ധര്‍മശാല: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ റണ്‍മെഷീനായി മാറിയ യുവ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍ ചരിത്രനേട്ടത്തിനു തൊട്ടിരികെയാണ്. മാര്‍ച്ച് ഏഴിനു ധര്‍മശാലയില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ബാറ്ററെന്ന നിലയില്‍ അപൂര്‍വ്വനേട്ടമാണ് ജയ്‌സ്വാളിനെ കാത്തിരിക്കുന്നത്. അദ്ദേഹത്തിനു അതിനു സാധിക്കുകയാണെങ്കില്‍ അതു ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററെ സംബന്ധിച്ച് അവിശ്വസനീയ നേട്ടം തന്നെയായിരിക്കും.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ ഓപ്പണറെന്ന ഓള്‍ടൈം റെക്കോര്‍ഡിന് കൈയെത്തുംദൂരത്താണ് ജയ്‌സ്വാള്‍. നിലവില്‍ ഈ റെക്കോര്‍ഡ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനു അവകാശപ്പെട്ടതാണ്. ആദ്യ രണ്ടു സ്ഥാനങ്ങളിലും അദ്ദേഹം തന്നെയാണുള്ളത്. 774ഉം 732 ഉം റണ്‍സ് നേടിയാണ് ഗവാസ്‌കര്‍ ഈ റെക്കോര്‍ഡ് ഭദ്രമാക്കി വച്ചിട്ടുള്ളത്.

1970-71ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയിലാണ് 774 റണ്‍സ് വാരിക്കൂട്ടിയ ഗവാസ്‌കര്‍ ചരിത്രം കുറിച്ചത്. അതിനു ശേഷം 1978-79ല്‍ വീണ്ടും വിന്‍ഡീസിനെതിരേ അദ്ദേഹം റണ്‍മഴ പെയ്യിക്കുകയായിരുന്നു. അന്നു 732 റണ്‍സായിരുന്നു ഗവാസ്‌കറുടെ സമ്പാദ്യം. അതിനു ശേഷം മറ്റൊരു ഇന്ത്യന്‍ ഓപ്പണര്‍ക്കും ഈ നേട്ടത്തിനു അരികില്‍പ്പോലും എത്താനായിട്ടില്ല. ഇപ്പോഴിതാ ആ ചരിത്രം തിരുത്തുന്നതിനു കൈയെത്തുംദൂരത്ത് എത്തിനില്‍ക്കുകയാണ് 22 കാരമായ ജയ്‌സ്വാള്‍.
ഗവാസ്‌കറെ ഓവര്‍ടേക്ക് ചെയ്യാന്‍ ഇംഗ്ലണ്ടുമായുള്ള അവസാനത്തെ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ജയ്‌സാളിനു വേണ്ടത് 120 ണ്‍സാണ്. നിലവിലെ ഫോമില്‍ ഈ നാഴികക്കല്ല് മറികടക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് അസാധ്യവുമല്ല. വെറും എട്ടു ടെസ്റ്റുകളുടെ മാത്രം ആയുസ്സുള്ള ജയ്‌സ്വാളാണ് ഇപ്പോള്‍ ഗവാസ്‌കറുടെ സിംഹാസനം തട്ടാനൊരുങ്ങുന്നത്. ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ നാലു ടെസ്റ്റുകളില്‍ നിന്നും 93.57 ശരാശരിയില്‍ താരം അടിച്ചെടുത്തത് 655 റണ്‍സാണ്. രണ്ടു വീതം ഡബിള്‍ സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 80 റണ്‍സുമായാണ് ജയ്‌സ്വാള്‍ പരമ്പരയില്‍ തുടങ്ങിയത്. 74 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ 35 ബോളില്‍ 15 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. ഈ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജയ്‌സ്വാളിന്റെ കന്നി ഡബിള്‍ സെഞ്ച്വറി പിറന്നു. 290 ബോളില്‍ 19 ഫോറും ഏഴു സിക്‌സറുമക്കം 209 റണ്‍സ് അദ്ദേഹം നേടി. രണ്ടാമിന്നിങ്‌സില്‍ പക്ഷെ താരത്തിനു റണ്‍വേട്ട തുടരാനായില്ല. 27 ബോളില്‍ 17 റണ്‍സെടുത്ത് ജയ്‌സ്വാള്‍ മടങ്ങുകയായിരുന്നു.
രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ഇടംകൈയന്‍ ബാറ്റര്‍ പെട്ടെന്നു മടങ്ങി. 10 ബോളില്‍ നേടാനായത് 10 റണ്‍സ് മാത്രം. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ പരമ്പരയിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയോടെ ജയ്‌സ്വാള്‍ ഇതിന്റെയെല്ലാം ക്ഷീണം തീര്‍ക്കുകയായിരുന്നു.
236 ബോളില്‍ താരം വാരിക്കൂട്ടിയത് 214 റണ്‍സാണ്. 14 ഫോറും 12 സിക്‌സറും ഇതിലുള്‍പ്പെടും. ഒരിന്നിങ്സില്‍ കൂടുതല്‍ സിക്‌സറുകളെന്ന മുന്‍ പാക് ഇതിഹാസം വസീം അക്രമിന്റെ ലോക റെക്കോര്‍ഡിനൊപ്പവും ജയ്‌സ്വാള്‍ എത്തിയിരുന്നു.
റാഞ്ചിയിലെ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ താരം ഫിഫ്റ്റി കണ്ടെത്തി. 117 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കം 73 റണ്‍സെടുത്ത് ജയ്‌സ്വാള്‍ മടങ്ങുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 44 ബോളില്‍ 37 റണ്‍സും നേടി താരം ക്രീസ് വിട്ടു.