ഇംഗ്ലണ്ടിനെതിരേ ഈ മാസം 20നു ആരംഭിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു വേണ്ടി കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. പല പ്രത്യേകതകള്‍ കൊണ്ടും ഇന്ത്യന്‍ ടീമിന്റെ ഇത്തവത്തെ ഇംഗ്ലണ്ട് പര്യടനം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇതില്‍ ആദ്യത്തേത് ഇതിഹാസ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലിനു ശേഷം ടീം ആദ്യമായി ഒരു റെഡ് ബോള്‍ പരമ്പരയില്‍ കളിക്കുന്നുവെന്നതാണ്.
രണ്ടാമത്തെ പ്രത്യേകത പുതിയ ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കുന്നുവെന്നതാണ്. ഇവയെല്ലാം കാരണം ക്രിക്കറ്റ് ലോകം വലിയ ആകാംക്ഷയോടെയാണ് ഈ പരമ്പരയെ ഉറ്റുനോക്കുന്നത്. രോഹിത്തിന്റെയും കോലിയുടെയും അഭാവം എങ്ങനെ നികത്തുമെന്നതായിരിക്കും ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
പകരമെത്തിയ യുവതാരങ്ങള്‍ക്കു പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇംഗ്ലണ്ടില്‍ ഇന്ത്യക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. മറിച്ചാണെങ്കില്‍ വലിയൊരു ബാറ്റിങ് തകര്‍ച്ച തന്നെയായിരിക്കും ടീമിനെ കാത്തിരിക്കുന്നത്. ബൗളിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു വലിയ ആശങ്കയില്ല. എന്നാല്‍ ബാറ്റിങ് ക്ലിക്കായില്ലെങ്കില്‍ കാര്യങ്ങള്‍ കടുപ്പമാവും. ഈ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

യശസ്വി ജയ്‌സ്വാള്‍
യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ യശസ്വി ജയ്‌സ്വാളാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് അടിച്ചെടുക്കാന്‍ സാധ്യതയുള്ള ഒരാള്‍. കഴിഞ്ഞ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് (2023-25) സീസണില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹം രണ്ടാമതെത്തിയിരുന്നു.
19 ടെസ്റ്റുകളിലായി 36 ഇന്നിങ്‌സുകളിലാണ് ജയ്‌സ്വാള്‍ കളിച്ചത്. ഇവയില്‍ നിന്നും 52.88 ശരാശരിയില്‍ 1798 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. നാലു സെഞ്ച്വറികളും 10 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമുള്‍പ്പെടെയാണിത്. പുതിയ ഡബ്ല്യുടിസി (2025-27) സീസണിലെ ആദ്യ പരമ്പരയിലും തന്റെ റണ്‍വേട്ട തുടരാന്‍ തന്നെയായിരിക്കും ജയ്‌സ്വാളിന്റെ ശ്രമം.
ഏറ്റവും അവസാനമായി ഇന്ത്യന്‍ ടീം കളിച്ചത് ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ്. ഐപിഎല്ലിനു മുമ്പ് നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ ജയ്‌സ്വാളായിരുന്നു. 10 ഇന്നിങ്‌സുകളില്‍ നിന്നും 43.44 ശരാശരിയില്‍ 391 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇനി ഇംഗ്ലണ്ടിലും തന്റെ റണ്‍വേട്ട തുടരാന്‍ തന്നെയായിരിക്കും ജയ്‌സ്വാളിന്റെ ശ്രമം.
കെഎല്‍ രാഹുല്‍
സ്റ്റാര്‍ ബാറ്ററും ഇന്ത്യന്‍ ടീമിന്റെ മറ്റൊരു ഓപ്പണറുമായ കെഎല്‍ രാഹുലാണ് ഇത്തവണ ഇംഗ്ലണ്ടില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. രോഹിത് ശര്‍മയുടെ വിരമിക്കലോടെ ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനം അദ്ദേഹം ഭദ്രമാക്കി കഴിഞ്ഞു. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ യശസ്വി ജയ്‌സ്വാളുമാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്. പുതിയ ഈ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു.
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയേഴ്‌സിന്റെ അഭാവത്തില്‍ ടീമിലെ ഏറ്റവും അനുഭവസമ്പത്തിള്ള ബാറ്ററാണ് രാഹുല്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ ടീമിന്റെ പ്രതീക്ഷകള്‍ വാനോളമാണ്. ഓസീസുമായുള്ള കഴിഞ്ഞ പരമ്പരയില്‍ അഞ്ചു ടെസ്റ്റുകളില്‍ നിന്നും 276 റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തിരുന്നു.

റിഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ് ഇംഗ്ലണ്ടില്‍ ഇന്ത്യക്കു വേണ്ടി റണ്‍വേട്ട നടത്താനിടയുള്ള മൂന്നാമത്തെ താരം. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും അവസാന കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ അദ്ദേഹം ഫോം വീണ്ടെടുത്തത് ഇംഗ്ലണ്ടില്‍ ടീമിനും ഗുണം ചെയ്യും.
വിദേശ പിച്ചുകളില്‍ ടെസ്റ്റില്‍ റിഷഭ് എല്ലായ്‌പ്പോഴും പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. ഇത്തവണയും അദ്ദേഹത്തില്‍ നിന്നും ചില മാജിക്കല്‍ ഇന്നിങ്‌സുകള്‍ തീര്‍ച്ചയായും ടീമിനു പ്രതീക്ഷിക്കാം.