വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വീണപ്പോള്‍ ഒരുവശത്ത് ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയായിരുന്നു. സിക്‌സറിലൂടെയാണ് ജയ്‌സ്വാള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതെന്നതാണ് എടുത്തു പറയേണ്ടത്. തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ ജയ്‌സ്വാള്‍ പല വമ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.
22കാരനായ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്. വെറും 26 ഇന്നിങ്‌സില്‍ നിന്നാണ് താരത്തിന്റെ നേട്ടം. ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടാന്‍ ജയ്‌സ്വാളിനായി എന്നതാണ് എടുത്തു പറയേണ്ടത്. 22 വയസിനുള്ളില്‍ ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡിലേക്കാണ് ജയ്‌സ്വാള്‍ എത്തിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറും രവി ശാസ്ത്രിയും മാത്രം നേടിയ റെക്കോഡിലേക്കാണ് ജയ്‌സ്വാളും പേരു ചേര്‍ത്തിരിക്കുന്നത്.
ഇന്ത്യയുടെ നട്ടെല്ലായി മാറുന്ന പ്രകടനം നടത്തിയതോടെ വലിയ പ്രശംസയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജയ്‌സ്വാളിന് ലഭിക്കുന്നത്. ഇന്ത്യയുടെ അടുത്ത വീരേന്ദര്‍ സെവാഗാണെന്നും മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവിയുണ്ടെന്നുമാണ് ആരാധകര്‍ വിലയിരുത്തുന്നത്. മോശം പന്തുകളെ ആക്രമിച്ച് കളിക്കാന്‍ ജയ്‌സ്വാള്‍ മടികാട്ടുന്നില്ല. ഇന്ത്യയുടെ അഭിമാന പ്രശ്‌നമായ മത്സരത്തില്‍ സെഞ്ച്വറി പ്രകടനം നടത്തിയ ജയ്‌സ്വാള്‍ ഇന്ത്യയുടെ അഭിമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.
സിക്‌സറിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ജയ്‌സ്വാളിനായി. 94 റണ്‍സില്‍ നില്‍ക്കവെയാണ് ജയ്‌സ്വാള്‍ സിക്‌സര്‍ പറത്തുന്നത്. ഇതോടെ ടെസ്റ്റില്‍ സിക്‌സറിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ പേരുചേര്‍ക്കാനും ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. കൂടുതല്‍ തവണ ഈ നേട്ടത്തിലേക്കെത്തിയത് സച്ചിനാണ്. ഇതിഹാസ താരം ആറ് തവണ ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ മൂന്ന് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കെ എല്‍ രാഹുലും റിഷഭ് പന്തും ഗൗതം ഗംഭീറും രണ്ട് തവണ സിക്‌സറിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, കപില്‍ ദേവ്, വീരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പഠാന്‍, എംഎസ് ധോണി, കപില്‍ ദേവ്, ആര്‍ അശ്വിന്‍, ചേതേശ്വര്‍ പുജാര എന്നിവരെല്ലാം ഓരോ തവണ വീതമാണ് ഈ നേട്ടത്തിലേക്കെത്തിയത്.
പ്രതിരോധിച്ച് തുടങ്ങി നിലയുറപ്പിച്ച ശേഷമാണ് ജയ്‌സ്വാള്‍ കടന്നാക്രമിക്കാന്‍ തുടങ്ങിയത്. സ്പിന്നര്‍മാരുടെ മോശം പന്തുകളെ തല്ലിപ്പറത്തിയ ജയ്‌സ്വാള്‍ 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സെഞ്ച്വറി നേടിയത്.
2022ന് ശേഷം ഇന്ത്യക്കായി നാട്ടില്‍ രണ്ട് ടെസ്റ്റ് സെഞ്ച്വറി നേടിയത് രോഹിത് ശര്‍മ മാത്രമാണ്. മായങ്ക് അഗര്‍വാള്‍, ആര്‍ അശ്വിന്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വിരാട് കോലി, റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഓരോ സിക്‌സുകള്‍ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ഈ പട്ടികയിലേക്ക് ജയ്‌സ്വാളും പേരുചേര്‍ത്തിരിക്കുകയാണ്. രോഹിത് ശര്‍മ 14 റണ്‍സിലും ശുബ്മാന്‍ ഗില്‍ 34 റണ്‍സിലും ശ്രേയസ് അയ്യര്‍ 27 റണ്‍സിലും പുറത്തായപ്പോഴും ജയ്‌സ്വാള്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.
ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമായി മാറാനും ജയ്‌സ്വാളിനായി എന്നതാണ് എടുത്തു പറയേണ്ടത്. 64 ആണ് ജയ്‌സ്വാളിന്റെ ജേഴ്‌സി നമ്പര്‍. ഫോറും സിക്‌സും പറത്തിയാണ് അവന്‍ സെഞ്ച്വറി നേടിയതെന്നതാണ് എടുത്തു പറയേണ്ടത്. ദിനേഷ് കാര്‍ത്തികടക്കം ഇത് ചൂണ്ടിക്കാട്ടിയാണ് ജയ്‌സ്വാളിനെ പ്രശംസിച്ചത്.
ജയ്‌സ്വാളിന്റെ സെഞ്ച്വറിക്ക് പിന്നാലെ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡുമെല്ലാം എഴുന്നേറ്റുനിന്നാണ് കൈയടിച്ചത്. ഇതില്‍ നിന്ന് തന്നെ താരത്തിന്റെ സെഞ്ച്വറി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വ്യക്തം. ജയ്‌സ്വാള്‍ ഇതേ മികവ് തുടരേണ്ടത് മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും.