ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ അയര്‍ലാന്‍ഡ് പര്യടനത്തെ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കാരണം യുവത്വത്തിനു പ്രാധാന്യം നല്‍കി പുതിയ ലുക്കിലുള്ള ടീമിനെയാണ് രണ്ടു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചേക്കുക.
വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയടക്കം ചില പുതുമുഖങ്ങള്‍ പരമ്പരയിലൂടെ അരങ്ങേറിയേക്കുകയും ചെയ്യും. ടി20 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. ലോകകപ്പുയര്‍ത്തിയ ശേഷം താരങ്ങള്‍ നേരെ ഐപിഎല്ലിലേക്കു കടക്കുകയും ചെയ്തു.

ഐപിഎല്ലിലെ പ്രകടനം കൂടിയ വിലയിരുത്തിയാവും ഐറിഷ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുക. ഇതോടെ ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന പലരെയും ഒഴിവാക്കിയേക്കുകയും ചെയ്യും. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന വമ്പന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പലരും ഐപിഎല്ലില്‍ പതറുകയാണ്. അതിനാല്‍ തന്നെ അവരയൈാന്നും അയര്‍ലാന്‍ഡ് പര്യടനത്തില്‍ പര്യടനത്തില്‍ പരിഗണിക്കാനും സാധ്യതില്ല.
ലോക ഒന്നാം നമ്പര്‍ ബാറ്ററും വെടിക്കെട്ട് ഓപ്പണറുമായ അഭിഷേക് ശര്‍മ, യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഫിനിഷര്‍ റിങ്കു സിങ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നീ ഏഴു പേരാണ് ടീമില്‍ നിന്നും ഒഴിവാക്‌പ്പെടാന്‍ സാധ്യത.
ഐപിഎല്ലില്‍ ഇവരെല്ലാം ഫോമോ, സ്ഥിരതയോ കണ്ടെത്താനാവാതെ പതറുകയാണ്. ഹിറ്റ് ഓര്‍ മിസെന്ന ഒട്ടും വിശ്വസിക്കാനാവാത്ത ബാറ്ററായി അഭിഷേക് മാറിക്കഴിഞ്ഞു. അതിനാല്‍ അയര്‍ലാന്‍ഡിലേക്കു അദ്ദേഹത്തെ ഇന്ത്യ കൊണ്ടു പോയേക്കില്ല. പകരം 15 കാരനായ വൈഭവ് സൂര്യവംശിയാവും ഓപ്പണില്‍ കളിച്ചേക്കുക.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഐറിഷ് പര്യടനത്തിലും സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ കന്നി സെഞ്ച്വറിയടക്കം നേടിയ അദ്ദേഹം മികച്ച ഫോമിലാണ്. വൈഭവിനൊപ്പം സഞ്ജുവായിരിക്കും അയര്‍ലാന്‍ഡിനെതിരേ ഓപ്പണിങില്‍ കളിച്ചേക്കുക.
മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ വന്‍ ഫ്‌ളോപ്പായി മാറിയ തിലക് ഇനി ഇന്ത്യന്‍ ടീമിലും സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലുള്ള രജത് പാട്ടിധാറിനെ പോലെയുള്ള കളിക്കാര്‍ ഈ റോളിലേക്കു ഫേവറിറ്റായി മാറിയിരിക്കുകയാണ്.
ലോകകപ്പില്‍ ബാറ്റിങില്‍ പതറിയ സൂര്യ ഇപ്പോള്‍ ഐപിഎല്ലിലും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴത്തെ ഫോമില്‍ ടീം ഇന്ത്യക്കും അദ്ദേഹം ബാധ്യത തന്നെയാണ്. അതിനാല്‍ സൂര്യയെ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കുകയും ചെയ്യും.
പകരം ഈ റോളിലെത്തുന്നത് ശ്രേയസ് അയ്യരായിരിക്കും. പഞ്ചാബ് കിങ്‌സിനായി ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും അദ്ദേഹം തിളങ്ങുകയാണ്. ഐറിഷ് പര്യചനത്തില്‍ ടീമിലേക്കു തിരിച്ചെത്തുന്നതിനൊപ്പം ക്യാപ്റ്റന്‍സിയും ശ്രേയസിനു ലഭിച്ചാല്‍ അദ്ഭുപ്പെടാനില്ല.

വന്‍ ഫ്‌ളോപ്പായതു കാരണം ലോകകപ്പിനിടെ തന്നെ സ്ഥാനം നഷ്ടമായ റിങ്കു ഇപ്പോള്‍ ഐപിഎല്ലില്‍ കെകെആറിനൊപ്പവും ദയനീയ പരാജയമാണ്. ഇന്ത്യന്‍ ടീമില്‍ ഇനി അടുത്തെങ്ങും അദ്ദേഹത്തിനു സ്ഥാനം ലഭിക്കാനും സാധ്യതയില്ല.
ഹാര്‍ദിക്കിനു പക്ഷെ അയര്‍ലാന്‍ഡില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഏകദിന ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഹാര്‍ദിക് ഇനി കൂടുതലും ഈ ഫോര്‍മാറ്റിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിച്ചേക്കുക.
ബൗളിങില്‍ മിസ്റ്ററിയെല്ലാം നഷ്ടപ്പെട്ട് വെറും ലോക്കല്‍ ബൗളറായി മാറിയ വരുണിന്റെ ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഐറിഷ് പര്യടനത്തില്‍ അദ്ദേഹം ഉറപ്പായും ടീമില്‍ കാണിക്കില്ല.
എന്നാല്‍ ഹാര്‍ദിക്കിനെ പോലെ ബുംറയെയും ഏകദിനത്തിലാവും ഇന്ത്യ കൂടുതലായും ഇനി പരീക്ഷിച്ചേക്കുക. അദ്ദേഹത്തിന് അയര്‍ലാന്‍ഡില്‍ വിശ്രമവും നല്‍കിയേക്കും.