡിലേക്കു പറക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യന്‍ യുവനിര അയര്‍ലാന്‍ഡില്‍ കളിക്കുന്നത്. മുന്‍നിര താരങ്ങള്‍ക്കെല്ലം വിശ്രമം നല്‍കിയ ഇന്ത്യ യുവ നിരയെയാണ് പരമ്പരയില്‍ അണിനിരത്തുന്നത്. പരിക്കു ഭേദമായി തിരിച്ചെത്തുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. യുവ താരം റുതുരാജ് ഗെയ്ക്വാദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
സീനിയര്‍ കളിക്കാര്‍ക്കു മാത്രമല്ല മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനും ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ദ്രാവിഡിന്റെ അഭാവത്തില്‍ എന്‍സിഎ മേധാവി കൂടിയായ വിവിഎസ് ലക്ഷ്മണ്‍ ടീമിനെ പരിശീലിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. കാരണം നേരത്തേ ദ്രാവിഡിനു വിശ്രമം നല്‍കിയപ്പോഴെല്ലാം ലക്ഷ്മണായിരുന്നു പകരക്കാരനായി വന്നത്.

പക്ഷെ ഇത്തവണ ലക്ഷ്മണിന്റെയും സേവനം ഇന്ത്യക്കു ലഭിക്കില്ല. പകരം പുതിയൊരു കോച്ചിനെ ഇന്ത്യ കണ്ടെത്തിയിരിക്കുകയാണ്. മുന്‍ ക്രിക്കറ്റര്‍ കൂടിയായ സിതാന്‍ശു കോട്ടകാണ് അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയെ ഒരുക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് കൂടുതലായി അറിയാം.
ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ മുന്‍ സൂപ്പര്‍ താരമായിരുന്നു ഇടംകൈയന്‍ ബാറ്ററായ കോട്ടക്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 130 മല്‍സരങ്ങളില്‍ നിന്നും 41.76 ശരാശരിയില്‍ 8061 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും കസറിയ ഓള്‍റൗണ്ടറാണ് കോട്ടക്. സൗരാഷ്ട്രയ്ക്കായി അദ്ദേഹം കൊയ്തത് 70 വിക്കറ്റുകളാണ്.
ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല കോച്ചിന്റെ റോളിലും മികച്ച കരിയറാണ് കോട്ടകിന്റേത്. 2020ലെ രഞ്ജി ട്രോഫിയില്‍ ബംഗാളിനെ വീഴ്ത്തി സൗരാഷ്ട്ര കിരീടം ചൂടിയപ്പോള്‍ തന്ത്രങ്ങളൊരുക്കിയ കോട്ടകും കൈയടി നേടിയിരുന്നു. വളരെ കൗശലക്കാരനും തന്ത്രശാലിയുമായ കോച്ചായാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോച്ചിങിലെ മിടുക്ക് വൈകാതെ ഇന്ത്യന്‍ എ ടീമിന്റെ പരിശീലകസ്ഥാനത്തേക്കും കോട്ടകിനെ എത്തിച്ചു. നിലവില്‍ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ച് കൂടിയായ ദ്രാവിഡിന്റെ പകരക്കാരനായാണ് അദ്ദേഹം ചുമതലയേറ്റത്. നിലവില്‍ എ ടീമിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന കോട്ടക് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കോച്ച് കൂടിയാണ്.
ഇപ്പോള്‍ അയര്‍ലാന്‍ഡിനെതിരേ വീണ്ടും ദ്രാവിഡിന്റെ കസേരയില്‍ ഇരിക്കാന്‍ കോട്ടകിനു അവസരം കൈവന്നിരിക്കുകയാണ്. ടീം ഇന്ത്യ വളരെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ നില്‍ക്കവെയാണ് കോട്ടകിന് മുഖ്യ പരിശീലകനായി നറുക്കുവീണിരിക്കുന്നത്.

ഏഷ്യാ കപ്പും ഐസിസി ഏകദിന ലോകകപ്പും അടുത്തെത്തിനില്‍ക്കെയാണ് അയര്‍ലാന്‍ഡുമായി ഇന്ത്യ ടി20 പരമ്പരയില്‍ കളിക്കുന്നത്. കോട്ടകിന്റെ അനുഭവസമ്പത്തും തന്ത്രങ്ങളും ഐറിഷ് മണ്ണില്‍ പരമ്പര കൊയ്യാന്‍ ടീമിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പക്ഷെ അനുഭവസസമ്പത്ത് തീരെ കുറഞ്ഞ ഒരു യുവനിരയെയാണ് കോട്ടകിനു ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡിനെതിരേ ഇതു ടീമിനെ ബാധിക്കുമോയന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. ചെറിയ ടീമെന്നു എഴുതിത്തള്ളാവുന്നവരല്ല അയര്‍ലാന്‍ഡ്. തങ്ങളുടേതായ ദിവസം ഏതു ടീമിനെയും മലര്‍ത്തിയടിക്കാനുള്ള ശേഷി അവര്‍ക്കുണ്ട്.
18നു വെള്ളിയാഴ്ച ഡബ്ലിനിലാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ആദ്യത്തെ ടി20 പോരാട്ടം. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഇതേ വേദികളില്‍ 20, 23 തിയ്യതികളിലായി നടക്കും. എല്ലാ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7.30നാണ് തുടങ്ങുക.
അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം
ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.