IND vs ENG: അജിന്‍ക്യ രഹാനെക്ക് വിശ്രമം നല്‍കണം, ഫസ്റ്റ് ക്ലാസ് കളിച്ച് തിരിച്ചുവരട്ടെ- സഹീര്‍ ഖാന്‍
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ്. ഏറെ നാളുകളായി ഫോം ഒൗട്ടിലുള്ള രഹാനെക്ക് ഇതുവരെ ഫോമിലേക്ക് തിരിച്ചെത്താനായിട്ടില്ല. മോശം ഫോമിലായിരുന്ന ചേതേശ്വര്‍ പുജാരയും വിരാട് കോലിയുമെല്ലാം ഫോം കണ്ടെത്തി ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും രഹാനെക്ക് മികവിലേക്കുയരാനാവുന്നില്ല.
ഓവലില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ രഹാനെയുടെ പ്രകടനത്തില്‍ ഇന്ത്യ വളരെ പ്രതീക്ഷവെച്ചെങ്കിലും എട്ട് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കും മുമ്പെ രഹാനെ മടങ്ങി. നാല് മത്സരത്തില്‍ നിന്ന് 15 മാത്രമാണ് രഹാനെയുടെ ശരാശരി. ഈ അവസ്ഥയില്‍ ഇനിയും രഹാനെയെ തുടരാന്‍ അനുവദിക്കരുതെന്നാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്. വലിയ വിമര്‍ശനം രഹാനെക്ക് നേരെ ഉയരുന്നുണ്ട്. ഇപ്പോഴിതാ രഹാനെക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിശ്രമം നല്‍കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.

'എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെടുന്നത് ഫോമിന്റെ അടിസ്ഥാനത്തിലാണ്. എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താലേ മുന്നോട്ട് പോകാനാവൂ. രഹാനെയെപ്പോലൊരു സീനിയര്‍ താരത്തിന് സമ്മര്‍ദ്ദം അതിജീവിച്ച് മെച്ചപ്പെടാന്‍ അവസരം നല്‍കേണ്ടതായുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ നിന്ന് സ്വയം രക്ഷപെടാന്‍ നമ്മള്‍ ശക്തി പ്രയോഗിക്കുന്തോറും കൂടുതല്‍ കുരുക്ക് മുറുകുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകളില്‍ സാങ്കേതികമായ കാര്യങ്ങളെക്കാളേറെ മാനസികമായ സമ്മര്‍ദ്ദത്തെ അതിജീവിക്കുകയാണ് വേണ്ടത്'- സഹീര്‍ ഖാന്‍ പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ 109 റണ്‍സാണ് രഹാനെ നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് രഹാനെയാണ്. ക്രിസ് വോക്‌സിന്റെ ഫുള്‍ ലെങ്ത് പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് രഹാനെ പുറത്തായത്. രഹാനെ മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ ഹനുമ വിഹാരിക്ക് അടുത്ത മത്സരത്തില്‍ അവസരം നല്‍കാനാണ് സാധ്യത. പാര്‍ട് ടൈം സ്പിന്നറായി ഉപയോഗിക്കാന്‍ കഴിയുന്ന വിഹാരി ഇംഗ്ലണ്ടില്‍ കൗണ്ടിയടക്കം കളിച്ച് പരിചയസമ്പത്തുള്ള താരമാണ്.

രഹാനെ ഇന്ത്യയുടെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇനിയും അവസരം കൊടുക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല. അതിനാല്‍ത്തന്നെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്തി രഹാനെ തിരിച്ചെത്തണമെന്നും സഹീര്‍ അഭിപ്രായപ്പെട്ടു. 'ഫോം ഔട്ടായിരിക്കുന്ന സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി ശ്രമം നടത്തുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്യുകയാണെങ്കില്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ആ സാഹചര്യത്തില്‍ നിന്ന് മാറി നിന്ന് വൈഡ് ലെന്‍സുകൊണ്ട് കാര്യങ്ങള്‍ നിരീക്ഷിക്കുക. ഫസ്റ്റ്ക്ലാസ് കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ അവിടെ കളിച്ച് മികവ് കാട്ടി തിരിച്ചുവരാം. കാരണം അന്താരാഷ്ട്ര മത്സരങ്ങളെക്കാള്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സമ്മര്‍ദ്ദം കുറവായിരിക്കും'- സഹീര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ടീമില്‍ നിന്ന് പുറത്തായാല്‍ രഹാനെക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. കാരണം ഹനുമ വിഹാരി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം അവസരം കാത്ത് പുറത്തുണ്ട്. അതിനാല്‍ത്തന്നെ എത്രയും വേഗം ഫോം കണ്ടെത്തേണ്ടത് രഹാനെക്ക് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. വലിയ അനുഭവസമ്പത്തുള്ള താരമായതിനാല്‍ത്തന്നെ ഒറ്റ ഇന്നിങ്‌സുകൊണ്ട് ഫോം കണ്ടെത്തി തിരിച്ചുവരാന്‍ രഹാനെക്ക് സാധിച്ചേക്കും.
നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. 368 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റും ഒരു ദിനവും ബാക്കിനില്‍ക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ 291 റണ്‍സാണ് വേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications