വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായി ഇന്ത്യ രണ്ടാം നിര ടീമിനെയാണ് അയക്കുന്നത്. ജസ്പ്രീത് ബുംറ നയിക്കുമ്പോള്‍ സഞ്ജു സാംസണും വാഷിങ് ടണ്‍ സുന്ദറും ടീമിലുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തില്‍ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായി ഒപ്പമുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷ്മണും അയര്‍ലന്‍ഡ് പര്യടനത്തിനുണ്ടാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ലക്ഷ്മണ്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മുഖ്യ പരിശീലകനില്ലാതെ ഇന്ത്യ അയര്‍ലന്‍ഡ് പര്യടനം നടത്തേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
എട്ട് വര്‍ഷത്തിന് ശേഷമാണ് മുഖ്യ പരിശീലകനില്ലാതെ ഇന്ത്യ ഒരു പരമ്പരക്ക് ഒരുങ്ങുന്നത്. ഇതിന് മുമ്പ് 2015ലാണ് ഇത്തരമൊരു അവസ്ഥ ടീമിനുണ്ടായത്. ഫ്‌ളച്ചര്‍ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് ഇന്ത്യക്ക് പരിശീലകനില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. അന്ന് ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിക്ക് കീഴിലാണ് ഇന്ത്യ കളിച്ചത്. 2007ലും മുഖ്യ പരിശീലകനില്ലാതെ ഇന്ത്യ പരമ്പര കളിച്ചു.
ഗ്രേഗ് ചാപ്പല്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ടീം ഡയറക്ടര്‍ ലാല്‍ചന്ദ് രജപുത്, ബൗളിങ് പരിശീലകനായ വെങ്കടേഷ് പ്രസാദ്, ഫീല്‍ഡിങ് പരിശീലകനായ റോബിന്‍ സിങ് എന്നിവര്‍ക്ക് കീഴിലാണ് അന്ന് ഇന്ത്യ കളിച്ചത്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ രണ്ട് വലിയ ടൂര്‍ണമെന്റുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ദ്രാവിഡിന് വിശ്രമം അനുവദിച്ചത്.

അയര്‍ലന്‍ഡ് കുഞ്ഞന്മാരുടെ ടീമായതിനാല്‍ മുഖ്യ പരിശീലകനില്ലാതെ ഇറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാകാനുള്ള സാധ്യത കുറവാണ്. ദ്രാവിഡിന്റെ അഭാവത്തില്‍ നേരത്തെയും ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. സിംബാബ്‌വെ, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ് പരമ്പരകളിലെല്ലാം ലക്ഷ്മണിന് കീഴില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. ദുര്‍ബലരായ ടീമിനെതിരേയാണ് പലപ്പോഴും ലക്ഷ്മണിന് പരിശീലകസ്ഥാനം ലഭിച്ചിരുന്നത്.
അല്ലാത്തപ്പോഴെല്ലാം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ഈ മാസം 18നാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. 20ന് രണ്ടാം മത്സരവും 23ന് മൂന്നാം മത്സരവും കളിക്കും. എല്ലാ മത്സരങ്ങളും ഡുബ്ലിനിലാണ് നടക്കുന്നത്. അയര്‍ലന്‍ഡ് പരമ്പരയില്‍ സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ബുംറ തിരിച്ചുവരുന്നത്.
അതുകൊണ്ടുതന്നെ പ്രകടനം എങ്ങനെയാവുമെന്നാണ് കണ്ടറിയേണ്ടത്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് ബുംറയുടെ മികവ് പരിശോധിക്കപ്പെടുന്ന പരമ്പരയായി ഇത് മാറും. സഞ്ജു സാംസണെ സംബന്ധിച്ചും ഇത്തവണത്തെ അയര്‍ലന്‍ഡ് പരമ്പര നിര്‍ണ്ണായകമാണ്. മികവ് കാട്ടാനാവാതെ പോയാല്‍ സഞ്ജുവിന് ദേശീയ ടീമിലെ ഇടം നഷ്ടമാകുമെന്നുറപ്പ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ സംബന്ധിച്ച് അയര്‍ലന്‍ഡ് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, രവി ബിഷ്‌നോയ് തുടങ്ങിയ യുവതാരങ്ങള്‍ക്കെല്ലാം കരുത്തുകാട്ടാനുള്ള അവസരമാണ് അയര്‍ലന്‍ഡിലുള്ളത്. ഇടവേളക്ക് ശേഷം ശിവം ദുബെ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അടുത്ത ടി20 ലോകകപ്പ് ലക്ഷ്യമാക്കി മുന്നോട്ട് പോകാന്‍ ദുബെക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇടവേളക്ക് ശേഷം പ്രസിദ്ധ് കൃഷ്ണയും അയര്‍ലന്‍ഡ് പരമ്പരയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.
അയര്‍ലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം- ജസ്പ്രീത് ബുംറ (c), റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, സഞ്ജു സാംസണ്‍