രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20യില്‍ ഇന്ത്യക്കു നേരിട്ട പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നേരിട്ടു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും മാത്രമല്ല, ചില മുന്‍ താരങ്ങളില്‍ നിന്നും പഴി കേള്‍ക്കുകയാണ് അദ്ദേഹം. ഹാര്‍ദിക്കിനെ വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലുമുണ്ട്.
റണ്‍ചേസിലെ സ്ലോ ഇന്നിങ്‌സിന്റെ പേരിലാണ് ഹാര്‍ദിക്കിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. 40 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് താരം ക്രീസ് വിട്ടത്. പക്ഷെ ഇത്രയും റണ്‍സിനായി 35 ബോളുകളാണ് ഹാര്‍ദിക് നേരിട്ടത്. നേടിയതാവട്ടെ വെറും രണ്ടു സിക്‌സറും ഒരു ഫോറും മാത്രം. പവര്‍പ്ലേയില്‍ തന്നെ അഞ്ചാമനായി ക്രീസിലെത്തിയ അദ്ദേഹം 19ാമത്തെ ഓവറിലാണ് പുറത്തായത്.

രൂക്ഷ വിമര്‍ശനം
മൂന്നാം ടി20യില്‍ ഇന്ത്യയുടെ തോല്‍വിക്കു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങിനെ പാര്‍ഥീവ് പട്ടേല്‍ നിശിതമായി വിമര്‍ശിച്ചത്. ഒരു ടി20 മല്‍സരത്തില്‍ ക്രീസിലെത്തുന്ന ബാറ്റര്‍ക്കു നിലയുറപ്പിക്കാന്‍ 20-25 ബോളുകള്‍ എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാറ്റിങിനിടെ നിങ്ങള്‍ സമയമെടുക്കുകയാണെങ്കില്‍ പിച്ചിന്റെ പേസും ബൗണ്‍സുമെല്ലാം മനസ്സിലാക്കുന്നതിനു വേണ്ടിയാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പക്ഷെ നിങ്ങള്‍ക്കു ക്രീസില്‍ നിലയുറപ്പിക്കാന്‍ ഒരിക്കലും 20-25 ബോളുകള്‍ എടുക്കാന്‍ സാധിക്കില്ല. അങ്ങനെ ചെയ്യുമ്പോള്‍ അതു ടീമിലെ മറ്റു ബാറ്റര്‍മാരെ കൂടി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
നിങ്ങള്‍ക്കു വലിയ ഷോട്ടുകള്‍ കളിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ കുഴപ്പമില്ല, നിങ്ങള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊണ്ടിരിക്കുകയെങ്കിലും വേണം. തുടര്‍ച്ചയായി മൂന്ന്- നാല് ഡോട്ട് ബോളുകള്‍ ഒരിക്കലും കളിക്കാന്‍ പാടില്ലെന്നും ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിനെ കുറിച്ച് പാര്‍ഥീവ് തുറന്നടിച്ചു.
ഹാര്‍ദിക്കിന്റെ ഇന്നിങ്‌സ്
ഹാര്‍ദിക് പാണ്ഡ്യയുടെ സ്ലോ ബാറ്റിങ് കാരണം ടീമിലെ മറ്റു ബാറ്റര്‍മാര്‍ കൂടി സമ്മര്‍ദ്ദത്തിലാവുകയാണ് രാജ്‌കോട്ടില്‍ സംഭവിച്ചതെന്നു പാര്‍ഥീവ് പട്ടേല്‍ നിരീക്ഷിച്ചു. ഈ കളിയില്‍ 34 ബോളില്‍ 40 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയതെന്നു കാണാം. പക്ഷെ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലെ ഡോട്ട് ബോളുകളുടെ എണ്ണമെടുത്താല്‍ അതു മറ്റു ബാറ്റര്‍മാരെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നു വ്യക്തമാണ്.
ഇന്ത്യന്‍ ടീം ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യം തന്നെയാണിത്. നിങ്ങള്‍ക്കു ബാറ്റിങിനായി ക്രീസിലേക്കു വന്നാല്‍ സമയമെടുക്കാം. ഇതൊരു ചെറിയ സ്‌കോറുമായിരുന്നു. എങ്കിലും നിങ്ങള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊണ്ടിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

ബാറ്റിങില്‍ സ്ലോ ഇന്നിങ്‌സുമായി ഇന്ത്യയുടെ വില്ലനായെങ്കിലും ബൗളിങില്‍ ഹാര്‍ദിക് ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. അപകടകാരികളായ ഫില്‍ സാള്‍ട്ടിന്റെയും ലിയാം ലിവിങ്സ്റ്റണിന്റെയും വിക്കറ്റുകളാണ് ഹാര്‍ദിക് സ്വന്തമാക്കിയത്.
ഇരട്ട പ്രഹരമൊഴിവാക്കാന്‍ ഇന്ത്യ
രാജ്‌കോട്ടില്‍ ഇന്ത്യ വീണതോടെ വെള്ളിയാഴ്ച പൂനെയില്‍ നടക്കാനിരിക്കുന്ന നാലാം ടി20 തീപാറുമെന്നുറപ്പായിരിക്കുകയാണ്. ഈ കളിയില്‍ ജയിച്ച് പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
എന്നാല്‍ തുടരെ രണ്ടാം ജയവുമായി 2-2ന് ഒപ്പമെത്താനുറച്ചായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. 2023ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയ്ക്കു ശേഷം തുടര്‍ച്ചയായി രണ്ടു ടി20കളില്‍ ഇന്ത്യ തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനും ഇന്ത്യക്കു അടുത്ത മല്‍സരം ജയിച്ചേ തീരൂ.