
ഇപ്പോഴിതാ പിച്ചിനെ മനസിലാക്കുന്നതില്‍ സംഭവിച്ച പാളിച്ചയാണ് തകര്‍ച്ചക്ക് കാരണമായതെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. പിച്ചിന്റെ സ്വഭാവത്തെ വേണ്ടിവിധം മനസിലാക്കാന്‍ കോലിക്കായില്ലെന്നും സഹീര്‍ പറഞ്ഞു. 'പിച്ചിനെക്കുറിച്ച് രണ്ട് നായകന്മാര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുമ്പുള്ള രണ്ട് ടെസ്റ്റിലും നായകന്മാര്‍ക്ക് ഒരേ നിലപാടായിരുന്നു ടോസിന്റെ കാര്യത്തിലുണ്ടായിരുന്നു. എന്നാല്‍ ലീഡ്‌സില്‍ കോലി പിച്ചിനെ മനസിലാക്കിയതുപോലെയല്ല റൂട്ട് മനസിലാക്കിയത്'-സഹീര്‍ ഖാന്‍ പറഞ്ഞു.

ലീഡ്‌സില്‍ ന്യൂബോളില്‍ പന്തിന് നന്നായി സ്വിങ്ങും മികച്ച പേസും ലഭിക്കും. ഇത് വിരാട് കോലിക്കും അറിയാമെങ്കിലും ബാറ്റിങ് നിരയില്‍ അമിത വിശ്വാസം അര്‍പ്പിച്ചത് വലിയ തിരിച്ചടിയായി. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്കായി ഓപ്പണിങ് നിര ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഈ മികവ് ആവര്‍ത്തിക്കാനായില്ല. അക്കൗണ്ട് തുറക്കും മുമ്പെ കെ എല്‍ രാഹുല്‍ പുറത്തായി. പിന്നാലെ കൂട്ടത്തകര്‍ച്ച ഇന്ത്യ നേരിടുകയും ചെയ്തു.

'പിച്ചിന്റെ സാഹചര്യം മനസിലാക്കുന്നതില്‍ ഇന്ത്യക്ക് തെറ്റുപറ്റിയെന്നാണ് കരുതുന്നത്. പരിശീലനം നടത്തിയപ്പോഴുള്ള പിച്ചിന്റെ സ്വഭാവം വിലയിരുത്തിയാവാം കോലി ഇത്തരമൊരു തീരുമാനമെടുത്തത്. അല്ലെങ്കില്‍ മുന്‍ ചരിത്രം പരിശോധിച്ചാവാം. എന്തായാലും ഇന്ത്യയുടെ കണക്കുകൂട്ടലുകളില്‍ പാളിച്ച സംഭവിച്ചുവെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ആദ്യ സെക്ഷനിലെ പ്രകടനത്തില്‍ നിന്ന് തന്നെയാണ് കോലിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമാകും.
എന്നാല്‍ നായകന്‍ അത്തരമൊരു തീരുമാനം എടുക്കുമ്പോള്‍ ടീം മാനേജ്‌മെന്റിന്റെ പദ്ധതിയും അതിന്റെ ഭാഗമായിട്ടുണ്ടെന്ന് മനസിലാക്കണം. തീരുമാനം തെറ്റായാലും ശരിയായാലും ശക്തമായി തിരിച്ചടിക്കുകയാണ് വേണ്ടത്. ഫലം എന്തായാലും ഒരു മത്സരത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കും'-സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

2002ല്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലീഡ്‌സില്‍ ജയിച്ചപ്പോള്‍ സഹീര്‍ ഖാന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. മൂന്ന് വിക്കറ്റ് നേടി സഹീര്‍ തിളങ്ങുകയും ചെയ്തിരുന്നു. 2002ല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്താണ് ഇന്നിങ്‌സ് ജയം നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും സെഞ്ച്വറി നേടിയ കരുത്തിലാണ് അന്ന് ഇന്ത്യ ജയിച്ചത്. ഇന്ത്യക്കായി സ്പിന്നര്‍മാരായ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും ശോഭിക്കുകയും ചെയ്തു.

ഇതേ പ്രതീക്ഷയില്‍ ആദ്യം ബാറ്റ് ചെയ്ത് മികച്ച ടോട്ടല്‍ സൃഷ്ടിച്ച് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനാവും ഇന്ത്യന്‍ നായകന്‍ വിരാട് കോലി ശ്രമിച്ചത്. എന്നാല്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടതോടെ കോലിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 120 റണ്‍സെന്ന മികച്ച നിലയിലാണ് ഇംഗ്ലണ്ട്. നിലവില്‍ 42 റണ്‍സ് ആതിഥേയരായ ഇംഗ്ലണ്ടിനുണ്ട്.


Click it and Unblock the Notifications